- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവിധ സുരക്ഷയോടെയും സ്വന്തം വീട്ടിൽ സുഖജീവിതം; തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി ഭീകരരുമായി കൂടിക്കാഴ്ച്ചകൾക്കും അവസരം; കൊടുംഭീകരൻ ഹാഫിസ് സെയിദിന് എല്ലാ ഒത്താശയും ചെയ്ത് ഇമ്രാൻ ഖാൻ സർക്കാർ; മുംബൈ ഭീകരാക്രമണത്തിന്റെ 12-ാം വാർഷിക ദിനത്തിൽ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കറാച്ചി: പത്തു വർഷത്തെ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ലഷ്‌കർ ഇ തൊയിബ സ്ഥാപകൻ ഹാഫിസ് സെയിദിന് പാക്കിസ്ഥാനിൽ സുഖജീവിതം. ലോകം മുഴുവൻ ജയിലിലെന്ന് കരുതുന്ന കൊടും ഭീകരൻ സ്വന്തം വീട്ടിൽ അതീവ സുരക്ഷയിൽ കഴിയുകയാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നു. അതീവ സുരക്ഷയിൽ കഴിയുന്നതിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയ ഇമ്രാൻ ഖാൻ സർക്കാർ അതിഥികളെ സ്വീകരിക്കുന്നതിന് ഉൾപ്പെടെയുള്ള സ്വാതന്ത്ര്യവും ഹാഫിസ് സെയിദിന് നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ജമാ അത് ഉദ് ദവയുടെ തലവനുമായ ഹാഫിസ് സയീദിന് രണ്ട് തീവ്രവാദക്കേസുകളിലാണ് പാക്കിസ്ഥാൻ കോടതി ഈ വർഷം പത്തുവർഷം തടവുശിക്ഷ വിധിച്ചിരുന്നത്. ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ കോടതി ശിക്ഷിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ഹാഫിസിനെയും ചില കൂട്ടാളികളെയും തീവ്രവാദത്തിന് ധനസഹായം നൽകിയ കേസിൽ11വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
2008ൽ മുംബയിൽ നടന്ന ഭീകരാക്രമണത്തിൽ മുഖ്യസൂത്രധാരനാണ് ഹാഫിസ് സെയ്ദ്. ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഇയാളെ ആഗാേള തീവ്രവാദികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പത്ത് മില്യൻ ഡാേളറാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരുന്നത്. ഭീകരവാദത്തിന് ധനസഹായം നൽകിയ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലായിലാണ് ഹാഫിസ് സെയ്ദിനെ പാക്കിസ്ഥാൻ അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ ലാഹോറിലെ ഘോട്ട് ലാഘ്പത്തിൽ കരാഗൃഹ വാസത്തിലാണ് ഹാഫിസ് എന്നായിരുന്നു പാക്കിസ്ഥാനി മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ‌്തിരുന്നത്. എന്നാൽ ഇതെല്ലാം തന്നെ വ്യാജമാണെന്ന റിപ്പോർട്ടാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിടുന്നത്.ഹാഫിസ് ലാഹോറിലെ ജയിലില്ല മറിച്ച് വീട്ടിൽ അതീവ സുരക്ഷയിൽ സുഖവാസത്തിലാണെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അതിഥികളെ സ്വീകരിക്കാനും സൽക്കരിക്കാനുമുള്ള സകല സ്വാതന്ത്ര്യവും ഇമ്രാൻ ഖാൻ സർക്കാർ നൽകിയിരിക്കുന്നത്.
സയിദിനെ വീട്ടിൽ വന്ന് സന്ദർശിച്ച പ്രധാനികളിൽ ഒരാൾ ലഷ്‌കർ ഇ തൊയ്‌ബ തലവൻ സക്കി ഉർ റഹ്‌മാൻ ലഖ്‌വിയാണെന്നാണ് റിപ്പോർട്ട്. ജിഹാദി പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിനാണ് ഇരു ഭീകരരും കൂടിക്കാഴ്‌ച നടത്തിയതെന്ന് സൂചനയുണ്ട്. സെയിദ് പോലെ തന്നെ ഐക്യരാഷ്‌ട്ര സംഘടന കൊടുംഭീകരനായി പ്രഖ്യാപിച്ചയാളാണ് ലഖ്‌വിയും. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ലഖ്‌വി. ഇന്ത്യയുടെ സമ്മർദ്ദത്തിന്റെ ഫലമായി പാക്കിസ്ഥാനി സുരക്ഷാ സേന പലതവണ ലഖ്‌വിയെ അറസ്‌റ്റ് ചെയ‌്തെങ്കിലും തന്റെ ബോസായ ഹാഫിസ് സെയിദിനെ പോലെ നിഷ്‌പ്രയാസം ഇയാൾ സ്വതന്ത്രനാവുകയായിരുന്നു.
മുംബൈ ഭീകരാക്രമണം നടന്നിട്ട് 12 വർഷങ്ങൾ പിന്നിടുമ്പോഴും, അതിന് പിന്നിൽ പ്രവർത്തിച്ച കുബുദ്ധികൾക്കു നേരെ ഒരു ചെറുവിരൽ അനക്കാൻ പോലും പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല. അവർ അതിന് ശ്രമിച്ചിട്ടില്ല എന്നുപറയുന്നതാണ് ശരി. ആക്രണം നടത്താനെത്തിയ ഭീകരരിൽ ഇന്ത്യൻ സൈന്യം ജീവനോടെ പിടികൂടിയ അജ്‌മൽ കസബിനെ 2012 നവംബർ 21ന് ഇന്ത്യ തൂക്കിലേറ്റി.
മുംബൈ ഭീകരാക്രമണം
2008ൽ ഇതേ ദിവസമായിരുന്നു കടൽ മാർഗമെത്തിയ പാക് ഭീകരവാദികളുടെ ആക്രമണത്തിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം വിറങ്ങലിച്ചത്. നാലുദിവസം നീണ്ടുനിന്ന ആക്രമണത്തിനൊടുവിൽ വിദേശികൾ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ദേശീയ സുരക്ഷ സംബന്ധിച്ച് കാതലായ മാറ്റങ്ങൾ കൊണ്ടുവരാനും പുതിയ പ്രതിരോധ മാർഗങ്ങൾ അവലംബിക്കാനും ഇന്ത്യയെ പ്രേരിപ്പിച്ചത് ഈ ആക്രമണ പരമ്പരയായിരുന്നു. പത്ത് ലഷ്കർ ഇ തയ്ബ ഭീകരവാദികൾ തിരക്കേറിയ സമയത്ത് മുംബൈ നഗരത്തിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഒമ്പത് തീവ്രവാദികളും സുരക്ഷാ വിഭാഗവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കർക്കറെ, മലയാളിയായ എൻഎസ്ജി കമാൻഡോ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരും വീരമൃത്യു വരിച്ചു. മൂന്നു ദിവസം നീണ്ട ഓപ്പറേഷനോടുവിൽ ഭീകരരെ കൊലപ്പെടുത്തുകയും അജ്മൽ കസബിനെ ജീവനോടെ പിടികൂടുകയും ചെയ്തു. കസബ് തങ്ങളുടെ പൗരനാണെന്ന് പാക്കിസ്ഥാൻ പിന്നീട് സമ്മതിച്ചു. കസബിനെ പിന്നീട് തൂക്കിലേറ്റി.
മറുനാടന് ഡെസ്ക്