തിരുവനന്തപുരം: കേരളത്തെ വിറ്റു തുലയ്ക്കാൻ രാഷ്ട്രീയ, ഉദ്യോഗസ്ഥ മാഫിയ നടത്തുന്ന ഇടപെടലിന് മറ്റൊരു തെളിവു കൂടി പുറത്തുവന്നു. വയനാട്ടിൽ സിപിഐ ജില്ലാ സെക്രട്ടറി ഉൾപ്പെട്ട തട്ടിപ്പിന് പിന്നാലെ മറ്റൊരു ഭൂമി തട്ടിപ്പിന്റെ വിവരങ്ങളും ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പുറത്തുവിട്ടു. വയനാട്ടിലെ തവിഞ്ഞാൽ വില്ലേജിലെ മക്കിമലയിൽ സൈനികർക്ക് സർക്കാർ കൊടുത്ത ഭൂമിയും വ്യാജരേഖ ചമച്ച് ഭൂമാഫിയ തട്ടിയെടുത്തെന്ന റിപ്പോർട്ടാണ് ചാനൽ പുറത്തുവിട്ടത്.

വ്യാജ രേഖകളും അധാരവുമുണ്ടാക്കി 1084 ഏക്കറാണ് ഭൂ മാഫിയ തട്ടിയെടുത്തത്. നിലവിലുള്ള പട്ടയരേഖകൾ നശിപ്പിച്ചു കൊണ്ടുള്ള ഈ ഇടപെടലിന് ഒത്താശ ചെയ്തത് റവന്യൂ ഉദ്യോഗസ്ഥരാണ്. പിതാവിന് സർക്കാർ കൊടുത്ത ഭൂമി കണ്ടെത്താൻ പത്തു വർഷമായി റവന്യൂ ഓഫിസുകൾ കയറി ഇറങ്ങി കമ്പളക്കാട് സ്വദേശി റഹിം നടത്തിയ ഇടപെടലാണ് ഇപ്പോഴത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.

പിതാവും വിമുക്തഭടനുമായ ഷംസുദീന് 1967 ൽ മക്കിമലയിൽ 3 ഏക്കർ ഭൂമി സർക്കാർ കൊടുത്തിരുന്നു. ഷംസുദീനെപ്പോലെ മക്കിമലയിൽ 348 പട്ടാളക്കാർക്ക് സർക്കാർ കൊടുത്ത ഭൂമി എവിടെപ്പോയി എന്ന അന്വേഷണം എത്തിച്ചത് വ്യാജ ആധാരവും രേഖകളും ഉണ്ടാക്കി ഭൂമി കയ്യേറി മറിച്ചു വിൽക്കുന്ന സംഘത്തിലേയ്ക്കാണ് . ഉദ്യോഗസ്ഥരും ഇടനിലക്കാരും രാഷ്ട്രീയക്കാരും അടങ്ങുന്ന ഈ സംഘത്തിലെ ഒരു കണ്ണിയാണ് മക്കിമലക്കാരൻ ലക്ഷ്മണൻ.

സ്ഥലം വാങ്ങാമെന്ന് ഉറപ്പു കൊടുത്തപ്പോൾ ലക്ഷമണൻ സ്ഥലം കാണിച്ചു തന്നു. ലക്ഷ്മണന്റെ നിർദേശപ്രകാരം തരുവണ സ്വദേശി ഉസ്മാനെ കണ്ടു. ഭൂമിക്ക് രേഖയുണ്ടാക്കാൻ ഉസ്മാന് പിന്നാലെ മാനന്തവാടിയിലെ സിപിഐ പ്രാദേശിക നേതാവ് സജീവനെ കണ്ടു. സജീവൻ നിർദേശിച്ചത് അനുസരിച്ച് വാളാട് വില്ലേജ് ഓഫിസർ രവിയെ വീട്ടിലെത്തി കണ്ടു. ആദ്യ ഗഡു രണ്ടായിരം രൂപ വാങ്ങി. ലക്ഷങ്ങൾ വിലയുള്ള സർക്കാർ ഭൂമി കയ്യേറിയും കള്ള രേഖയുണ്ടാക്കിയും മറിച്ചു വിൽക്കുകയാണ്. - ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

സംഭവം വാർത്തയായതിനെ തുടർന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ സർക്കാർ സസ്‌പെന്റ് ചെയതു. വാളാട് സ്‌പെഷ്യൽ വില്ലേജ് ഓഫീസർ രവിയെയാണ് അറസ്റ്റു ചെയ്തത്. ഇയാൾ ഇടപെടൽ നടത്തിയത് സ്വന്തം അധികാര പരിധിക്ക് പുറത്തു നിന്നു കൊണ്ടാണെന്നും വാർത്തയിൽ വ്യക്തമാക്കുന്നുണ്ട്. വയനാട്ടിൽ ഇടതു സർക്കാറിന്റെ കാലത്തും ഭൂമാഫിയ യഥേഷ്ടം വിലസുന്നു എന്നു വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

വയനാട്ടിൽ മിച്ചഭൂമി സ്വകാര്യ ഭൂമിയാക്കുന്ന ഇടനിലക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും തട്ടിപ്പാണ് ഏഷ്യാനെറ്റ് ന്യൂസ് ആദ്യം പുറത്തു കൊണ്ടുവന്നത്. ഇടനിലക്കാർ മുതൽ ഉന്നത ഉദ്യോഗസ്ഥരും ഭരണകക്ഷിയിലെ നേതാക്കളും വരെ നീളുന്നതാണ് ഈ റാക്കറ്റ്. ഇതിൽ സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയുടെ പങ്കും പുറത്തുവന്നതോടെ ഇടപെടലുമായി സിപിഐയും രംഗത്തെത്തുകയായിരുന്നു.

മിച്ചഭൂമി സ്വകാര്യ ഭൂമിയാക്കുന്ന മാഫിയ ഉണ്ടെന്ന് അറിഞ്ഞാണ് മാനന്തവാടിയിലെ ബ്രോക്കർമാരിലേക്ക് അന്വേഷണം എത്തിയത്.റിസോർട്ട് വാങ്ങിക്കാനെന്ന വ്യാജേന സമീപിച്ചപ്പോൾ കുറുമ്പാലക്കോട്ടയിൽ നാലരയേക്കർ മിച്ചഭൂമി അടക്കം പത്തൊമ്പതരയേക്കർ വിൽക്കാനുണ്ടെന്ന് അറിയിച്ചു.സ്ഥലം കണ്ടപ്പോൾ ബ്രോക്കർ പറഞ്ഞത് ഇങ്ങനെ: 'വേലി കെട്ടിയതുകൊണ്ട് ഇതിനകത്ത് പെട്ടെന്നൊന്നും കയറാൻ പറ്റില്ല.മിച്ചഭൂമിയെന്നല്ല ഏതുഭൂമിയെന്ന് പറഞ്ഞാലും പെട്ടെന്ന കയറാൻ സാധിക്കില്ല.മിച്ചഭൂമിയുണ്ടോയെന്ന് ഉറപ്പിക്കാൻ കോട്ടത്തറ വില്ലേജ് ഓഫീസിലേക്ക് പോയി.മിച്ചഭൂമി മാറ്റിയിട്ടാൽ മാത്രമേ ശരിയാകൂ 'എന്നായിരുന്നു വില്ലേജ് ഓഫീസറുടെ പ്രതികരണം.

മിച്ചഭൂമിക്ക് രേഖയുണ്ടെന്ന് ഉറപ്പാക്കിയാൽ സ്ഥലം വാങ്ങാൻ കഴിയുമെന്ന വ്യക്തമായി.ഇതോടെ ഇതിനുള്ള ഇടനിലക്കാരനെ കുറിച്ചുള്ള വിവരങ്ങൾ ബ്രോക്കർമാരിൽ നിന്ന് കിട്ടി.പടിഞ്ഞാറേത്തറ കുഞ്ഞുമുഹമ്മദായിരുന്നു ഇടനിലക്കാരൻ.20 ലക്ഷം മുടക്കാമെങ്കിൽ ശരിയാക്കാമെന്നായിരുന്നു അയാളുടെ പ്രതികരണം.തുടർന്ന് ഡപ്യൂട്ടി കളക്ടർ ടി.സോമനാഥിന്റെ ഓഫീസിലേക്ക് കുഞ്ഞുമുഹമ്മദ്കൂട്ടിക്കൊണ്ടുപോയി.ഒരു പതിനായിരം രൂപ വേണമെന്നും ഓഫീസിൽ വച്ചു വേണ്ടെന്നും ഡപ്യൂട്ടി കളക്ടർ.പിന്നീട് ഡപ്യൂട്ടി കളക്ടർക്ക് തുക പുറത്ത് വച്ച് കൈമാറുന്നു.

കോഴിക്കോട്ടെ ഹോട്ടൽ മുറിയിൽ ബ്രോക്കർമാരുടെ സാന്നിധ്യത്തിൽ ഉടമകൾക്ക് 10000 രൂപ ടോക്കൺ നൽകി കച്ചവടം ഉറപ്പിച്ചു.മിച്ചഭൂമിയടക്കം ഏക്കറിന് 12 ലക്ഷത്തി എഴുപത്തിയയ്യായിരം രൂപയ്ക്ക് കച്ചവടം.തുടർന്ന് സിപിഐ എക്‌സിക്യൂട്ടീവ് അംഗം പിജെ.ബാബുവിനെ കാണാൻ വേണ്ടി ഇടനിലക്കാരൻ നിർദ്ദേശിച്ചു. വേണ്ട സഹായങ്ങൾ താൻ പറഞ്ഞുതരാമെന്നായിരുന്നു പാർട്ടി അംഗത്തിന്റെ മറുപടി.ബാക്കിയുള്ള കാര്യങ്ങൾ പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് പിരിഞ്ഞു.അഞ്ചുദിവസം കഴിഞ്ഞപ്പോൾ സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയെ കാണാൻ കുഞ്ഞുമുഹമ്മദ് കൂട്ടിക്കൊണ്ടുപോയി.

വിജയൻ ചെറുകരയുടെ പ്രതികരണം ഇങ്ങനെ: 'മിച്ചഭൂമി വീട് വെക്കാൻ പതിച്ചുകൊടുക്കുന്നത് പോലെയല്ല ഇത്. നിങ്ങൾ റിസോർട്ടിനായി വരുന്നതോട് കൂടി തേനീച്ച് പൊതിയുന്ന മാതിരി ഇവന്മാർ നിങ്ങളെ വേട്ടയാടും. 'ആരാണ് വേട്ടയാടുന്നതെന്ന ചോദിച്ചപ്പോൾ റവന്യുക്കാരെ എന്നും നിങ്ങൾ അവിടെ നിൽക്കുന്നിടത്തോളം കാലം അവരെ തീറ്റിപോറ്റേണ്ടി വരുമെന്നും മറുപടി.എവിടെയങ്കിലും വ്ച്ച് ഇത് തീർക്കുന്നതായിരിക്കും നല്ലതെന്നും അല്ലെങ്കിൽ ഇങ്ങനെ കൊടുത്തുകൊണ്ടിരിക്കേണ്ടി വരുമെന്നും സിപിഐ ജില്ലാ സെക്രട്ടറി വിശദമാക്കി.മിച്ചഭൂമി റിസോർട്ട് കാരുടെ പേരിലാക്കാൻ ഇടപെടാമെന്നും വിജയൻ ചെറുകര വാഗ്ദാനം നൽകി.സോമനോട് സംസാരിക്കട്ടെ..പ്രൊസീഡ് ചെയ്‌തോളൂ എന്നും നിർദ്ദേശം നൽകി.പണം വാഗ്ദാനം ചെയ്തപ്പോൾ പിന്നീട് സംസാരിക്കാം..ആദ്യം കാര്യം നടക്കട്ടെയെന്നായിരുന്നു വിജയൻ ചെറുകരയുടെ പ്രതികരണം.തുടർന്ന് ഡപ്യൂട്ടി കളക്ടറുടെ വീട്ടിലെത്തി വാർത്താസംഘം കാണുകയും, അദ്ദേഹം ഫോണിൽ വിജയൻ ചെറുകരയുമായി ഫോണിൽ സംസാരിക്കുകയും ചെയ്യുന്നു.വേറെ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും രേഖയുണ്ടാക്കാൻ സമയമെടുക്കുമെന്നു ഡപ്യൂട്ടി കളക്ടർ.

ഓരോരുത്തർക്കും കൊടുക്കേണ്ട കൈക്കൂലിയും ഇടനിലക്കാരൻ കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി. വിജയൻ ചെറുകരയ്ക്ക് 10 ലക്ഷം.തിരുവനന്തപുരത്തടക്കം ശരിയാക്കുന്നത് വിജയൻ. സോമനാഥന് 10 ലക്ഷം.തുടർന്ന് ഇതിന്റെ ആദ്യ ഗഡുവും വാങ്ങി.എല്ലാം മുകളിൽ നിന്നുള്ള ഉത്തരവെന്ന വരുത്തിതീർക്കാൻ മിച്ചഭൂമി പ്രശ്‌നമുള്ളതിനാൽ കരം അടയ്ക്കാൻ റവന്യു മന്ത്രിക്ക് അപേക്ഷ നൽകാൻ ഡപ്യൂട്ടി കളക്ടർ നിർദ്ദേശിച്ചു.കുഞ്ഞുമുഹമ്മദ് സംഘത്തെ കൂട്ടി തിരുവനന്തപുരത്ത് എം.എൻ.സ്മാരകത്തിലെത്തി.സെക്രട്ടേറിയറ്റിലേക്ക് പാസ് തരപ്പെടുത്താനാണ് എം.എൻ.സ്മാരകത്തിലെത്തിയത്.തുടർന്ന് റവന്യു മന്ത്രിയുടെ ഓഫീസിലെത്തി അപേക്ഷ നൽകി.പിന്നീട് അപേക്ഷ വയനാട് കളക്ടർക്ക് കൈമാറിയെന്ന് മറുപടി റവന്യു മന്ത്രിയുടെ ഓഫീസിൽ നിന്ന് കിട്ടി. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി വ്യക്തമാക്കിയിരുന്നു.

ഈ സംഭവത്തിന് പുറമേ ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തുള്ള കൊട്ടാരങ്ങളും സർക്കാറിന് കൈമോശം വന്നുവെന്ന വാർത്തകളും പുറത്തുവരികയുണ്ടായി. അമ്മച്ചി കൊട്ടാരവും ഇതിനോട് അനുബന്ധിച്ച ഏക്കറു കണക്കിന് ഭൂമിയുമാണ് സർക്കാറിൽ നിന്നും അധ്യാധീനപ്പെട്ടിരിക്കുന്നത്. ഇതിനെല്ലാം പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സർക്കാറിൽ വന്നുചേരേണ്ട അമ്മച്ചി കൊട്ടാരം സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയപ്പോൾ എങ്ങനെ ഇത് സംഭവിച്ചു എന്നതിന് റവന്യൂവകുപ്പിന്റെ പക്കൽ യാതൊരു രേഖയുമില്ല. ജില്ലാ കളക്ൾടർ അന്വേഷിച്ചിട്ട് പോലും ഇതിന്റെ രേഖകളൊന്നും ലഭിച്ചില്ല. അത്രയ്ക്ക് വിദഗ്ധമായി തന്നെ ഭൂമാഫിയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് കാര്യങ്ങൾ നീക്കുകയായിരുന്നു.