തൃപ്പുണിത്തുറ: രാജ്യത്തിനായി സ്വജീവൻ ബലിയർപ്പിക്കുന്ന ധീരജവാന്മാരെ കണ്ണീരോടെയല്ലാതെ ഓർക്കാൻ കഴിയില്ല. വീരമൃത്യു ഒരിക്കലും പാഴാവില്ല. ആന്റണി സെബാസ്റ്റ്യൻ രാജ്യത്തിന്റെ വീരപുത്രൻ, ലാൻസ് നായിക്കായ ഉദയംപേരൂർ സ്വേദശിയെ സൈന്യം കഴിഞ്ഞ ദിവസം വിശേ്ഷിപ്പിച്ചത് ഇങ്ങനെയാണ്. സംഘർഷ മേഖലയായ ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് സൈനികരുടെ വെടിയേറ്റാണ് മലയാളി സൈനികൻ വീരമൃത്യു വരിച്ചത്. വീട്ടുകാർക്കും നാട്ടുകാർക്കും വിശ്വസിക്കാനാവാത്ത വാർത്തയാണ് എറണാകുളം ഉദയം പേരൂർ മനക്കുന്നം സ്വദേശി ആന്റണി സെബാസ്റ്റ്യന്റെ വീരമൃത്യു.

കഴിഞ്ഞ വർഷം സേവനം 17 വർഷം പൂർത്തിയാക്കിയപ്പോൾ 34 കാരനായ ആന്റണി മടങ്ങാനിരുന്നതാണ്. എന്നാൽ സാധിച്ചില്ല. കഴിഞഞ മാസം രണ്ടിന് അവസാനമായി നാട്ടിൽ വന്നുപോകുമ്പോഴും ആന്റണി പറഞ്ഞത് ഇതാണെന്ന് അമ്മ ഷീല പറഞ്ഞു. സേവനം മതിയാക്കി മാർച്ചിൽ നാട്ടിലേക്ക് വരും. 'സേവനം 15 വർഷം പൂർത്തിയായ 2017ൽ അവൻ നാട്ടിലേക്കു മടങ്ങാനിരുന്നതാണ്. എന്നാൽ അതു സാധ്യമായില്ല. അതു നടന്നിരുന്നുവെങ്കിൽ ഇന്ന് ഈ വീട്ടിൽ ജീവനോടെ അവനുണ്ടാകുമായിരുന്നു സഹോദരന്റെ ആകസ്മികദുരന്തമറിഞ്ഞ് വീട്ടിലെത്തിയ ചേച്ചി നിവ്യയും പറഞ്ഞു.

ധീര ജവാൻ ആന്റണി സെബാസ്റ്റ്യൻ വീരമൃത്യു വരിച്ചു... എന്ന വാർത്തയായിരുന്നു ആ സന്ദേശത്തിന് പിന്നാലെ ഉദയംപേരൂരിലെ ജനങ്ങളെ തേടി എത്തിയത്. വീട്ടുകാരെ എങ്ങനെ വിവരം അറിയിക്കുമെന്ന ആശങ്കയോടെ അറിഞ്ഞവരാരും വീട്ടിലേക്ക് കയറാൻ ധൈര്യപ്പെട്ടില്ല. പ്രാർത്ഥനാഗ്രൂപ്പിലെ ചിലരാണ് ആദ്യം വീട്ടിലെത്തി കാര്യം ധരിപ്പിച്ച് ആശ്വസിപ്പിച്ചത്. ഇതുൾക്കൊള്ളാനാവാതെ ഭാര്യ ഡയാന പൊട്ടിക്കരയുന്നുണ്ടായിരുന്നു. ഏഴുവയസുകാരനായ മകൻ അയ്ഡൻ അമ്മയോടു ചേർന്നു നിൽക്കുന്നുമുണ്ടായിരുന്നു.

കൃഷ്ണ ഖാട്ടി സെക്ടറിൽ പാക്ക് സൈന്യം കഴിഞ്ഞ ദിവസം പുലർച്ചെ 5.15 ഓടെ നടത്തിയ വെടിവയ്പിലാണ് സൈന്യത്തിൽ ലാൻസ് നായിക്കായി സേവനമനുഷ്ഠിച്ചു വന്ന ആന്റണി സെബാസ്റ്റ്യൻ വീരമൃത്യു വരിച്ചത്. പാക് സൈന്യത്തിന്റെ വെടിവെയ്‌പ്പിനെ ധീരമായി ചെറുത്തു നിന്ന ശേഷമാണ് അദ്ദേഹം മരണം വരിച്ചത്. അപ്രതീക്ഷിതമായാണ് പാക് സൈന്യം അതിർത്തിയിലേക്ക് വെടിയുതിർത്തത്. ആന്റണി സെബാസ്റ്റ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്.

പതിനെട്ടാം വയസ്സിലാണ് ആന്റണി സൈന്യത്തിൽ ചേർന്നത്. ഇത് മൂന്നാം തവണയാണ് കാശ്മീരിൽ ഡ്യൂട്ടി നോക്കുന്നത്. ഹോട്ടൽ മാനേജ്‌മെന്റിന്റെ ട്രെയിനിങ് എറണാകുളത്ത് വളഞ്ഞമ്പലത്ത് ഒരു ഹോട്ടലിൽ നടക്കുന്ന സമയത്താണ് ആന്റണി സെബാസ്റ്റ്യന് സൈന്യത്തിൽ ജോലികിട്ടുന്നത് അഞ്ചു വർഷത്തോളമാണ് കശ്മീരിൽ ജോലി നോക്കിയത്.