പ്രണയത്തിന് കണ്ണും കാതും മൂക്കുമില്ലെന്നാണ് ചൊല്ല്. എന്നാൽ, പ്രണയത്തിൽ മതം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തെളിയിച്ചത് ഇവിടുത്തെ സംഘപരിവാർ സംഘടനകളാണ്. മുസ്ലിം യുവാക്കൾ ഹിന്ദു യുവതികളെ പ്രണയിച്ച് മതപരിവർത്തനം നടത്തുന്നതായി ആരോപിച്ച് സംഘപരിവാർ, അതിനെ ലൗ ജിഹാദെന്ന് പേരിട്ട് വിളിക്കുകയും ചെയ്തു. കേരളത്തിലടക്കം ലൗ ജിഹാദ് വ്യാപകമാണെന്ന ആരോപണം ഒരു പരിധിവരെ പ്രചരിപ്പിക്കാനും അവർക്കായി.

ഇപ്പോൾ, പുതിയൊരു വാദവുമായി രംഗത്തെത്തിയിരിക്കുയകാണ് മീററ്റിലെ സംഘപരിവാറുകാർ. ഭൂമിയെച്ചൊല്ലിയാണ് ഇപ്പോൾ വിവാദം. മുസ്ലീങ്ങൾ ഭൂമി വാങ്ങുന്നതിന് പിന്നിൽ ലാൻഡ് ജിഹാദാണെന്നാണ് ആരോപണം. ഹിന്ദുക്കളുടെ കൈയിൽനിന്ന് ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാരോപിച്ച് അതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മീററ്റിലെ ഒരുസംഘം ബിജെപിക്കാർ. സോഫ്റ്റ്‌വേർ എൻജിനീയറായ ഉസ്മാൻ അഹമ്മദിന്റെ കുടുംബം സഞ്ജയ് റസ്‌തോഗിയെന്നയാളുടെ പക്കൽനിന്ന് വാങ്ങിയ വീട്ടിൽ താമസിക്കാൻ അനുവദിക്കില്ലെന്നാണ് ബിജെപി പ്രവർത്തകരുടെ വാദം.

ഹിന്ദുക്കൾ തുടർച്ചയായി ഭൂമി വിൽക്കുകയാണെന്നും അതെല്ലാം വാങ്ങിക്കൂട്ടുന്നത് മുസ്ലീങ്ങളാണെന്നും ബിജെപിയുടെ യുവജനവിഭാഗമായ ബിജെവൈഎം ജനറൽ സെക്രട്ടറി ദീപക് ശർമ ആരോപിക്കുന്നു. ഓരോ വീടുകളായി സ്വന്തമാക്കി ഒരു മേഖലമുഴുവൻ അവരുടേതാക്കാനാണ് ശ്രമം. അത് അനുവദിച്ചുകൊടുക്കില്ലെന്ന് ദീപക് ശർമ പറയുന്നു. പാരമ്പര്യമായി കിട്ടിയ വീടിന്റെ ഒരു ഭാഗം വിൽക്കാനുള്ള സഞ്ജയ് റസ്‌തോഗിയുടെ ശ്രമം അനുവദിക്കില്ലെന്ന് പറഞ്ഞ് ഇതേ വീട്ടിൽ മറ്റൊരു ഭാഗത്ത് താമസിക്കുന്ന ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.

പൊലീസും ഇക്കാര്യത്തിൽ നിസംഗത പുലർത്തുകയാണ്. കോട്ട്‌വാൽ പൊലീസ് സ്‌റ്റേഷനിൽ സംഭവം സംബന്ധിച്ച് ഒത്തുതീർപ്പിലെത്തിയതായാണ് രേഖകളുള്ളത്. ഇതനുസരിച്ച് ഉസ്മാനും കുടുംബവും സഞ്ജയ് റസ്‌തോഗിക്ക് കൈമാറിയ പണം 2018 ഫെബ്രുവരി 17-നകം തിരിച്ചുകൊടുത്ത് പ്രശ്‌നം രമ്യതയിൽ അവസാനിപ്പിക്കണം. തങ്ങൾ സ്ഥലത്തെത്തിയിരുന്നുവെന്നും രണ്ടുവിഭാഗത്തോടും സംസാരിച്ച് ധാരണയിലെത്തിയെന്നും കോട്‌വാൾ പൊലീസ് പറയുന്നു. പരാതിയൊന്നും ലഭിക്കാത്തതിനാൽ കേസുമെടുത്തിട്ടി്ല്ല.

28.3 ലക്ഷം രൂപയ്ക്കാണ് ഉസ്മാനും കുടുംബവും വീട് വാങ്ങിയത്. എന്നാൽ, രജിസ്‌ട്രേഷനടക്കമുള്ള ചെലവുകളും മറ്റുമായി 33 ലക്ഷം രൂപയോളം ഇതിനകം ചെലവായതായി ഉസ്മാൻ പറയുന്നു. ആ പണം തിരിച്ചുതന്നാൽ വീട് വിട്ടുകൊടുക്കാമെന്നാണ് അവരുടെ പക്ഷം. ഇത് ഗൂഢാലോചനയാണെന്നും സ്ഥലം കൈയേറാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിലെന്നും ബിജെവൈഎം പ്രവർത്തകർ ആരോപിക്കുന്നു. ലാൻഡ് ജിഹാദിന്റെ ഭാഗമാണിതെന്നും അവർ പറയുന്നു.