ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടെ ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതി ബില്ലു പാസായി. ലോക്‌സഭയിൽ നടന്ന വോട്ടെടുപ്പിലൂടെയാണ് ബിൽ പാസായത്. ബില്ലിനെ എതിർത്ത് ബിജു ജനതാദൾ (ബിജെഡി), തെലുങ്ക് ദേശം പാർട്ടി എംപിമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

നേരത്തെ ഭൂമിയേറ്റെടുക്കൽ ബില്ലിൽ കേന്ദ്ര സർക്കാർ ഭേദഗതികൾ പ്രഖ്യാപിച്ചിരുന്നു. 11 ഭേദഗതികളാണ് പ്രഖ്യാപിച്ചത്. പുതിയ ഭേദഗതിയനുസരിച്ച് വ്യവസായ ഇടനാഴികൾക്കായി സർക്കാർ മാത്രമേ ഭൂമി ഏറ്റെടുക്കു.

സ്വകാര്യ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ഇളവ് ഒഴിവാക്കിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കുന്ന കുടുംബത്തിലെ ഒരാൾക്കു ജോലി നൽകും. ഏറ്റെടുത്ത ഭൂമി അഞ്ചു വർഷത്തിനകം ഉപയോഗിച്ചില്ലെങ്കിൽ തിരികെ നല്കും എന്നിവയാണ് പുതിയ ഭേദഗതികൾ.

2013ൽ യു.പി.എ സർക്കാർ കൊണ്ടുവന്ന ബില്ലിന്മേൽ ഒരു മാറ്റവും കൊണ്ടുവരുന്നതിനെ പിന്തുണയ്ക്കില്ലെന്ന നിലപാടാണ് കോൺഗ്രസ് എടുത്തത്. അതേസമയം, ബില്ലിൻന്മേൽ പ്രതിപക്ഷം ഉന്നയിക്കുന്ന മാറ്റങ്ങൾ കർഷകർക്ക് അനുകൂലമാണെങ്കിൽ പരിഗണിക്കാൻ ഒരുക്കമാണെന്ന് ഗ്രാമ വികസന മന്ത്രി ചൗധരി വിരേന്ദർ സിങ് സഭയിൽ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ സുരക്ഷയ്ക്കു വേണ്ടി ബില്ലിനെ എതിർക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പൊതുആവശ്യങ്ങൾക്ക് എന്ന പേരിൽ സ്ഥലം ഏറ്റെടുക്കുമ്പോൾ അനുമതി ആവശ്യമില്ലെന്ന പുതിയ വ്യവസ്ഥകളാണ് വ്യാപക എതിർപ്പിനു കാരണം. പഴയ ബില്ലിൽ നിന്ന് സെക്ഷൻ രണ്ട്, മൂന്ന് എ എന്നിവ ഒഴിവാക്കിയത് കർഷകരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, പ്രതിപക്ഷ പ്രതിഷേധത്തെ എല്ലാം അവഗണിച്ച് ഭൂമിയേറ്റെടുക്കൽ ഭേദഗതി ബിൽ വോട്ടിനിട്ട് പാസാക്കുകയായിരുന്നു. സർക്കാർ കൊണ്ടുവന്ന 11 ഭേദഗതികളോടെയാണ് ബിൽ പാസാക്കിയത്. 2013ൽ യു.പി.എ സർക്കാർ പാസാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ കഴിഞ്ഞ ഡിസംബറിൽ മോദി സർക്കാർ ചില വ്യവസ്ഥകൾക്ക് ഓർഡിനൻസിലൂടെ ഭേദഗതികൾ കൊണ്ടു വന്നു. മാർച്ച് 20ന് ഓർഡിനൻസിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ബിൽ വോട്ടിനിട്ട് പാസാക്കിയത്.

ലോക്‌സഭയിൽ ഭൂരിപക്ഷത്തിന്റെ ബലത്തിൽ ബിൽ പാസാക്കിയെങ്കിലും രാജ്യസഭയിൽ ന്യൂനപക്ഷമായ സർക്കാരിന് പ്രതിപക്ഷ സഹകരണമില്ലാതെ ബിൽ പാസാക്കാനാകില്ല.