കൊച്ചി: കൊച്ചിയിൽ മുക്കിന് മുക്കിന് ലസി ഷോപ്പുകാളാണ്. ഏറെ രുചിയുള്ളതിനാൽ ആവിശ്യക്കാർ ഏറെയുള്ളതാണ് ഇത്തരത്തിൽ ലസി ഷോപ്പുകൾ കൊച്ചിയിൽ പെരുകാൻ കാരണം. ലസിക്ക് ഇത്രയും രുചി വരാനുള്ള കാരണം കഴിഞ്ഞ ദിവസം ജി.എസ്.ടി ഉദ്യോഗസ്ഥർ ലസി നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ പരിശോദനയോടെയാണ് പുറം ലോകം അറിഞ്ഞത്. നായ്ക്കാഷ്ഠവും മലിന ജലവും മാരകമായ രാസ പദാർത്ഥങ്ങളും ഉപയോഗിച്ചുള്ള നിർമ്മാണമായിരുന്നു ഇവിടെ നടന്നത്. പരിശോദനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയ മാമംഗലം പൊറ്റക്കുഴി റോഡിലെ ലസി നിർമ്മാണ ശാലയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തി സാമ്പിളുകൾ എടുക്കുകയും പൂട്ടുകയും ചെയതു.

വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയ ലസി നിർമ്മാണ ഉൽപന്നങ്ങൾ നശിപ്പിക്കാൻ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്കു മാറ്റി. ആയിരം ലീറ്റർ തൈര് ഉൾപ്പെടെ അഞ്ചു ടണ്ണോളം ഭക്ഷ്യവസ്തുക്കളാണു നീക്കം ചെയ്തത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും നഗരസഭാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു നടപടി. ലസി ഷോപ്പിന്റെ കലൂർ, കടവന്ത്ര, കലൂർ സ്റ്റേഡിയം, ബാനർജി റോഡ് കടകളിലേക്ക് കൊണ്ടുപോകാനുള്ള ലസി നിർമ്മാണമാണ് ഇവിടെ നടന്നതെന്ന് പരിശോധനയിൽ തെളിഞ്ഞു. ആവശ്യാനുസരണം മറ്റു കടകളിലും നൽകിയിരുന്നു.

നഗരത്തിൽ അടുത്തിടെ വ്യാപകമായി തുടങ്ങിയ പല ലസിക്കടകളിലും ഇവിടെ നിന്നാണ് ലസി എത്തിക്കുന്നതെന്ന് ഇവിടത്തെ തൊഴിലാളികൾ പറഞ്ഞു. പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെത്തുമ്പാൾ മൂന്നു മറുനാടൻ തൊളിലാളികളേ ആ വീട്ടിലുണ്ടായിരുന്നുള്ളൂ. ഒരു മുറിയിലായിരുന്നു ഇവരുടെ താമസം. മറ്റു മുറികളിൽ ലസിയുണ്ടാക്കാനുള്ള സാധനങ്ങളും പാത്രങ്ങളും മറ്റുമായിരുന്നു. നായ്ക്കളും ഈ മുറികളിലായിരുന്നു. ഉദ്യോഗസ്ഥർ വരുമ്പോൾ നായ്ക്കാഷ്ഠം ഉൾപ്പെടെ മുറികളിലുണ്ടായിരുന്നു. ലസിയുണ്ടാക്കിവച്ച പാത്രം തുറന്നാണ് വച്ചിരുന്നത്. അടുത്ത് നായ്ക്കാഷ്ഠവും കക്കൂസിലെ വെള്ളവും. ഉദ്യോഗസ്ഥർ വന്നശേഷമാണ് നായ്ക്കളെ പുറത്താക്കിയത്. പിന്നീട് അവിടം കഴുകി. എങ്കിലും വൃത്തിഹീനമായിരുന്നു.

മറുനാടൻ തൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു ലസി നിർമ്മാണം. അതിനായി വെള്ളമെടുക്കുന്നത് വീട്ടിനുള്ളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കക്കൂസിൽ നിന്നുമാണ്. ഈ വെള്ളം പൈപ്പുവഴിയെത്തുന്നത് ചീഞ്ഞുനാറിയ, കിണറ്റിൽ നിന്നാണ്. കാനയിലേതുപോലെ ഇരുണ്ടുപതഞ്ഞ വെള്ളമായിരുന്നു ആ കിണറ്റിൽ കണ്ടത്. മാലിന്യങ്ങൾ വീണഴുകിയിരുന്നു. കടുത്ത ദുർഗന്ധവും. ഈ വെള്ളംകൊണ്ടാണ് ലസിയുണ്ടാക്കുന്നതെന്ന് അറിഞ്ഞ നാട്ടുകാരും ഉദ്യോഗസ്ഥരും ഞെട്ടിത്തരിച്ചു നിന്നു. 'പട്ടിയുണ്ട് സൂക്ഷിക്കുക' എന്ന ബോർഡുള്ള ഈ വീട്ടിലേക്ക് അധികമാരും ചെല്ലാറില്ലെന്ന് നാട്ടുകാർ പറയുന്നു. നായ്ക്കളെ വളർത്തുന്നത് വീടുനുള്ളിൽ തന്നെയാണ്. ലസിയുണ്ടാക്കുന്ന പാത്രങ്ങൾക്കു ചുറ്റിലും ലസിക്കായുള്ള സാധനങ്ങൾ സൂക്ഷിച്ചിട്ടുള്ള മുറികൾക്കുള്ളിലും നായ്ക്കാഷ്ഠവും മൂത്രവുമായിരുന്നു.

കൊച്ചി നഗരത്തിലെ നാൽപതോളം ചില്ലറ വിൽപന സ്റ്റാളുകളിലേക്ക് ലസി എത്തിക്കുന്നത് ഇവിടെ നിന്നാണെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം സ്ഥിരീകരിച്ചു. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് ജിഎസ്ടി ഉദ്യോഗസ്ഥർ ഇവിടെയെത്തിയപ്പോഴാണ് വൃത്തിഹീനമായ അന്തരീക്ഷത്തിൽ ലസി ഉണ്ടാക്കുന്നതു പുറംലോകമറിഞ്ഞത്. തുടർന്നു ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഇതു ബോധ്യപ്പെട്ടതിനെത്തുടർന്നാണു നടപടി.

ഉൽപന്നങ്ങൾ മുദ്രവച്ചതിനെത്തുടർന്നു കഴിഞ്ഞദിവസം അടപ്പിച്ച സ്ഥാപനത്തിനു നിയമപരമായ ഒരു ലൈസൻസും ഇല്ലെന്നു നഗരസഭ കണ്ടെത്തിയതോടെ ഇന്നലെ പൂട്ടിച്ചു. ചോക്ലേറ്റ് ലസിക്ക് ഉപയോഗിക്കുന്ന പൊടിയുടെ പൊതികൾ കണ്ടെത്തിയതു നായയുടെ വിസർജ്യത്തിനൊപ്പം. ഡ്രൈ ഫ്രൂട്ട് ലസി നിർമ്മിക്കാൻ സൂക്ഷിച്ചിരിക്കുന്ന ഈന്തപ്പഴത്തിനകത്തു പുഴുക്കൾ. ലസി കലക്കാൻ ഉപയോഗിക്കുന്നതു മലിനജലം. ഇതൊക്കെയായിരുന്നു കേന്ദ്രത്തിലെ അവസ്ഥ. നഗരത്തിൽ പലയിടങ്ങളിലായി വിവിധ പേരുകളിൽ വിൽക്കപ്പെടുന്ന ലസി എത്തിക്കുന്നത് ഇവിടെനിന്നാണെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥിരീകരിച്ചു.

പൊള്ളാച്ചിയിൽ നിന്നെത്തിക്കുന്ന പാക്കറ്റ് പാലാണ് ലസിക്കായി ഉപയോഗിക്കുന്നത്. പാൽ, സിന്തറ്റിക് പൗഡറുകൾ എന്നിവയുടെ സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. ആദ്യദിവസം ശേഖരിച്ചതുൾപ്പെടെ മൊത്തം 13 സാംപിളുകളാണു പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ സക്കീർ ഹുസൈൻ, ടി.ബി. ദിലീപ്, ജോസ് ലോറൻസ് എന്നിവരാണ് ഇന്നലെ പരിശോധനയ്ക്കു നേതൃത്വം നൽകിയത്. സ്ഥാപനത്തിലെ വൃത്തിഹീനമായ സാഹചര്യം ആദ്യം കണ്ടെത്തിയ ജിഎസ്ടി ഉദ്യോഗസ്ഥരും എത്തിയിരുന്നു.

കേന്ദ്രത്തിന്റെ മുഖ്യനടത്തിപ്പുകാരൻ തൃശൂർ സ്വദേശിയാണെന്നും ഇയാൾക്കു നഗരത്തിൽ ഇത്തരത്തിൽ രണ്ടു കേന്ദ്രങ്ങൾ കൂടിയുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, സ്ഥാപനത്തിലെ ജോലിക്കാരായ ഇതര സംസ്ഥാനത്തൊഴിലാളികളുടെ പേരിലാണു ബില്ലുകളും മറ്റും തയാറാക്കിയിരുന്നത്. ഇതു ദുരൂഹതയുണ്ടാക്കുന്നുണ്ട്. നഗരത്തിലെ മുഴുവൻ ലസി വിൽപന കേന്ദ്രങ്ങളിലും പരിശോധന നടത്താനാണു നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും തീരുമാനം.

സംഭവത്തെ തുടർന്ന് കലൂർ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചിരുന്ന ലസി വിൽപനശാല യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകർത്തു. സംഭവത്തിൽ ഏഴു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അതേ സമയം നഗരത്തിലെ എല്ലാ ലസി ഷോപ്പുകളും ഇപ്പോഴും തുറന്ന് പ്രവർത്തിക്കുകയാണ്. ഇവിടെ ലസി ഒഴികെയുള്ളവയാണ് വിൽപ്പന നടത്തുന്നതെന്ന് ആരോഗ്യ വിഭാഗം സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൺ വി.കെ. മിനിമോൾ പറഞ്ഞു. നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറന്തള്ളുന്നതിന്റെ പേരിൽ ഇവർക്കെതിരേ നടപടി സ്വീകരിക്കാനിരിക്കുകയായിരുന്നെന്നും അവർ അറിയിച്ചു.