കൊച്ചി: കളമശ്ശേരിയിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് നാലു അതിഥി തൊഴിലാളികൾ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഏഴു തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. സംഭവം നടന്നയുടനെ പുറത്തെത്തിച്ച രണ്ടു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പശ്ചിമ ബംഗാൾ സ്വദേശികളാണ് അപകടത്തിൽപെട്ടത്.

പശ്ചിമ ബംഗാൾ സ്വദേശികളായ ഫൈജുല മണ്ഡൽ, കുടൂസ് മണ്ഡൽ, നൗജേഷ് അലി, നൂർ അമീൻ മണ്ഡൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. കൂടുതൽ സമയം മണ്ണിനുള്ളിലായിപ്പോയതിനാലാണ് ഇവരെ രക്ഷിക്കാൻ കഴിയാതെ പോയത്.

കളമശ്ശേരി മെഡിക്കൽ കോളേജിന് അടുത്തുള്ള നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റിയിൽ നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ആഴമുള്ള കുഴിക്കായി മണ്ണെടുക്കുന്നതിനിടെ മുകളിൽനിന്ന് മണ്ണിടിഞ്ഞ് തൊഴിലാളികൾക്കു മേലേക്ക് വീഴുകയായിരുന്നു.

അപകടം നടന്ന ഉടനെ രണ്ടുപേരെ പുറത്തെടുത്തിരുന്നു. പിന്നീട് തിരച്ചിലിനിടെ നാലു പേരെ കൂടി പുറത്തെത്തിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. ഫയർ ഫോഴ്‌സും നാട്ടുകാരും അടക്കം സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണുനീക്കുമ്പോഴാണ് അപകടമുണ്ടായത്. രക്ഷപ്പെടുത്തി ആദ്യം ആശുപത്രിയിൽ എത്തിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. മറ്റുനാല് പേരെ മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് മണ്ണിനടിയിൽനിന്ന് പുറത്തെടുക്കാനായത്. കൂടുതൽ സമയം മണ്ണിനുള്ളിലായിപ്പോയതിനാലാണ് ഇവരെ രക്ഷിക്കാൻ കഴിയാതെ വന്നത്.

18 അടി താഴ്ചയോളമുള്ള കുഴിയിലാണ് തൊഴിലാളികൾ അകപ്പെട്ടത്. കുഴിയെടുക്കുന്നതിനിടെ ഇവരുടെ ദേഹത്തേക്ക് ഏകേദശം ഏഴടിയോളം ഉയരത്തിൽ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നിർമ്മാണ പ്രവർത്തനത്തിനായി എത്തിച്ച ജെസിബിയുടെ സഹായത്തോടെയാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. കുഴിയിലേക്ക് വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസും അഗ്‌നിരക്ഷാ സേനയും വളരെ ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന കൃത്യമായ സ്ഥലം കണ്ടെത്താൻ ഡോഗ് സ്‌ക്വാഡിനേയും ഇങ്ങോട്ടെത്തിച്ചിരുന്നു. കൂടുതൽ ഫയർ ഫോഴ്സ് സംഘങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. അതിനിടെ, യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് പ്രദേശത്ത് നിർമ്മാണ പ്രവർത്തനം നടന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. 

കളമശ്ശേരിയിലെ ഇലക്ട്രോണിക് സിറ്റിയുടെ നിർമ്മാണ പ്രവർത്തനത്തിനിടെ അപകടം ഉണ്ടായത് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനെ തുടർന്നാണെന്ന് തൊഴിലാളികൾ അടക്കം ആരോപണവുമായി രംഗത്തെത്തി. അപകടം നടന്ന സ്ഥലത്ത് നിന്നും കമ്പനി സൂപ്പർവൈസർ അടക്കം മുങ്ങിയെന്ന ആക്ഷേപം ഉയർന്നു. നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയുടെ പ്രതിനിധികൾ സ്ഥലത്തില്ലാതിരുന്നതും പ്രതിഷേധത്തിന് ഇടയാക്കി.

സ്ഥലത്തെത്തിയ സിറ്റി പൊലീസ് കമ്മീഷണർ സി എച്ച നാഗരാജ നിസ്റ്റ് എച്ച് ആർ വിഭാഗത്തിന്റെ അനാസ്ഥയിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടു. തൊഴിലാളികൾ സമയക്രമം പാലിക്കാതെയാണ് പണിയെടുക്കേണ്ടി വന്നതെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് തൊഴിൽ വകുപ്പ് അന്വേഷണം ആരംഭിച്ചു.



ആദ്യമെത്തിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമാണ്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കളമശ്ശേരിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിർമ്മാണം നടക്കുന്ന സ്ഥലത്താണ് മണ്ണിടിഞ്ഞുണ്ടായ അപകടം ഉണ്ടായത്.



ഏഴ് തൊഴിലാളികളാണ് ഇടിഞ്ഞുവീണ മണ്ണിനുള്ളിൽ കുടുങ്ങിയതെന്നാണ് നിനരം. ഒരാൾ കൂടി കുടുങ്ങിയെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുകയാണ്.

നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്. അതിഥി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട എല്ലാവരും. അഞ്ച് പേർ കുഴിക്കുള്ളിൽ കുടുങ്ങിയെന്നായിരുന്നു പ്രാഥമിക വിവരം.



ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കൂടുതൽ പേർ കുടുങ്ങിയതായി അഭ്യൂഹം ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 25 തൊഴിലാളികളായിരുന്നു സ്ഥലത്ത് ഇന്നുണ്ടായിരുന്നതെന്നും 7 പേരെ കാണാനില്ലെന്നും സ്ഥിരീകരിച്ചു.

വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതെന്ന് കണ്ടെത്തി. വിശദമായി അന്വേഷിക്കുമെന്ന് സ്ഥലത്തെത്തിയ ജില്ലാ കളക്ടർ ജാഫർ മാലിക്ക് അറിയിച്ചു.