പട്‌ന: ബിഹാറിൽ സഖ്യകക്ഷിയായ കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള കഴിവിൽ സംശയം പ്രകടിപ്പിച്ച് മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. കോൺഗ്രസ് മത്സരിച്ചാൽ തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റ് എന്തിന് അവർക്ക് കൊടുക്കണമെന്ന് ലാലു പ്രസാദ് യാദവ് ചോദിച്ചു. ബിഹാർ തലസ്ഥാനമായ പാട്‌നയിലേക്ക് മടങ്ങുന്നതിനു മുമ്പായി ന്യൂഡൽഹിയിൽ വച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ലാലു പ്രസാദ് യാദവ്.

ബിഹാർ കോൺഗ്രസിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ഭക്ത ചരൺ ദാസിനെ വിവേകശൂന്യനായ വ്യക്തിയെന്ന് വിളിച്ച ലാലു കോൺഗ്രസ് മത്സരിച്ചാൽ ചിലപ്പോൾ കെട്ടിവച്ച കാശ് പോലും തിരിച്ചു ലഭിക്കില്ലെന്ന് പറഞ്ഞു. ബിഹാറിലെ കുശേശ്വറിലും താരാപൂരിലും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ സൂചിപ്പിച്ചാണ് ലാലു പ്രസാദ് യാദവിന്റെ പരാമർശങ്ങൾ.

2020ൽ നടന്ന ബിഹാർ തിരഞ്ഞെടുപ്പിൽ കുശേശ്വരിൽ നിന്ന് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു. ഇതിനെതുടർന്ന് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സീറ്റ് വിട്ടുനൽകാൻ ലാലുവിന്റെ പാർട്ടിയായ ആർ ജെ ഡി തയ്യാറായില്ല. ഒക്ടോബർ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസും ആർ ജെ ഡിയും ജെ ഡി യുവിനെതിരെ മത്സരിക്കുന്നുണ്ട്.

ആർ ജെ ഡിയും ബിജെപിയും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും ഇതിനാൽ ബിഹാറിലെ 40 മണ്ഡലങ്ങളിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി ഭക്ത ചരൺ ദാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.