- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാട്ടക്കാലാവധി തീർന്ന തോട്ടങ്ങൾ അവിടെ കിടക്കട്ടെ; അവകാശികളില്ലാതെ മരിച്ച ഉടമയുടെ ഭൂമി ഏറ്റെടുക്കാൻ റവന്യൂവകുപ്പിന് എന്തൊരു തിടുക്കം! നാടുനീളെ പട്ടയം നൽകി നടക്കുന്ന മന്ത്രി അടൂർ പ്രകാശിന് സ്വന്തം മണ്ഡലത്തിലെ ഭൂരഹിതരെ അറിയുകയുമില്ല
പത്തനംതിട്ട: പാട്ടക്കാലാവധി കഴിഞ്ഞ നിരവധി തോട്ടങ്ങൾ കമ്പനികളും വ്യക്തികളും ട്രസ്റ്റും കൈവശം വച്ചിരിക്കുന്നത് തിരിച്ചെടുക്കാൻ ഒരു നടപടിയും എടുക്കാത്ത സർക്കാർ അവകാശികളില്ലാതെ മരിച്ചുപോയ വ്യക്തിയുടെ ഭൂമി തിടുക്കത്തിൽ ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചു. റവന്യൂമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ നടന്ന ഭൂമി ഏറ്റെടുപ്പിന്റെ വേഗത കണ്ട് നാട
പത്തനംതിട്ട: പാട്ടക്കാലാവധി കഴിഞ്ഞ നിരവധി തോട്ടങ്ങൾ കമ്പനികളും വ്യക്തികളും ട്രസ്റ്റും കൈവശം വച്ചിരിക്കുന്നത് തിരിച്ചെടുക്കാൻ ഒരു നടപടിയും എടുക്കാത്ത സർക്കാർ അവകാശികളില്ലാതെ മരിച്ചുപോയ വ്യക്തിയുടെ ഭൂമി തിടുക്കത്തിൽ ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചു.
റവന്യൂമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ നടന്ന ഭൂമി ഏറ്റെടുപ്പിന്റെ വേഗത കണ്ട് നാട്ടുകാർ അമ്പരന്നു നിൽക്കുന്നു. നാടുനീളെ പട്ടയവിതരണത്തിനായി അലയുന്ന മന്ത്രി അടൂർ പ്രകാശ് സ്വന്തം മണ്ഡലത്തിലെ ഭൂരഹിതരോട് ഈ ശുഷ്‌കാന്തി കാണിക്കുന്നില്ലെന്നും ആരോപണം. കോന്നി താലൂക്കിലെ കൂടൽ വില്ലേജിൽപ്പെട്ട 6.28.80 ഹെക്ടർ (15 ഏക്കർ 53 സെന്റ്) സ്ഥലമാണ് സർക്കാർ ഏറ്റെടുത്തത്. ജില്ലാ കലക്ടർ എസ്.ഹരികിഷോർ, എൽ.ആർ ഡെപ്യൂട്ടി കലക്ടർ എം.വിശ്വനാഥൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എം.സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചത്.
കൂടൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 30 ൽ റീസർവ്വെ നമ്പർ 315/2ൽപ്പെട്ട ഭൂമി സ്‌ക്രൈ ഗ്രീൻ പ്ലാന്റേഷൻസ് വക സ്ഥലത്തിനോട് ചേർന്നുള്ളതാണ്. 1964 ലെ, കേരളത്തിൽ അന്യം നിന്ന വസ്തുക്കൾ സംബന്ധിച്ച ആക്ട് 10-ാം വകുപ്പ് പ്രകാരമാണ് ഏറ്റെടുക്കൽ നടപടി. അന്യം നിന്നതും ആരും അവകാശപ്പെടാത്തതുമായ വസ്തുക്കളുടെ ഭരണവും മേൽനോട്ടവും നടത്തുന്നതിനും അവ ഏറ്റെടുക്കുന്നതിനും സർക്കാരിന് അധികാരം നൽകുന്ന നിയമമാണിത്.
സ്ഥലം ഉടമയും തണ്ടപ്പേർ കക്ഷിയുമായ കോട്ടയം ജില്ലയിലെ വ്യക്തി വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. അനന്തരാവകാശം സംബന്ധിച്ച് വിൽപ്പത്രം എഴുതിവയ്ക്കാതെയും നിയമപ്രകാരമുള്ള അവകാശികൾ ഇല്ലാതെയുമാണ് മരണപ്പെട്ടത്. ഈ സാഹചര്യത്തിലാണ് അനേ്വഷണം നടത്തി ബോധ്യപ്പെട്ടതിനു ശേഷം ജില്ലാ കലക്ടർ നടപടിയെടുത്തത്. നിശ്ചിത സ്ഥലം ആരുടെയും കൈവശത്തിലില്ലായെന്ന് ഉറപ്പുവരുത്തിയിരുന്നു. ഏറ്റെടുക്കൽ പൂർത്തിയായതോടെ അനധികൃത പ്രവേശനത്തിനുള്ള സാധ്യതയും ഒഴിവായി.
ഏറ്റെടുത്ത സ്ഥലത്തിന്റെ ഭരണനിർവഹണ ചുമതല ബന്ധപ്പെട്ട നിയമത്തിലെ 13-ാം ചട്ടം പ്രകാരം കോന്നി തഹസിൽദാരെ ഏൽപ്പിച്ചു. സ്ഥലം മൂന്ന് സെന്റു വീതമുള്ള പ്ലോട്ടുകളാക്കി തിരിച്ച് സർക്കാർ പദ്ധതിയിൽപ്പെടുത്തി ഭൂരഹിതർക്ക് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിന്റെ അനുമതിക്കായുള്ള ശിപാർശ സർക്കാരിന് നൽകുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ഇതിനിടെയാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം നാടുനീളെ പട്ടയവിതരണവും വാഗ്ദാനവുമായി നടക്കുന്ന റവന്യുമന്ത്രി അടൂർ പ്രകാശ് സ്വന്തം മണ്ഡലത്തിലുള്ള പട്ടയരഹിതരെ അവഗണിക്കുന്നുവെന്ന പരാതി ഉയർന്നിരിക്കുന്നത്. കലഞ്ഞൂർ പഞ്ചായത്തിലെ കൂടൽ മുട്ടുതറ 11, 12 വാർഡുകളിലെ നൂറോളം കുടുംബങ്ങൾക്കാണ് ഇനിയും പട്ടയമില്ലാത്തത്. വനഭൂമിയോട് ചേർന്നു റവന്യൂ പുറമ്പോക്കിൽ അമ്പതിലധികം വർഷമായി താമസിക്കുന്നവർക്കാണ് പട്ടയമില്ലാത്തത്. മൂന്നു മുതൽ 30 സെന്റ് വരെ ഇവർ കൈവശം വച്ച് അനുഭവിച്ചു പോരുകയാണ്. റവന്യൂ അദാലത്തിലും മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലും റവന്യൂ മന്ത്രിക്ക് നേരിട്ടും പരാതി നൽകി മടുത്തിരിക്കുകയാണ് ഈ കുടുംബങ്ങൾ.
2014 ൽ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞമാസം റവന്യൂമന്ത്രി തന്നെയും പട്ടയ വിതരണം നടത്തിയപ്പോഴും ഇവരെ പരിഗണിച്ചില്ല. പതിനൊന്നാം വാർഡിൽ 35 ഉം പന്ത്രണ്ടാം വാർഡിൽ 55 ഉം കുടുംബങ്ങൾക്കാണ് പട്ടയമില്ലാത്തത്. ഇതു കാരണം സർക്കാരിന്റെ ചികിത്സാ സഹായം ഉൾപ്പെടെയുള്ള ഒരു ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും ഇവർ വലയുകയാണ്. പട്ടയം വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രാദേശിക രാഷ്ട്രീയ നേതാക്കൾ പണപ്പിരിവ് നടത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സ്വന്തം മണ്ഡലത്തിലെ എംഎൽഎ റവന്യൂമന്ത്രിയായപ്പോൾ ഇവർ ഏറെ ആഹ്‌ളാദിച്ചിരുന്നു. തങ്ങൾക്ക് ഉടൻ പട്ടയം കിട്ടുമെന്നും പ്രതീക്ഷിച്ചിരുന്നു. അതാണിപ്പോൾ അസ്ഥാനത്തായിരിക്കുന്നത്.