ഏലപ്പാറ: മഴ കനത്തതോടെ സംസ്ഥാനത്തെ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി ശക്തമായി. ഇടുക്കി കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിഞ്ഞ് വീണ് ഒരു സ്ത്രീ മണ്ണിനടയിൽ കുടുങ്ങി. എസ്റ്റേറ്റ് തൊഴിലാളിയായ ഭാഗ്യം (52) ആണ് മണ്ണിനടയിൽ പെട്ടിരിക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. ലയത്തിനോട് ചേർന്നുള്ള അടുക്കളയിൽ നിന്ന് ഭക്ഷണം പാകം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. ഭാഗ്യത്തിന്റെ ഭർത്താവും മൂന്ന് മക്കളും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവർ സുരക്ഷിതരാണ്.

അതേസമയം സംസ്ഥാനത്തു വ്യാഴാഴ്ച വരെ മിന്നലോടു കൂടി അതിശക്തമായ മഴയ്ക്കു സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. തെക്കൻ ഝാർഖണ്ഡിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ അടുത്ത 24 മണിക്കൂറിനകം ഇതു ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി അറബിക്കടലിൽ പടിഞ്ഞാറൻ / തെക്കൻ കാറ്റ് ശക്തമാകുന്നതിനാലാണു മഴ കനക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ഇന്ന് ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്ത മഴയ്ക്കും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.

നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മറ്റന്നാൾ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട്ും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ലക്ഷദ്വീപ്കർണാടക തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു.