നോർവേയിലെ ബെർഗെനിൽ നിന്നും ബ്രിട്ടനിലെ ഹീത്രോ എയർപോർട്ടിൽ ഇറങ്ങുന്നതിനിടെ ബ്രിട്ടീഷ് എയർവേസ് ജെറ്റ് ലേസർ പെൻ ആക്രമണത്തിനിരയായി. ശക്തിയായ പച്ച ലേസർ ലൈറ്റ് വിമാനത്തിന് നേരെ ഭീകരർ അടിച്ചതിനെ തുടർന്ന് ഇതിലെ പൈലറ്റുമാരുടെ കാഴ്ച തടസപ്പെട്ട് കണ്ണ് ചിമ്മിപ്പോയെന്നാണ് റിപ്പോർട്ട്. അവസാനം അവർ എങ്ങനെയോ വിമാനത്തെ നിയന്ത്രിച്ച് നിലത്തിറക്കുകയായിരുന്നു. അപകടം ഒഴിഞ്ഞത് തലനാരിഴയ്ക്കാണെന്നാണ് റിപ്പോർട്ട്. ഇതോടെ ഭീകരാക്രമണത്തിന്റെ പുതിയ മുഖം കണ്ട് ലോകം ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 9.20നായിരുന്നു ഫ്ലൈറ്റ് ബിഎ759 ലേസർ ലൈറ്റ് ആക്രമണത്തിനിരായത്. ഇതോടെ യുകെയിലെ എയർപോർട്ടുകളിൽ യാത്രാ വിമാനങ്ങൾ പറന്നുയരുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും ലേസർ പെൻ ആക്രമണമുണ്ടാകുമെന്നുള്ള ഭീഷണി ശക്തമായിരിക്കുകയാണ്.

ഇത്തരത്തിലുള്ള സംഭവങ്ങൾ ലോകമെമ്പാടും വർധിച്ച് വരുന്നത് കടുത്ത അപകടത്തിലേക്ക് നയിക്കുമെന്ന ഉത്കണ്ഠ മുൻ യുഎസ് നേവി പൈലറ്റും ഓപ്റ്റിക്കൽ എക്സ്പ്രസിലെ ചീഫ് മെഡിക്കൽ ഡയറക്ടറുമായ ഡോ. സ്റ്റീവ് സ്‌കാൽഹോൺ ഈ വർഷം ആദ്യം ഉയർത്തിയിരുന്നു. ഇത്തരം ലേസർ പെൻ ലൈറ്റുകൾ കണ്ണുകൾക്ക് സ്ഥിരമായ തകരാറുണ്ടാക്കുമെന്നതിനെക്കുറിച്ച് ശക്തമായ വിദ്യാഭ്യാസവും ബോധവൽക്കരണവും നൽകേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബെർമിങ്ഹാം എയർപോർട്ടിലെ പൈലറ്റുമാർ ആഴ്ച തോറും അപകടകരമായ ലേസർ പെൻ ആക്രമണത്തിന് വിധേയമാകുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇത് ഇവിടെ നിന്നും പറന്നുയരുന്നതും പറന്നിറങ്ങുന്നതുമായ വിമാനങ്ങൾക്ക് കടുത്ത ഭീഷണിയാണുയർത്തിയിരിക്കുന്നത്.

ഹീത്രോവിൽ നിന്നും ന്യൂയോർക്കിലേക്ക് പറക്കാനൊരുങ്ങിയ ഒരു വിമാനത്തിന് നേരെ തെമ്മാടികൾ ഇത്തരം ലേസർ ആക്രമണം നടത്തിയതിനെ തുടർന്ന് പ്രസ്തുത വിമാനം ഹിത്രോവിൽ തിരിച്ചിറക്കാൻ നിർബന്ധിതമായിരുന്നു. ഇതിനെ തുടർന്ന് ഇത്തരം ലേസറുകളെ അപകടകരമായ ആയുധങ്ങളുടെ ഗണത്തിൽ പെടുത്തണമെന്ന ആവശമുന്നയിച്ച് പൈലറ്റുമാരുടെ യൂണിയൻ മുന്നോട്ട് വരുകയും ചെയ്തിരുന്നു.ബെർമിങ്ഹാമിലേക്കാൽ ലേസർ ആക്രമണത്തിന് പൈലറ്റുമാർ ഏറ്റവും കൂടുൽ വിധേയമാകാൻ സാധ്യതയുള്ളത് ഹീത്രോവിലാണെന്നാണ് പുതിയ മുന്നറിയിപ്പ്.

അതായത് 2015ലെ ആദ്യത്തെ ആറ് മാസങ്ങളിൽ ഹീത്രോവിൽ വച്ച് വിമാനം പറത്തുന്നതിനിടയിൽ പൈലറ്റുമാർക്ക് നേരെ 48 തവണം ലേസർ ആക്രമണങ്ങളുണ്ടായിരുന്നു. എന്നാൽ അതേ സമയം ബെർമിങ്ഹാം എയർപോർട്ടിൽ 32 ആക്രമണങ്ങളാണുണ്ടായിരുന്നത്. ഇത്തരത്തിൽ സാമൂഹ്യ വിരുദ്ധർ വിമാനങ്ങൾക്ക് നേരെ ലേസർലൈറ്റുകൾ അടിക്കുന്നത് തുടരുകയാണെങ്കിൽ അത് വിമാനങ്ങളെ കടുത്ത അപകടങ്ങളിലേക്ക് തള്ളി വിടുന്നതിനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് ലോകത്തിലെ പ്രശസ്തനായ ഒഫ്താൽമോളജിസ്റ്റായ ഡോ. സ്‌കാർഹോൺ മുന്നറിയിപ്പേകുന്നത്.

ഇത്തരം ലേസർ ലൈറ്റുകൾ കാഴ്ചയ്ക്ക് വരുത്തുന്ന യഥാർത്ഥ പ്രത്യാഘാതം മനസിലാക്കിയാട്ടാണോ ആളുകൾ ഇവ ഇത്തരത്തിൽ നിരുത്തരവാദപരമായി ഉപയോഗിക്കുന്നതെന്ന് തനിക്കുറപ്പില്ലെന്നും ഡോ. സ്‌കാർഹോൺ അഭിപ്രായപ്പെടുന്നു. ടേയ്ക്ക് ഓഫ് അല്ലെങ്കിൽ ലാൻഡിങ് പോലെ വിമാനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമായ സന്ദർഭത്തിൽ പൈലറ്റിന്റെ കണ്ണിലേക്ക് ശക്തമായ ലേസർ പ്രകാശം അടിച്ചാൽ അദ്ദേഹം കാഴ്ചയ്ക്ക് തടസം നേരിട്ട് ഒന്നും ചെയ്യാനാകാതെ നിന്ന് പോകുമെന്നും അത് കടുത്ത അപകടത്തിന് വഴിയൊരുക്കുമെന്നുമാണ് സ്‌കാർഹോൺ മുന്നറിയിപ്പേകുന്നത്. ലേസർ പ്രകാശം നേരിട്ട് കണ്ണിലേക്കടിച്ചാൽ അത് കണ്ണിലെ റെറ്റിനയെ ബാധിച്ച് സ്ഥിരമായ തകരാറുണ്ടാക്കുകയും ചെയ്തേക്കാം. എത്ര ദൂരത്ത് നിന്നും ലേസർ പെൻ അടിക്കുന്നുവെന്നും ഏത് അളവിലാണ് ലേസർ ലൈറ്റ് കണ്ണിലെത്തുന്നുവെന്നതിനെയും ആശ്രയിച്ചാണിതിന്റെ പരുക്ക് നിർണയിക്കപ്പെടുന്നത്.

ലേസർ പ്രകാശത്തിൽ നിന്നും വരുന്ന അതി ദീപ്തി കാഴ്ച ശക്തിയെ കുറയ്ക്കുകയും കുറച്ച് നേരം അന്ധതയ്ക്ക് കാരണമാവുകയും ചെയ്യുന്നതാണ്.ഇക്കാരണത്താൽ നിർണായക വേളയിൽ പൈലറ്റിന് വിമാനത്തെ നിയന്ത്രിക്കുകയെന്നത് പ്രയാസമുള്ള കാര്യമാവുകയും ഇത് കടുത്ത അപകടത്തിന് കാരണമാവുകയും ചെയ്യും. 2009 ജനുവരിക്കും 2015 ജൂണിനുമിടയിൽ ഏതാണ്ട് 9000 ലേസർ സംഭവങ്ങൾ യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സിവിൽ ഏവിയേഷൻ അഥോറിറ്റി വെളിപ്പെടുത്തിയിരിക്കുന്നത്. വിമാനത്തിന് നേരെ പൈലറ്റിന്റെ കണ്ണഞ്ചിപ്പിക്കുന്ന രീതിയിലോ ശ്രദ്ധതിരിക്കുന്ന രീതിയിലോ ലൈറ്റടിക്കുന്നത് നിയമവിരുദ്ധമാണ്.