- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിൽ വീണ്ടും പട്ടയമാഫിയ; ഭൂരഹിതരിൽ നിന്ന് പട്ടയ വാഗ്ദാനം നൽകി പണപ്പിരിവ്; കഞ്ഞിക്കുഴി വില്ലേജ് പട്ടയ വിതരണ ജനകീയ കമ്മിറ്റിയെന്ന തട്ടിപ്പ് സംഘടനയാണ് പണപ്പിരിവിന് പിന്നിൽ; മാഫിയയ്ക്കെതിരെ കർശന നടപടിയെന്ന് ജില്ലാകളക്ടർ
തൊടുപുഴ: പട്ടയം നൽകാമെന്ന വാഗ്ദാനത്തിൽ ഒരു ഗൂഢസംഘം ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം സർക്കാരിനെ അറിയിച്ചു. പാവപ്പെട്ട ഭൂരഹിതരായ ആൾക്കാരിൽ നിന്നും പട്ടയം നൽകാമെന്ന് വാഗ്ദാനം നൽകി പണപ്പിരിവ് നടത്തുന്നതായാണ് റിപ്പോർട്ട്.
2000 മുതൽ 5000 രൂപ വരെയാണ് ഭൂരഹിതരായ പാവപ്പെട്ടവരിൽ നിന്നും ഈ സംഘം വാങ്ങുന്നത്.- കഞ്ഞിക്കുഴി വില്ലേജ് പട്ടയ വിതരണ ജനകീയ കമ്മിറ്റി-യെന്ന സംഘടനയുടെ പേരിലാണ് പിരിവ് നടക്കുന്നത്. പട്ടയവിതരണത്തെക്കുറിച്ചോ, സർക്കാരിൽ നിന്ന് ഭൂരഹിതരായ വ്യക്തികൾക്ക് ഭൂമി ലഭിക്കുന്നതിനെക്കുറിച്ചോ കാര്യമായ വിവരമോ അറിവോ ഇല്ലാത്തവരെയാണ് ഇക്കൂട്ടർ കബളിപ്പിക്കുന്നത്.
വാഗമൺ, കഞ്ഞിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ തട്ടിപ്പ് സംഘം വ്യപകമായ തോതിൽ പിരിവ് നടത്തുന്നത്. സർക്കാർ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തുന്നതിനിടയിലാണ് ഈ തട്ടിപ്പ് സംഘം വ്യാപക പിരിവ് നടത്തുന്നതെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ഈ ഗൂഢസംഘത്തിന്റെ തട്ടിപ്പിനെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ പത്രം വിശദമായ റിപ്പോർട്ട് ഈ അടുത്ത ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
ഇത്തരം തട്ടിപ്പുകളിൽ പൊതുജനങ്ങൾ ചെന്നുചാടരുതെന്നും തട്ടിപ്പുകാർക്കെതിരെ സത്വര നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ ഷീബാ ജോർജ് പറഞ്ഞു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പട്ടയഓഫീസുകളിൽനിന്ന് പട്ടയം നൽകാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ഇടനിലക്കാർ പണപ്പിരിവ് നടത്തുന്നതായി കളക്ടർ ഷീബാ ജോർജ്.
സർക്കാർ നടപടികളുടെ മറവിൽ പണം തട്ടിപ്പ് നടത്തുന്നവർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കും. ജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് കബളിപ്പിച്ച് വൻ തുകകൾ തട്ടിയെടുക്കുന്നതായും പരാതികളുണ്ട്. പട്ടയ അപേക്ഷ നൽകിയിട്ടുള്ളവർ അതത് പട്ടയ ഓഫീസിലെ തഹസിൽദാരുമായി ബന്ധപ്പെട്ട് പട്ടയ സംബന്ധമായ നടപടികൾ നേരിട്ട് അന്വേഷിക്കുക.
പട്ടയ ഓഫീസുകളിൽനിന്ന് അറിയിപ്പ് ലഭിക്കുന്നവർ മാത്രം സർക്കാർ നിശ്ചയിച്ചിട്ടുള്ള തുക ട്രഷറിയിൽ അടച്ച് രസീത് ഹാജരാക്കിയാൽ മതി. ഇതുമായി ബന്ധപ്പെട്ട് മറ്റ് യാതൊരുവിധ പണമിടപാടുകളും നിലവിലില്ല. പണപ്പിരിവ് നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ പൊലീസ്, റവന്യൂ അധികാരികൾക്ക് കൈമാറണമെന്നും കളക്ടർ അറിയിച്ചു.