ഴിഞ്ഞ ബുധനാഴ്ച നടന്ന വെസ്റ്റ്മിൻസ്റ്റർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടന് നേരെ തീവ്രവാദ ആക്രമണഭീഷണി ശക്തമായ സാഹചര്യത്തിൽ ബ്രിട്ടനിൽ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും ലാപ് ടോപ്പ്, ഐപാഡ് നിരോധനം ബാധകമായേക്കുമെന്നാണ് സൂചന. ഇതിനെ തുടർന്ന് ഇവിടെ നിന്നുള്ള എല്ലാ വിമാനങ്ങളിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഇനി ലെഗേജിൽ മാത്രം സൂക്ഷിക്കേണ്ടുന്ന അവസ്ഥയും സംജാതമാകും. നിലവിലെ കടുത്ത സാഹചര്യത്തിൽ ഹോം സെക്രട്ടറി ആംബർ റുഡാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

ഈ മാസം നിലവിൽ വന്ന നിരോധനം അനുസരിച്ച് മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലുള്ള ആറ് രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് നേരിട്ടുള്ള വിമാനങ്ങളിൽ ഈ വക ഇല്ക്ട്രോണിക്സ് ഉപകരണങ്ങൾ നിരോധിച്ചിരുന്നു. ഫോണിനേക്കാൾ വലിയ ഇലക്ട്രോണിക്സ് ഡിവൈസുകൾ വിമാനയാത്രക്കാർ കൈയിൽ കരുതുന്നതിനായിരുന്നു ഇതിനുസരിച്ച് വിലക്കേർപ്പെടുത്തിയിരുന്നത്. ഇത്തരത്തിലുള്ള നിരോധനമാണ് ബ്രിട്ടനിൽ നിന്നുള്ള എല്ലാ വിമാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നാണ് ആംബർ റുഡ് സൂചന നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു നടപടി മില്യൺ കണക്കിന് ഹോളിഡേ മെയ്‌ക്കർമാരെും ബിസിനസുകാരെയും ബാധിക്കുമെന്നുറപ്പാണ്.

ബിബിസിയുടെ ആൻഡ്രൂ മാർ ഷോയിൽ പങ്കെടുത്ത് ഭീകരാക്രമണ ഭീഷണിയെക്കുറിച്ച് സംസാരിക്കവെയാണ് ഹോം സെക്രട്ടറി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഭീകരർ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കകത്ത് ബോംബ് ഘടിപ്പിച്ച് സ്ഫോടനം നടത്തുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും ഇത്തരം ഉപകരണങ്ങൾക്ക് ആറ് രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് വരുന്ന വിമാനങ്ങളിൽ മാത്രം നിരോധനം ഏർപ്പെടുത്തിയതെന്തുകൊണ്ടാണെന്ന ചോദ്യം റുഡിന് നേരെ ഈ ഷോയിൽ വച്ച് ഉയർന്നിരുന്നു. എന്നാൽ തങ്ങൾക്ക് ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണീ നടപടിയെടുത്തതെന്നായിരുന്നു അവർ ഇതിനോട് പ്രതികരിച്ചത്.

ഈ മാസത്തെ ഉത്തരവനുസരിച്ച് തുർക്കി, ലെബനൻ, ജോർദാൻ, ഈജിപ്ത്, ടുണീഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നും യുകെയിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങളിലാണ് ഇത്തരം ഉപകരണങ്ങൾ വിലക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള നിരോധനം കൂടുതൽ വ്യാപകമാ രീതിയിൽ അതായത് എട്ട് രാജ്യങ്ങളിൽ നിന്നും യുഎസിലേക്ക് വരുന്ന വിമാനങ്ങളിൽ അമേരിക്കയും ഏർപ്പെടുത്തിയിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസമാണ് യുകെയും ഇത് പിന്തുടർന്നിരുന്നത്. ഒരേ ഇന്റലിജൻസ് മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് രണ്ട് രാജ്യങ്ങളും ഈ നിരോധനം ഏർപ്പെടുത്തിയിരുന്നതെന്ന് വെളിപ്പെട്ടിരുന്നു. എന്നാൽ ഒരു പ്രത്യേക ഭീഷണിയെ തുടർന്നല്ല ഈ നീക്കമെന്നും സൂചനയുണ്ട്.

6.3 ഇഞ്ച് നീളം, 3.6 ഇഞ്ച് വീതി,0.6 ഇഞ്ച് കനം എന്നിവയിൽ കൂടിയ ഡിവൈസുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ പ്രധാനപ്പെട്ട സ്മാർട്ട് ഫോണുകളും ഈ പരിധിക്ക് താഴെയാണ്. അതായത് സ്മാർട്ട്ഫോണുകളെ ഈ നിരോധനം ബാധിക്കില്ല. എന്നാൽ ഐപാഡ് മിനി അല്ലെങ്കിൽ കിൻഡിൽ എന്നിവ ഇതിനേക്കാൾ വലുതായതിനാൽ ഇവയുമായി വിമാനയാത്ര നടത്താനാവില്ല. ഇസ്ലാമിക് ഭീകരരായ അൽ-ഷബാബ് ഒരു സ്ഫോടകവസ്തു നിറച്ച ലാപ്ടോപ്പുമായി മോഗാഡിഷുവിലേക്കുള്ള വിമാനത്തിൽ കയറിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഇത് സംബന്ധിച്ച ആശങ്ക ശക്തമായത്. വിമാനത്തിന്റെ അരികിലുള്ള ഹോളിൽ വച്ച് ഇത് പൊട്ടിയെങ്കിലും പൈലറ്റ് സുരക്ഷിതമായി വിമാനം നിലത്തിറക്കിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. കഴിഞ്ഞ നാല് വർഷങ്ങൾക്കിടെ യുകെ സെക്യൂരിറ്റി സർവീസുകൾ 14 ഭീകരാക്രമണങ്ങൾ അട്ടിമറിച്ചുവെന്ന വെളിപ്പെടുത്തലുണ്ടായി ആഴ്ചകൾക്ക് ശേഷമാണ് പുതിയ നിരോധനം നിലവിൽ വന്നത്.