കൊച്ചി: പപ്പാ... പപ്പാ... എന്ന് വിളിച്ചു കൊണ്ട് വീരമൃത്യു വരിച്ച ലാൻസ് നായിക് ആന്റണി സെബാസ്റ്റ്യന്റെ ഭൗതീക ശരീരത്തിനോട് ചേർന്ന് നിന്ന് കരയുന്ന 7 വയസ്സുകാരനായ മകന്റെ മുഖം പൊതുദർശനത്തിനെത്തുന്ന ആർക്കും മറക്കാനാവില്ല. രാവിലെ പത്ത് മണിക്ക് യേശുഭവനത്തിൽ ഭൗതീക ശരീരം എത്തിച്ചെങ്കിലും പെട്ടിയിൽ നിന്ന് പുറത്തെടുത്തിരുന്നില്ല. തുടർന്ന് സഹോദരിയുടെ വീട്ടിൽ വെച്ച് ഭൗതീക ശരീരം പെട്ടിയിൽ നിന്ന് മൊബൈൽ ഫ്രീസറിലേക്ക് മാറ്റിയപ്പോൾ മാത്രമാണ് ഏയ്ഡൺ മൈക്കിൾ എന്ന ഏഴ് വയസ്സുകാരൻ തന്റെ പപ്പയാണ് അതെന്ന് മനസ്സിലാക്കുന്നത്.

ഇതോടെയാണ് മറ്റെല്ലാവരും പൊട്ടിക്കരഞ്ഞപ്പോളും ശാന്തനായിരുന്ന ഏയ്ഡൻ ആദ്യമായി കരയുന്നത്. കഴിഞ്ഞ മാസം വീട്ടിലെത്തിയ ഭർത്താവിന്റെ ജീവനറ്റ ശരീരമാണ് തന്റെ മുന്നിലുള്ളതെന്ന് ഇനിയും വിശ്വസിക്കാനാവാതെ കരയുകയായിരുന്നു ഭാര്യ അന്ന ഡയാന. കരഞ്ഞ് തളർന്ന ശരീരവുമായി അമ്മയും മറ്റ് ബന്ധുക്കളും. നൂറു കണക്കിന് നാട്ടുകാരും രാഷ്ട്രീയ- സാമൂഹിക-സംസ്‌ക്കാരിക രംഗത്തെ പ്രമുഖരുരാണ് ഓരോ നിമിഷവും പൊതുദർശന പന്തലിലേക്ക് അന്ത്യാജ്ഞലി അർപ്പിക്കാനായി എത്തുന്നത്.

വെടിയുണ്ടകളുടെ മണം പേറുന്ന മഞ്ഞുമലനിരകളിൽ രാജ്യത്തെ സേവിക്കുമ്പോഴും സ്വരുകൂട്ടിയ സ്വപ്നങ്ങളുമായുള്ള മടക്കയാത്ര ലാൻസ് നായിക് ആന്റണി സെബാസ്റ്റ്യനിലുണ്ടായിരുന്നു. ജനിച്ച മണ്ണിൽ അമ്മയോടൊപ്പം കഴിയണം, ഒപ്പം എന്തെങ്കിലും ബിസിനസ് ചെയ്ത് ജീവിക്കണം. പക്ഷേ, പതിനാറ് വർഷത്തെ സേവനമവസാനിപ്പിച്ച് വീട്ടിലെത്തിയത് വിറങ്ങലിച്ച ശരീരമാണെന്നത് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി അവശേഷിക്കുന്നു. പ്രകോപനപരമല്ലാതെ പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവെപ്പിലാണ് എറണാകുളം ഉദയംപേരൂർ സ്വദേശി ലാൻസ് നായിക് ആന്റണി സെബാസ്റ്റ്യൻ തിങ്കളാഴ്ച വൈകിട്ട് വീരമൃത്യു വരിക്കുന്നത്.

രാവിലെ എട്ടുമണിയോടെ കൊച്ചി അന്താരാഷ്ട്ര എയർപോർട്ടിൽ എത്തിച്ച ഭൗതിക ശരീരം ജില്ലാ കളക്ടർ ഏറ്റുവാങ്ങി. തുടർന്ന് 9.45 ഓടെയാണ് അമ്പുലൻസിൽ കണ്ട നാട് കവലയിലെ യേശുഭവനത്തിൽ എത്തിക്കുന്നത്. പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം 10.20 ഓടെ 200 മീറ്റർ അകലെയുള്ള സഹോദരി ഭവനത്തിൽ എത്തിച്ചാണ് ഭൗതിക ശരീരം മിൽറ്ററിയുടെ പെട്ടിയിൽ നിന്ന് ഫ്രീസറ്റിലേക്ക് മാറ്റുന്നത്. മൂന്ന് മണി വരെ സഹോദരിയുടെ വീടിന് മുന്നിൽ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക പന്തലിൽ പൊതുദർശനത്തിന് വെക്കുന്ന ഭൗതീക ശരീരത്തിന് ഇന്ത്യൻ നേവി ഗാർഡ് ഓഫ് ഓണർ നൽകും. തുടർന്ന് വൈകിട്ട് 5:30ന് ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട മുരിയാട് എംമ്പറർ ഇമ്മാനുവേൽ ചർച്ചിൽ മൃതദേഹം സംസ്‌കരിക്കും.

2002 ഒക്ടോബറിലാണ് ആന്റണി സൈന്യത്തിൽ ചേർന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ നാട്ടിലെത്തി മടങ്ങിയതേയുള്ളൂ . അടുത്തവർഷം മാർച്ചിൽ സൈന്യത്തിൽനിന്ന് വിരമിച്ച് നാട്ടിൽ തിരികെ വരാനിരിക്കുകയായിരുന്നു ആന്റണി. തിങ്കളാഴ്ച രാവിലെ കൂടെ സന്തോഷവാനായി തന്നോട് ആന്റണി സംസാരിച്ചിരുന്നതാണ്. ആന്റണിയുടെ ഭാര്യ അന്ന ഡയാനാ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് ആന്റണിക്ക് പരിക്കേറ്റ വിവരം ആദ്യമെത്തിയത്. എന്നാൽ കുടുംബത്തിൽ ഭാര്യയും കുട്ടിയും മാത്രമുള്ളതിനാൽ ആണുങ്ങളോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

നാളിതുവരെയും കാശ്മീരിൽ സർവീസ് ചെയ്തിട്ട് ഒരു പ്രശ്‌നവും സംഭവിച്ചിട്ടില്ല, എന്നാൽ സർവീസ് അവസാനിപ്പിച്ച് തിരികെ നാട്ടിൽ വരാനിരിക്കുന്ന ഈ സമയത്ത് ഇത് സംഭവിച്ചത് ഏറെ വേദനയുണ്ടാക്കുന്നു. ആന്റണിയുടെ സഹോദരി നിവ്യ തേങ്ങലോടെ പറയുന്നു. പ്രാർത്ഥനാ ഗ്രൂപ്പിലെ ചിലരാണ് ആദ്യം മരണവാർത്ത ഇവരെ അറിയിച്ചത്. തുടർന്ന് വീട്ടുകാരെ എങ്ങനെ വിവരം അറിയിക്കും എന്ന് ആശങ്കയുള്ളതിനാൽ വിവരം അറിഞ്ഞവരാരും വീട്ടിലേക്ക് കയറാൻ പോലും തിങ്കളാഴ്ച ധൈര്യപ്പെട്ടിരുന്നില്ല.