ലോകത്തേറ്റവും വലിയ വിമാനം പറക്കാനുള്ള തയ്യാറെടുപ്പിൽ മറ്റൊരു പരീക്ഷണം കൂടി വിജയകരമായി പൂർത്തിയാക്കി. റൺവേയിലൂടെ നീങ്ങിക്കൊണ്ടാണ് സ്ട്രാറ്റോലോഞ്ച് എന്ന വിമാനം പരീക്ഷണം മറികടന്നതത്. ചെറിയ സ്പീഡിൽ ടാക്‌സി ടെസ്റ്റാണ് പൂർത്തിയായത്. മണിക്കൂറിൽ 74 കിലോമീറ്റർ വേഗത്തിൽ മാത്രമായിരുന്നു ഈ പരീക്ഷണം. വിമാനത്തിന്റെ ആറ് എൻജിനുകളും പ്രവർത്തിപ്പിച്ചുകൊണ്ടായിരുന്നു ഈ പരീക്ഷണമെന്നത് ഗവേഷകർക്ക് മറ്റൊരു നേട്ടവുമായി.

ചിറകുകൾ തമ്മിൽ ഒരു ഫുട്‌ബോൾ ഗ്രൗണ്ടിനേക്കാൾ വലിപ്പമുള്ള സ്ട്രാറ്റോലോഞ്ച് സാധാരണ യാത്രാവിമാനമായി ഉദ്ദേശിച്ചല്ല നിർമ്മിച്ചിരിക്കുന്നത്. പരീക്ഷണങ്ങൾ പൂർത്തിയായാൽ, ഉപഗ്രഹങ്ങളും മറ്റും ബഹിരാകാശത്തെത്തിക്കാൻ ഇതിനാവും. ബഹിരാകാശ സഞ്ചാരികളെയും വസ്തുക്കളെയും 24 മണിക്കൂറിനുള്ളിൽ ഭൂമിയുടെ ഭ്രമണപഥത്തിന് വെളിയിലെത്തിക്കാനും ഇതിന് സാധിക്കുമെന്നതിനാൽ, ബഹിരാകാശ ഗവേഷകർ പ്രതീക്ഷയോടെയാണ് സ്ട്രാറ്റോലോഞ്ചിനെ കാണുന്നത്.

ഇരട്ട ഇന്ധന ടാങ്കുകളും ആറ് എൻജിനുകളുമുള്ള സ്ട്രാറ്റോലോഞ്ച് അടുത്തവർഷം ആകാശത്തേക്ക് കുതിക്കുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. കാലിഫോർണിയയിലെ മൊജാവ് എയർ ആൻഡ് സ്‌പേസ് പോർട്ടിലായിരുന്നു വിമാനം ടാക്‌സി ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയത്. സ്ട്രാറ്റോലോഞ്ച് സിസ്റ്റംസ് കോർപറേഷനിലെ അതിവിദഗ്ധരായ ഗ്രൗണ്ട് ടീം വിമാനത്തിന്റെ വിവിധ സംവിധാനങ്ങൾ ഇതിനിടെ നിരീക്ഷിച്ച് വിജയകരമെന്ന് ഉറപ്പിക്കുകയും ചെയ്തു. സ്റ്റിയറിങ്, ബ്രേക്കിങ്, ആന്റി സ്‌കിഡ്, ടെലിമെട്രി തുടങ്ങിയവയാണ് നിരീക്ഷിച്ചത്.

ഡിസംബറിലും ലോ-സ്പീഡ് ടാക്‌സി ടെസ്റ്റ് നടത്തിയിരുന്നു. അന്ന് വിമാനം മണിക്കൂറിൽ 45 കിലോമീറ്റർ വരെമാത്രമാണ് വേഗമാർജിച്ചത്. ഇപ്പോഴത്തെ പരീക്ഷണം കൂടുതൽ വിജയമാണെന്നും വിമാനം ആകാശതത്തേക്ക് കുതിക്കാനുള്ള പരീക്ഷണങ്ങളിൽ വലിയൊരു ഘട്ടം പിന്നിട്ടതായും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. മൈക്രോസോഫ്റ്റ് സഹ സ്ഥാപകനായ പോൾ അലന്റെ ആശയമാണ് ഈ വിമാനത്തിന്റെ നിർമ്മിതിക്ക് പിന്നിലുള്ളത്.

ചെലവുകുറഞ്ഞതും എന്നാൽ വേഗം കൂടിയതുമായ സംവിധാനത്തിൽ ബഹിരാകാശ സഞ്ചാരികളെയും ഉപഗ്രഹങ്ങളെയും ബഹിരാകാശത്തെത്തിക്കുക എന്ന ആശയമാണ് പോൾ അലന്റേത്. നിലവിലുള്ള എല്ലാ സംവിധാനങ്ങളെയുംകാൾ ചെലവുകുറഞ്ഞതായിരിക്കും ്‌സ്ട്രാറ്റോലോഞ്ചിലേതെന്ന് നിർമ്മാതാക്കൾ പറയുന്നു. ലോ-സ്പീഡ് ടാക്‌സി ടെസ്റ്റ് പരീക്ഷണം വിജയമായതിൽ അത്യധികം ആഹ്ലാദിക്കുന്നുവെന്ന് പോൾ അലൻ പരീക്ഷണത്തിനുശേഷം ട്വിറ്ററിൽ കുറിച്ചു.