ശ്രീനഗർ: അതിർത്തി കടന്നുള്ള ഭീകരതയിൽ പാക്കിസ്ഥാൻ പങ്ക് തുറന്നുപറഞ്ഞ് ഇന്ത്യയിലേക്കുള്ള നുഴഞ്ഞു കയറ്റശ്രമത്തിനിടെ പിടിയിലായ ലഷ്‌കറെ തയ്ബ ഭീകരൻ അലിബാബർ പാത്ര. പാക് സൈന്യവും ഐഎസ്‌ഐയുമായാണ് തനിക്ക് പരിശീലനം നൽകിയതെന്ന് 19കാരനായ അലി ബാബർ വെളിപ്പെടുത്തി.

പാക് ഭീകരവാദിയുടെ വീഡിയോ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. ദാരിദ്ര്യവും മതവിശ്വാസവും ചൂഷണം ചെയ്തു. അമ്മയുടെ ചികിൽസയ്ക്കായി 20,000 രൂപ നൽകി. ഇസ്‌ലാം അപകടത്തിലാണെന്ന് പറഞ്ഞു. ദൗത്യം പൂർത്തിയാക്കിയ ശേഷം 30,000 രൂപ കൂടി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും അലി കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച ഉറി സെക്ടറിൽ നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടയിൽ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയ അലി ബാബർ പത്ര എന്ന ഭീകരനാണ് വീഡിയോയിലുള്ളത്. 19 വയസ്സാണ് അലിയുടെ പ്രായം. ഉറി സെക്ടറിലെ ഒരു സൈനിക ക്യാമ്പിൽ മാധ്യമങ്ങളുമായി അലി സംവദിക്കുന്നതാണ് വീഡിയോയിലുള്ളത്.

 

അതിർത്തി കടന്ന് ബാരാമുള്ള ജില്ലയിലെ പട്ടനിലെത്തി ആയുധം വിതരണം ചെയ്യാൻ തനിക്ക് 20,000 രൂപ നൽകിയെന്നും മാധ്യമപ്രവർത്തകരോട് അലി പറഞ്ഞു. മുസാഫറബാദിലെ ലഷ്‌കർ ക്യാമ്പിലാണ് തനിക്ക് പരിശീലനം ലഭിച്ചതെന്നും ആറംഗ ഭീകരസംഘത്തിനൊപ്പം സെപ്റ്റംബർ 18-നാണ് നുഴഞ്ഞുകയറിയതെന്നും അലി വ്യക്തമാക്കി.

പാക്കിസ്ഥാൻ സൈന്യം വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ട് യുവാക്കളെ സ്വാധീനിക്കുകയും കശ്മീരിൽ അക്രമത്തിനായി അതിർത്തി കടത്തിവിടുകയും ചെയ്യുന്നതായി അലിബാബർ പറഞ്ഞു. പാക്കിസ്ഥാൻ പഞ്ചാബ് സ്വദേശിയാണ്. ഉറിയിൽ അലിബാബർ അടക്കം ആറ് ഭീകരർ നടത്തിയ നുഴഞ്ഞുകയറ്റശ്രമം പത്ത് ദിവസം നീണ്ട ഏറ്റുമുട്ടലിലാണ് സുരക്ഷാസേന തകർത്തത്.

സൈന്യവും നുഴഞ്ഞുകയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പാക്കിസ്ഥാൻ ഭീകരൻ കൊല്ലപ്പെട്ടു. അലി ബാബറിനെ സൈനികർ ജീവനോടെ പിടികൂടി. നാല് നുഴഞ്ഞുകയറ്റക്കാർ അതിർത്തി കടക്കാതെ പിന്മാറി. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്കു പരുക്കേൽക്കുകയും ചെയ്തു. ആറംഗ സംഘത്തിൽ രണ്ട് പേരാണ് അതിർത്തി കടന്നെത്തിയത്. ഒരാൾ വെടിയേറ്റുവീണതിനെ തുടർന്ന്, തന്നെ കൊല്ലരുതെന്ന് അപേക്ഷിച്ച അലിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പിതാവ് മരിച്ചതോടെയാണ് പാത്ര ലഷ്‌കറിൽ ചേരുകയും അതിന് കീഴിൽ പരിശീലനം നടത്താനും തുടങ്ങിയത്. പാക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടേയും പരിശീലനം ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലുള്ള അമ്മയുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും ഇന്ത്യൻ സൈന്യത്തിന് കൈമാറിയിട്ടുണ്ടെന്നും പാത്ര കൂട്ടിച്ചേർത്തു.