- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിത്തീറ്റ കുംഭകോണ കേസ്: ലാലു പ്രസാദ് യാദവിന് അഞ്ചുവർഷം തടവ്; 60 ലക്ഷം രൂപ പിഴയും; റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത് കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിൽ; ഡൊറാൻഡ ട്രഷറിയിൽ നിന്ന് 139.5 കോടി അനധികൃതമായി പിൻവലിച്ചെന്ന് കേസ്
പാറ്റ്‌ന: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിൽ, ലാലു പ്രസാദാ യാദവിന് അഞ്ചുവർഷം തടവ്. അറുപത് ലക്ഷം രൂപ പിഴയും രാഷ്ട്രീയ ജനതാദൾ നേതാവിന് വിധിച്ചു. കേസിൽ കുറ്റക്കാരനെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി കഴിഞ്ഞ ആഴ്ച വിധിച്ചിരുന്നു. ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ ഡൊറാൻഡ ട്രഷറിയിൽ നിന്ന് 139.5 കോടി അനധികൃതമായി പിൻവലിച്ചെന്നാണ് കേസ്.
വീഡിയോ കോൺഫറൻസിലൂടെ ലാലു വിധി കേൾക്കാൻ എത്തിയിരുന്നു. ഫെബ്രുവരി 15 നാണ് കേസിൽ ലാലു കുറ്റക്കാരനെന്ന് വിധിച്ചത്. 73 കാരനായ നേതാവിനെ റാഞ്ചിയിലെ ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാറ്റ്‌നയിലെ സിബിഐ കോടതിയിൽ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി വിധി പറയാനുണ്ട്. ഭഗൽപൂർ ട്രഷറിയിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ചെന്നാണ് കേസ്.
അഞ്ചാമത്തെ കേസിൽ തെളിവുകളുടെ അഭാവത്തിൽ കേസിൽ പ്രതികളായ 6 സ്ത്രീകൾ ഉൾപ്പെടെ 24 പേരെ കോടതി വെറുതെ വിട്ടിരുന്നു.
ആദ്യത്തെ നാലു കേസുകളിൽ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിനു ജാമ്യം ലഭിച്ചിരുന്നു. 2017 ഡിസംബർ മുതൽ മൂന്നര വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച ശേഷമാണു ലാലുവിനു ജാമ്യം അനുവദിച്ചത്.
കാലിത്തീറ്റ കുംഭകോണ കേസ്
ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവിൽ സർക്കാർ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരിൽ അറിയപ്പെടുന്നത്. സർക്കാർ ട്രഷറികളിൽ നിന്ന് പൊതുപണം അന്യായമായി പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് കേസുള്ളത്. 1990കളിലാണ് കുംഭകോണം നടന്നതെന്നാണ് ആരോപിക്കപ്പെടുന്നത്. കുംഭകോണവുമായി ബന്ധപ്പെട്ട് നാല് കേസുകളിൽ നേരത്തെ തന്നെ ലാലു ശിക്ഷ ഏറ്റുവാങ്ങിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ ഡൊറൻഡ ട്രഷറിയിൽനിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയിൽ പിൻവലിച്ച അഞ്ചാമത്തെ കേസിലാണ് ഇപ്പോൾ കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
1996ൽ ഒരു മൃഗാരോഗ്യ കേന്ദ്രത്തിൽ നടന്ന റെയ്ഡിലാണ് കുംഭകോണം പുറത്തുവന്നത്. ആകെ 950 കോടിയുടെ തട്ടിപ്പാണ് നടന്നത്. ആദ്യ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്ന ലാലു ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിലവിൽ ജാമ്യത്തിലാണുള്ളത്.