തിരുവനന്തപുരം: ഭൂമിയുടെ അളവിന്റെ അടിസ്ഥാനത്തിൽ നാലു സ്ലാബുകളായി ഭൂനികുതി പുതുക്കി നിശ്ചയിക്കുമെന്നാണ് ബജറ്റ് പ്രസംഗം. നിത്യോപയോഗ സാധനങ്ങളിൽ കൈവയ്ക്കാതെ നികുതി കൂട്ടുകയായിരുന്നു ധനമന്ത്രി ബജറ്റിൽ ചെയ്തത്. വാഹനങ്ങളും ഭൂമിയും മാത്രമാണ് നികുതി കൂട്ടാനുള്ള മാർഗ്ഗമായി കണ്ടെത്തിയത്. ബജറ്റ് നിർദ്ദേശമനുസരിച്ച് ഒരേക്കറിന് മുകളിൽ ഭൂമിയുള്ളവരുടെ ഭൂനികുതി ഇരട്ടിയോളമാവും. കോർപ്പറേഷൻ പരിധിയിൽ ഒരു ഏക്കർ ഭൂമിയുള്ളയാൾ പ്രതിവർഷം 1600 രൂപ നികുതിയിനത്തിൽ അടയ്‌ക്കേണ്ടിവരും.

8.16 ആർ (20 സെന്റ്) വരെയാണ് ഒന്നാം സ്ലാബ്. 8.16 മുതൽ 20.23 ആർ വരെ (20നു മുകളിൽ 50 സെന്റ് വരെ) രണ്ടാം സ്ലാബിലും 20.23 മുതൽ 40.47 വരെ (50നു മുകളിൽ ഒരു ഏക്കർ വരെ) മൂന്നാം സ്ലാബിലും 40.47 (ഒരു ഏക്കറിനു മുകളിൽ) നാലാം സ്ലാബിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ ഭൂനികുതിയിൽ വ്യത്യാസമുണ്ട്. നിലവിൽ നികുതി രണ്ടു സ്ലാബുകളായാണ് കണക്കാക്കിയത്. പുതിയ സ്ലാബ് വരുന്നതോടെ നാലു സെന്റ് വരെ (1.62 ആർ) നിലവിലുള്ള നിരക്കിൽ മാറ്റമുണ്ടാകാനിടയില്ല.

ഭൂനികുതി ഇനത്തിൽ പ്രതിവർഷം 80 കോടി രൂപ അധികവരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് തയ്യാറാക്കിയ പുതിയ ശുപാർശ റവന്യൂ മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇത് അംഗീകരിക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ ധനബില്ലിൽ ഇതുസംബന്ധിച്ച ഭേദഗതി വരുന്നതോടെ നികുതിവർധന ഏപ്രിൽ ഒന്നിന് നിലവിൽവരും.

2018 ഏപ്രിലിലാണ് നേരത്തേ ഭൂനികുതി വർധിപ്പിച്ചത്. കോർപ്പറേഷനിൽ 1.62 ആർ വരെ പത്തുരൂപയും (ഒരു ആറിന്) 1.62 ആറിനു മുകളിൽ 20 രൂപയുമാണ് നിലവിലെ നിരക്ക്. മുനിസിപ്പാലിറ്റിയിൽ 2.43 ആർ വരെ അഞ്ചുരൂപയും (ഒരു ആറിന്) 2.43 ആറിനു മുകളിൽ 10 രൂപയുമാണ് നിരക്ക്. പഞ്ചായത്തിൽ 8.1 ആർ വരെ (ഒരു ആറിന്) 2.50 രൂപയും 8.1 ആറിനുമുകളിൽ അഞ്ചുരൂപയുമാണ് നിലവിലുള്ള ഭൂനികുതി.

339 കോടി രൂപ ചെലവിൽ ഡിജിറ്റൽ ഭൂസർവേ പദ്ധതി ഉൾപ്പെടെ ലാൻഡ് റെക്കോർഡ് മാനേജ്‌മെന്റിൽ ആധുനിക സാങ്കേതിക മാറ്റങ്ങൾ ഉണ്ടാകും. ഭൂനികുതിയുടെ കാര്യത്തിൽ ശരാശരി 80% മാത്രമേ കൃത്യമായി പിരിച്ചെടുക്കാൻ കഴിയുന്നുള്ളൂ. ഇതിന് വേണ്ടിയാണ് ഡിജിറ്റൽ ഭൂ സർവ്വേ.

ഭൂനികുതി വർധന ശുപാർശ

1. 8.16 ആർ വരെ (20 സെന്റ് വരെ)- ഒരു ആറിന് കോർപ്പറേഷൻ 10 രൂപ, മുനിസിപ്പാലിറ്റി അഞ്ചുരൂപ, പഞ്ചായത്ത് രണ്ടരരൂപ.
2. 8.16 ആർ മുതൽ 20.23 ആർ വരെ (20 മുതൽ 50 സെന്റ് വരെ) - ഒരു ആറിന് കോർപ്പറേഷൻ 20 രൂപ, മുനിസിപ്പാലിറ്റി 10 രൂപ, പഞ്ചായത്ത് അഞ്ചുരൂപ
3. 20.23 ആർ മുതൽ 40.47 ആർ വരെ (50നുമുകളിൽ 100 സെന്റ്) - ഒരു ആറിന് കോർപ്പറേഷൻ 30 രൂപ, മുനിസിപ്പാലിറ്റി 15, പഞ്ചായത്ത് 7.5.
4. 40.47 ആറിന് (ഒരു ഏക്കർ) മുകളിൽ - ഒരു ആറിന് കോർപ്പറേഷൻ 40, മുനിസിപ്പാലിറ്റി 20, പഞ്ചായത്ത് 10 രൂപ.

കോവിഡ് പ്രതിസന്ധിയിലും ഭൂമി രജിസ്‌ട്രേഷൻ വരുമാനം ഗണ്യമായി വർദ്ധിച്ചിരുന്നു. ന്യായവില കൂട്ടുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് വർദ്ധിച്ച് വരുമാനം 4,000 കോടി കവിയും എന്നാണ് കരുതുന്നത്. നടപ്പുസാമ്പത്തിക വർഷം ഫെബ്രുവരി വരെ 673 കോടിയാണ് മുൻ വർഷത്തേക്കാൾ രജിസ്‌ട്രേഷൻ വരുമാനം കൂടിയത്.

ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നത് 30 ലേറെ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. തരം മാറ്റുന്ന വസ്തുവിന്റേതുൾപ്പെടെ ന്യായ വില പുതുക്കണം. 2010ലാണ് അവസാനമായി ന്യായവില നിശ്ചയിച്ചത്. ഓരോ വർഷവും അന്നത്തെ വിലയുടെ നിശ്ചിത ശതമാനം വർദ്ധിപ്പിക്കുകയാണ് പതിവ്. 2010ലെ ന്യായവിലയുടെ ഏതാണ്ട് ഇരട്ടിയാണ് ഇപ്പോൾ.