- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊച്ചി മെട്രോയുടെ പണിയും പാലാരിവട്ടം മോഡലോ? പൈലടിച്ചതിൽ വൻക്രമക്കേട്; പത്തടിപ്പാലത്ത് കൂടുതൽ പില്ലറുകളിൽ ചെരിവ് കണ്ടെത്തി; ചുരുങ്ങിയത് 50 കോടിയുടെ അഴിമതി; സംഭവ സ്ഥലം സന്ദർശിച്ച ഇ.ശ്രീധരനും ഞെട്ടി
കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ പില്ലർ ചരിഞ്ഞ സംഭവത്തിന് പിന്നാലെ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. പില്ലറുകൾ ഭൂമിക്കടിയിലെ പാറ തുരന്ന് മൂന്ന് മീറ്ററോളം ഉള്ളിലേക്ക് കയറ്റി ലോക്ക് ചെയ്ത് വേണം നിർമ്മാണം എന്നായിരുന്നു ഡി.എം.ആർ.സിയുടെ നിർദ്ദേശം. ഇതനുസരിച്ച് കരാർ നൽകിയ കമ്പനി പില്ലർ നിർമ്മാണം നടത്തി തൂണുകൾ സ്ഥാപിച്ചു. എന്നാൽ മെട്രോയുടെ പല പില്ലറുകളും പാറകൾക്ക് മുകളിൽ അവസാനിപ്പിച്ചാണ് നിർമ്മാണം നടത്തിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന്റെ പ്രധാന തെളിവാണ് പത്തടിപ്പാലത്തെ മെട്രോ നമ്പർ 347 ന്റെ പഠന റിപ്പോർട്ട്. ഈ പില്ലർ പാറയിൽ നിന്നും ഒരു മീറ്ററോളം മുകളിൽ അവസാനിച്ചിരിക്കുകയാണ് എന്നും അതിനാലാണ് മെട്രോ തൂണിന് ചരിവുണ്ടായതെന്നുമാണ് ജിയോ റിപ്പോർട്ട് പറയുന്നത്. ഈ പില്ലർ കൃത്യമായി നിർമ്മിച്ചു എന്ന് സാക്ഷ്യപ്പെടുത്തി കോൺട്രാക്ടർക്ക് പണം നൽകാൻ അനുമതി കൊടുത്തത് കെ.എം.ആർ.എല്ലിന്റെ പ്രോജക്ട് ജനറൽ മാനേജരാണ്. ഇതിൽ നിന്നു തന്നെ മനസ്സിലാക്കാം മെട്രോയുടെ നിർമ്മാണത്തിൽ വൻ അഴിമതി നടന്നു എന്ന്.
ഡി.എം.ആർ.സിയിൽ നിന്നും അനൗദ്യോഗികമായി ലഭിക്കുന്ന ചില വിവരങ്ങൾ ഇനി പറയുന്നപോലെയാണ്.
'പില്ലറിന്റെ യഥാർത്ഥ പൈലിങ് ഡിസൈനുമായി പുലബന്ധം പോലുമില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. യഥാർത്ഥത്തിൽ ഈ പില്ലറുകൾക്കടിയിലുള്ള പൈലിങ് ഭൂമിക്കടിയിൽ പാറകൾക്കുള്ളിൽ മൂന്നു മീറ്റർ എങ്കിലും തുരന്ന് പൈൽ ചെയ്തു ഉറപ്പിക്കണമെന്നാണ്. എന്നാൽ ഇപ്പറഞ്ഞ പൈലിങ് പാറകൾ എത്തുന്നതിനു മൂന്നു മീറ്റർ മുന്നേ തന്നെ നിർത്തുകയാണുണ്ടായത്. പക്ഷെ പാറകളിൽ പൈൽ ചെയ്യുന്നതിനുള്ള ഭീമമായ തുക കോൺട്രാക്ടർക്കു കൊടുക്കുകയും ചെയ്തു.'
ഇത്തരത്തിൽ പത്തടിപ്പാലത്തെ ചരിഞ്ഞ പില്ലറിനു താഴെ നാലു പൈലുകളാണുള്ളത്. ഈ നാലു പൈലുകളിൽ രണ്ടെണ്ണം പാറകൾ എത്തുന്നതിനു മൂന്ന് മീറ്റർ മുന്നേ അവസാനിച്ചിരിക്കുന്നു. രണ്ടു പൈലുകൾ പാറകളിൽ മുട്ടി മാത്രമാണ് നിൽക്കുന്നത്. അതായത് നാലു പൈലുകളിൽ ഒന്ന് പോലും പാറകൾക്കുള്ളിൽ മൂന്നു മീറ്റർ താഴെ പോയി ലോക്ക് ചെയ്തിട്ടില്ല. എന്നാൽ പാറകൾക്കുള്ളിൽ മൂന്നു മീറ്റർ ആഴത്തിൽ തുരന്നു പൈൽ ചെയ്തതിനുള്ള മുഴുവൻ തുകയും അനുവദിക്കുകയും ചെയ്തുകൊണ്ട് വലിയൊരു അഴിമതിയാണ് ഇവിടെ നടന്നിരിക്കുന്നത്.
ഇപ്പോൾ കൊച്ചി മെട്രോയിൽ ജനറൽ മാനേജർ - പ്രോജെക്ടസ് ആയി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണു ഡി.എം.ആർ.സിക്കു വേണ്ടി ഈ ഭാഗത്തുള്ള എല്ലാ പൈലുകളും പരിശോധിച്ച് കൊണ്ട് മുഴുവൻ തുകയും അന്നത്തെ കോൺട്രാക്ടർക്കു അനുവദിച്ചു കൊടുത്തത്. ഇദ്ദേഹം ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. പില്ലർ ചരിഞ്ഞതിനു ശേഷം ഇ. ശ്രീധരൻ സംഭവസ്ഥലം പരിശോധിക്കുന്ന വേളയിൽ ഞെട്ടലോടെയാണ് ഇക്കാര്യങ്ങൾ മനസിലാക്കിയത്. മേൽ പറഞ്ഞ ഉദ്യോഗസ്ഥനു താക്കീതു നൽകാനും ഇ.ശ്രീധരൻ മടിച്ചില്ല. കൂടാതെ ഇതിന്റെ എല്ലാ പ്രത്യാഘാതങ്ങളും അനുഭവിക്കാൻ തയ്യാറായിക്കൊള്ളുവാനും അറിയിച്ചിട്ടുണ്ട്.'
കൊച്ചി മെട്രോയുടെ ചരിഞ്ഞ പില്ലറിൽ നടന്ന അഴിമതി ആരെയൊക്കെയോ രക്ഷിക്കുന്നതിന് വേണ്ടി കൊച്ചി മെട്രോ മാനേജ്മന്റ് പലതും ഒളിപ്പിച്ചു വയ്ക്കുകയാണ്. ഡി.എം.ആർ.സി നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ മറ്റു പില്ലറുകളിലും കൃത്രിമം നടന്നതായി സംശയം പ്രകടിപ്പിക്കുന്നുണ്ട്. മൂന്നോ നാലോ പില്ലറുകളിൽ ചരിവ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതാണ് ഇതിനു കാരണം. അങ്ങനെയെങ്കിൽ കുറഞ്ഞത് 50 കോടി രൂപയുടെയെങ്കിലും അഴിമതിയാണ് ഇവിടെ നടന്നിരിക്കുന്നത്. ചരിഞ്ഞ 347 തൂണിന് സമീപമുള്ള രണ്ടു തൂണുകൾ കൂടി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിനും ചരിവ് സംഭവിച്ചിരിക്കാനാണ് സാധ്യത. എന്നാൽ ഇക്കാര്യങ്ങളൊന്നും തന്നെ മെട്രോ മാനേജ്മെന്റ് പുറത്ത് വിടുന്നില്ല. അതിനാൽ തന്നെ ജനങ്ങളൊക്കെ വലിയ ആശങ്കയിലാണ്.
നിലവിൽ മെട്രോയിൽ നേരത്തെയുള്ളതിനേക്കാളും കൂടുതൽ യാതക്കാരാണുള്ളത്. ചൂടു കൂടിയതിനാൽ പലരും ബസ് യാത്ര ഉപേക്ഷിച്ച് മെട്രോയിൽ യാത്ര ചെയ്യുന്നു. ഇത്തരത്തിൽ വൻ തിരക്കുള്ള സമയത്ത് തൂണുകൾക്ക് ചരിവുണ്ടായി എന്തെങ്കിലും അപകടം സംഭവിച്ചാൽ വൻ ദുരന്തമാവും ഉണ്ടാവുക. അതിനാൽ തന്നെ മെട്രോയുടെ തൂണികൾ സുരക്ഷിതമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ചുമതല കെ.എം.ആർ.എല്ലിന് തന്നെയാണ്. രണ്ടായിരത്തിന് മുകളിൽ പില്ലറുകളാണ് മെട്രോക്കുള്ളത്. അതിനാൽ തന്നെ ഇതിൽ കുറഞ്ഞത് 100 എണ്ണത്തിലെങ്കിലും കൃത്രിമം കാട്ടിയാൽ വൻ തുകയാണ് കോൺട്രാക്ടർക്ക് ലാഭം. ആ സാഹചര്യത്തിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് പ്രത്യേക കമ്മീഷന് നിയോഗിച്ച് അന്വേഷണം നടത്തണമെന്നാണ് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്. അഴിമതിയുടെ കറ പുരണ്ടിട്ടുണ്ടെങ്കിൽ മറ്റൊരു പാലാരിവട്ടം പാലമായി കൊച്ചി മെട്രോ മാറും
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.