കൊച്ചി: കളമശേരി കിൻഫ്ര പാർക്കിലുള്ള നെസ്റ്റ് ഇലട്രോണിക് സിറ്റിയിൽ നിർമ്മാണം നടക്കുന്നിടത്തുണ്ടായ മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾ മരിച്ച സംഭവത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ഉത്തരവ്. ജില്ലാ കലക്ടർ ജാഫർ മാലിക്ക് ആണ് ഉത്തരവ് നൽകിയത്. അപകടം ഉണ്ടായതിനെ കുറിച്ച് അന്വേഷിക്കാൻ എഡിഎമ്മിനെ ചുമതലപ്പെടുത്തിയെന്നും കലക്ടർ പറഞ്ഞു.

നിർമ്മാണ പ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും, വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കും. അന്വേഷണറിപ്പോർട്ടിനു ശേഷമേ തുടർനടപടി തീരുമാനിക്കൂ എന്നും കലക്ടർ വ്യക്തമാക്കി.

മണ്ണിനടിയിൽ കുടുങ്ങിയ ഒരാൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാൾ സ്വദേശികളായ ഫൈജുല മണ്ഡൽ, കുടൂസ് മണ്ഡൽ, നൗജേഷ് അലി, നൂർ അമീൻ മണ്ഡൽ എന്നിവരാണ് മരിച്ചത്. മുഹമ്മദ് നൂറുള്ള എന്ന ആളാണ് ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത്.

ഏഴുതൊഴിലാളികളാണ് അപകടത്തിൽപെട്ടത്. സംഭവം നടന്നയുടനെ പുറത്തെത്തിച്ച രണ്ടു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ബംഗാളിൽനിന്നുള്ള ഏഴ് അതിഥിത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണുനീക്കുമ്പോഴാണ് അപകടമുണ്ടായത്.

കളമശ്ശേരി മെഡിക്കൽ കോളേജിന് അടുത്തുള്ള ഇലക്ട്രോണിക് സിറ്റിയിൽ നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ആഴമുള്ള കുഴിക്കായി മണ്ണെടുക്കുന്നതിനിടെ മുകളിൽനിന്ന് മണ്ണിടിഞ്ഞ് തൊഴിലാളികൾക്കു മേലേക്ക് വീഴുകയായിരുന്നു.

അപകടം നടന്ന ഉടനെ രണ്ടുപേരെ പുറത്തെടുത്തിരുന്നു. പിന്നീട് തിരച്ചിലിനിടെ നാലു പേരെ കൂടി പുറത്തെത്തിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഇവർ മരിക്കുകയായിരുന്നു. ഫയർ ഫോഴ്സും നാട്ടുകാരും അടക്കം സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.