ലണ്ടൻ: തെക്കൻ ലണ്ടനിലെ ബേമൻസീയിൽ ഒരു കുടുംബത്തിലെ നാലുപേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 64 കാരിയായ ഡോലെറ്റ് ഹിൽ, അവരുടെ പങ്കാളി ഡെന്റൺ ബക്ക്, ഡോലെറ്റിന്റെ മകൾ ടനിഷ ഡ്രമ്മണ്ട്സ്, കൊച്ചുമകൾ സമന്ത ഡ്രമ്മണ്ട്സ് എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് കൊലയാളി എന്ന് സംശയിക്കുന്ന ഒരു 20 കാരനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഡോലെറ്റ് അടുത്തുള്ള ഒരു എൻ എച്ച് എസ് ആശുപത്രിയിൽ കാൻസർ ചികിത്സയിലായിരുന്നു. സമന്ത ഡ്രമ്മണ്ട്സ് തന്റെ ഫ്ളാറ്റിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ തന്റെ മുത്തശ്ശിക്കൊപ്പം ചെലവഴിക്കാൻ എത്തിയതായിരുന്നു എന്നാണ് അറിയുന്നത്. ഇന്നലെ വെളുപ്പിന് ഇവരുടെ ഫ്ളാറ്റിൽ പൊലീസ് എത്തുമ്പോഴാണ് അയൽക്കാർ പോലും കാര്യം അറിയുന്നത് വൈകിട്ട് 4 മണിവരെ പൊലീസ് അവിടെ തുടർന്നു. നാറ്റ്‌വെസ്റ്റ് ബാങ്കിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട സമന്ത ഡ്രമ്മണ്ട്സ്.

ചില പൊലീസുകർ തങ്ങളുടെ വീട്ടിലെത്തി സമന്തയുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ടിരുന്നുവോ എന്ന് പൊലീസ് ചോദിച്ചതായി അയൽക്കാർ പറയുന്നുണ്ട്. അതേസമയം കടുത്ത മതവിശ്വാസിയായിരുന്ന ഡോലെറ്റ് ആഫ്രിക്കയിലെ ദരിദ്ര ബാലന്മാർക്ക് വേണ്ടി ധനസമാഹരണം ഉൾപ്പടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തിയാണെന്നും അയൽക്കാർ പറഞ്ഞു. അയൽക്കാർക്കെല്ലാം ഈ കുടുംബത്തെ കുറിച്ച് നല്ല അഭിപ്രായം മാത്രമെ പറയുവാനുള്ളു.

ജമൈക്കൻ വംശജരായ ഡോലെറ്റും കുടുംബവും ഏറെക്കാലമായി ഇവിടെ താമസിക്കുന്നു. എല്ലാവരുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഈ കുടുംബത്തിന് ഇവിടെ ഏറെ പരിചയക്കാരും സുഹൃത്തുക്കളുമുണ്ട്. ആരുമായും അവർക്ക് ശത്രുതയുള്ളതായി അറിയില്ലെന്നാണ് അയൽക്കാരും സുഹൃത്തുക്കളും പറയുന്നത്. അതിരാവിലെ അലറി വിളിക്കുന്ന ശബ്ദം കേട്ടതായി ചിലർ പറയുന്നു. അതിനെ തുടർന്നായിരുന്നു 1. 40 ആയപ്പോഴേക്കും പൊലീസ് എത്തിയത്. അവർ എത്തിയപ്പോഴായിരുന്നു കുത്തേറ്റ് മരിച്ച നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട് പ്രായം ഇരുപതുകളിൽ ഉള്ള ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ സുഹൃത്താണ് ഇയാൾ എന്നല്ലാതെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.