കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ സർക്കാർ അനുകൂലികളുടെ ആക്രമണം. രാജപക്‌സെയുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധപ്രകടനം നടത്തിയവർക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തിനു പിന്നാലെ കൊളംബോയിൽ കർഫ്യൂ പ്രഖ്യാപിച്ചു.

സമരവേദിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. സംഘർഷം തെരുവ് യുദ്ധത്തിൽ എത്തിയതിനെ തുടർന്ന് രാജ്യത്ത് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു.

20 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 9 മുതൽ ശ്രീലങ്കൻ പ്രസിഡന്റിന്റെ ഓഫീസിന് പുറത്ത് ക്യാമ്പ് ചെയ്യുന്ന പ്രതിഷേധക്കാരെ സായുധരായ സർക്കാർ അനുകൂലികൾ ആക്രമിക്കുകയായിരുന്നു. സമരപ്പന്തലുകൾ പൊളിച്ചുമാറ്റി. സമരക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും ടിയർഗ്യാസും പ്രയോഗിച്ചു.

മഹിന്ദ രാജപക്‌സെയുടെ അനുകൂലികൾ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിക്കുകയായിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യത്ത് മഹിന്ദ രാജപക്‌സെയുടെ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രസിഡന്റും മഹിന്ദയുടെ അനുജനുമായ ഗോതബായ രാജപക്‌സെയ്ക്കു മേൽ മഹിന്ദയെ പുറത്താക്കാൻ സമ്മർദ്ദമേറുകയാണ്. സ്വയം പുറത്തുപോകാൻ മഹിന്ദ സന്നദ്ധനാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആക്രമണം ഉണ്ടായത്.

മഹിന്ദ രാജപക്‌സെ (76) രാജിവയ്ക്കണമെന്ന് സ്വന്തം പാർട്ടിയായ ശ്രീലങ്ക പൊതുജന പേരാമുന(എസ്എൽപിപി)യിൽനിന്നു തന്നെ സമ്മർദ്ദമുണ്ട്. എന്നാൽ തന്നെ പിന്തുണയ്ക്കുന്നവരെ മുൻനിർത്തി ഈ നീക്കത്തിന്റെ മുനയൊടിക്കാനുള്ള മഹിന്ദയുടെ നീക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിലയിരുത്തൽ.

മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിൾ ട്രീസിനു സമീപം പ്രതിഷേധ വേദിയായ 'മൈനഗോഗാമ'യ്ക്കു പുറത്തുവച്ചാണ് ആക്രമണം ഉണ്ടായത്. ടെംപിൾ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകർത്തുവെന്നും റിപ്പോർട്ടുണ്ട്. പ്രതിഷേധക്കാരെ ഓടിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ വേദിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കാതിരിക്കാൻ പൊലീസിന് മനുഷ്യച്ചങ്ങല രൂപീകരിക്കേണ്ടിവന്നു. എങ്കിലും അതു മറികടന്നാണ് സർക്കാർ അനുകൂലികൾ പ്രതിഷേധക്കാരെ ആക്രമിച്ചത്. റയട്ട് പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.