ന്യൂഡൽഹി: ഭൂമി ഏറ്റെടുക്കൽ ബില്ലിലെ വ്യവസ്ഥകൾ ഒഴിവാക്കുമെന്ന് കേന്ദ്രം. ആറു വ്യവസ്ഥകളിൽ വിട്ടുവീഴ്ചയ്ക്കു മോദി സർക്കാർ തയ്യാറായി.

80 ശതമാനം പേരുടെയെങ്കിലും സമ്മതം വേണമെന്ന വ്യവസ്ഥ തിരികെ കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചു. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പിനെ തുടർന്നാണു ബില്ലിലെ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ കേന്ദ്രം തയ്യാറായത്.

കോൺഗ്രസിന്റെയും ഇതര പ്രതിപക്ഷ പാർട്ടികളുടെയും എതിർപ്പുകൾ വന്നപ്പോഴാണു ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വിവാദമായ മുഴുവൻ വ്യവസ്ഥകളും കേന്ദ്രസർക്കാർ പിൻവലിക്കുന്നത്. 2013ലെ യുപിഎ സർക്കാർ പാസാക്കിയ നിയമം അതേപടി നിലനിർത്താനാണ് സർക്കാരിന്റെ തീരുമാനം.

പുതിയ വ്യവസ്ഥകളടങ്ങിയ ബിൽ കഴിഞ്ഞ മാർച്ചിൽ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭയിൽ പാസാക്കാൻ കഴിയില്ലെന്നതിനാൽ തുടർച്ചയായി ഓർഡിനൻസിറക്കുകയാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ബില്ലിൽ സമവായമുണ്ടാക്കാൻ കേന്ദ്രസർക്കാർ നടത്തിയ എല്ലാ ശ്രമങ്ങളും നേരത്തെ പരാജയപ്പെട്ടിരുന്നു. മുഴുവൻ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ച് സമവായത്തിന് ശ്രമിച്ചെങ്കിലും ബിജെപി ഇതര മുഖ്യമന്ത്രിമാർ ഇതിനോട് വിയോജിച്ചിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രിമാർ യോഗം ബഹിഷ്‌കരിക്കുകയുമുണ്ടായി. സംസ്ഥാനങ്ങൾക്ക് പ്രത്യേകം നിയമം ഉണ്ടാക്കാമെന്നായിരുന്നു ഈ യോഗത്തിന് ശേഷം കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശം.

ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ വ്യവസ്ഥകൾ കമ്പനികൾക്കും കോർപ്പറേറ്റുകൾക്കും അനുകൂലമായി ഭേദഗതി വരുത്തുകയായിരുന്നു നരേന്ദ്ര മോദി സർക്കാർ ചെയ്തത്. വ്യവസായ വളർച്ചയ്ക്കുള്ള അടിസ്ഥാന സൗകര്യവികസനത്തിനായാണ് ഈ മാറ്റമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ അവകാശവാദം. 3000 ലക്ഷം ഡോളർ നിക്ഷേപം ഈ ഭേദഗതിയിലൂടെ ഉണ്ടാകുമെന്നും സർക്കാർ അവകാശപ്പെട്ടിരുന്നു.

ബിജെപി വരുത്തിയ ഭേദഗതി കർഷക വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസും ഇടതുപാർട്ടികളും ബില്ലിനെ എതിർത്തത്. ഭൂമി നഷ്ടപ്പെടുന്ന കർഷകകരിൽ 80 ശതമാനത്തിന്റെയെങ്കിലും പിന്തുണ വേണമെന്ന നിയമത്തിലെ വ്യവസ്ഥയിലാണ് ഏറ്റവും കാതലായ മാറ്റം ബിജെപി സർക്കാർ വരുത്തിയിരുന്നത്. ഭൂമി ഏറ്റെടുക്കലുണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കണമെന്ന വ്യവസ്ഥകൾ പിൻവലിച്ചതും പ്രതിപക്ഷത്തിന്റെ എതിർപ്പിന് ഇടയാക്കിയിരുന്നു.

പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പു മറികടന്നാണ് കഴിഞ്ഞ മാർച്ചിൽ ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതി ബിൽ ലോക്‌സഭയിൽ പാസാക്കിയത്. 2013ൽ യു.പി.എ സർക്കാർ കൊണ്ടുവന്ന ബില്ലിന്മേൽ മാറ്റം കൊണ്ടുവരുന്നതിനെ പിന്തുണയ്ക്കില്ലെന്ന നിലപാടാണ് കോൺഗ്രസ് അന്ന് എടുത്തത്. പൊതുആവശ്യങ്ങൾക്ക് എന്ന പേരിൽ സ്ഥലം ഏറ്റെടുക്കുമ്പോൾ അനുമതി ആവശ്യമില്ലെന്ന പുതിയ വ്യവസ്ഥകളാണ് വ്യാപക എതിർപ്പിനു കാരണമായത്. പഴയ ബില്ലിൽ നിന്ന് സെക്ഷൻ രണ്ട്, മൂന്ന് എ എന്നിവ ഒഴിവാക്കിയത് കർഷകരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, പ്രതിപക്ഷ പ്രതിഷേധത്തെ എല്ലാം അവഗണിച്ച് ഭൂമിയേറ്റെടുക്കൽ ഭേദഗതി ബിൽ വോട്ടിനിട്ട് പാസാക്കുകയായിരുന്നു. സർക്കാർ കൊണ്ടുവന്ന 11 ഭേദഗതികളോടെയാണ് ബിൽ പാസാക്കിയത്. 2013ൽ യു.പി.എ സർക്കാർ പാസാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ കഴിഞ്ഞ ഡിസംബറിൽ മോദി സർക്കാർ ചില വ്യവസ്ഥകൾക്ക് ഓർഡിനൻസിലൂടെ ഭേദഗതികൾ കൊണ്ടു വന്നു. മാർച്ച് 20ന് ഓർഡിനൻസിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ബിൽ വോട്ടിനിട്ട് പാസാക്കിയത്. എന്നാൽ, രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനു മുന്നിൽ കീഴടങ്ങുകയായിരുന്നു കേന്ദ്രം.