റാഞ്ചി: ലാലു പ്രസാദ് യാദവിനെ ഓപ്പൺ ജയിലിലേക്കു അയക്കാൻ തീരുമാനിച്ച് സിബിഐ കോടതി ജഡ്ജി ശിവ്പാൽ സിങ്ങ്. ജയിലിൽ തന്റെ പാർട്ടി അനുഭാവികളെ കാണാനുള്ള സൗകര്യം ലഭിക്കുന്നില്ല എന്ന് ലാലു പ്രസാദ് അറിയിച്ചതിനെത്തുടർന്നാണ് സിങ്ങ് അങ്ങനെയൊരു അഭിപ്രായം ഉന്നയിച്ചത്. ജയിൽ നിയമങ്ങളെ തെറ്റിച്ച് അത്തരം സന്ദർശനങ്ങൾ നടത്താനകില്ലെന്നും അതിനാലാൽ ഓപ്പൺ ജയിലിലേക്കു മാറ്റാമെന്നുമാണ് ജഡ്ജി പറഞ്ഞത്. തുടർന്ന ജയിലിൽ തന്നെ സാധാരണക്കാരനെ പോലെയാണു കണക്കാക്കുന്നതെന്നും ലാലു കോടതിയെ അറിയിച്ചു. എന്നാൽ നിയമം എല്ലാവർക്കും ഒരുപോലെ ആണെന്നായിരുന്നു കോടതിയുടെ മറുപടി. തന്റെ ശിക്ഷ 2.5 വർഷമായി കുറയ്ക്കണമെന്നും ലാലുപ്രസാദ് കോടതിയെ അറിയിച്ചു. എന്നാൽ അത്തരത്തിൽ നടപടികൾ എടുക്കാൻ സാധിക്കില്ലെന്നു കോടതി പറഞ്ഞു.

മൃഗ സംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് 900 കോടിയോളം രൂപ തട്ടിയ കേസിൽ അഞ്ചു വർഷം തടവിനു ശിക്ഷിച്ച പ്രതിയാണ് ലാലു പ്രസാദ് യാദവ്. ദിയോഗർ ട്രഷറിയിൽ നിന്നും പണം വെട്ടിച്ച കേസിലാണ് ലാലു അടക്കം 20 പേരെ കോടതി ശിക്ഷിച്ചത്. പിന്നീട് 5 വർഷത്തിൽ നിന്നും 3.5 വർഷത്തേയ്ക്കു ശിക്ഷ കുറച്ചിരുന്നു.

അതേ സമയം യാദവിനെ പരിചരിക്കാൻ ജയിലിൽ കടന്നുകൂടിയ രണ്ടു സഹായികൾക്കും ജാമ്യം അനുവദിച്ചു. ലക്ഷ്മൺ മാഹാതോ, മദൻ യാദവ് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവർക്കെതിരായ കേസ് വ്യാജമാണെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവർക്കും എതിരെ പരാതി നൽകിയ സുമിത് യാദവ്, മദൻ യാദവിന്റെ ബന്ധുവാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.