- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽവേ പാളത്തിലൂടെ നടന്നുവരുന്ന വിദ്യാർത്ഥികൾ കാണുന്നത് കോട മഞ്ഞിനുള്ളിലേക്ക് മായുന്ന ഹെലികോപ്ടർ; പൊട്ടിത്തകരുന്ന ശബ്ദം കേട്ട് 'ഉടഞ്ചിരിച്ചാ.. എന്ന് ചോദിക്കുന്നു; ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽ പെടുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ പുറത്ത്; ഹെലികോപ്റ്ററിന്റെ ഡാറ്റ റെക്കോർഡറും കണ്ടെത്തി
കൂനൂർ: കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേർ മരിക്കാനിടയായ ഹെലികോപ്റ്റർ അപകടത്തിന്റെ തൊട്ടുമുൻപുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഹെലികോപ്റ്റർ തകർന്നു വീഴുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. . ദൃശ്യങ്ങളിൽ ഹെലികോപ്റ്റർ മൂടൽമഞ്ഞിലേക്ക് പറക്കുന്നത് കാണാം. റെയിൽവേ പാളത്തിലൂടെ വിദ്യാർത്ഥികളെന്ന് തോന്നിക്കുന്ന സംഘം നടന്നുവരുമ്പോഴാണ് ഹെലികോപ്ടർ കാണുന്നത്. കോടമഞ്ഞിലേക്ക് ഹെലികോപ്ടർ മായുന്നതും പിന്നാലെ എന്തിലോ ഇടിച്ചു തകരുന്ന ശബ്ദവും കേൾക്കുന്നു.
വലിയ ശബ്ദം കേട്ട് 'ഉടഞ്ചിരിച്ചാ.. എന്നാണ് കൂട്ടത്തിലൂള്ളവർ പറയുന്നത്. ഹെലികോപ്റ്റർ തകർന്നെന്ന് നാട്ടുകാർ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ തെളിവായി അന്വേഷണ സംഘം ശേഖരിച്ചു. 19 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോടമഞ്ഞാണ് അപകടത്തിന് ഇടയാക്കിയതെന്ന് വ്യക്തമാക്കുന്ന വീഡിയോകളാണ് പുറത്തുവരുന്നത്. ദൃശ്യങ്ങൾ തകർന്ന ഹെലികോപ്ടറിന്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ അന്വേഷണസംഘം തെളിവായി ശേഖരിച്ചു.
അതേസമയം അപകടത്തെ കുറിച്ച് ഹെലികോപ്ടർ അപകടത്തിൽ അന്വേഷണം തുടരുന്നു. വ്യോമസേനാ മേധാവി വിആർ ചൗധരി അപകടം നടന്ന സ്ഥലത്തെത്തി തകർന്ന ഹെലികോപ്റ്റർ പരിശോധിച്ചു. വ്യാഴാഴ്ച കാലത്ത് തമിഴ്നാട് ഡിജിപി സി ശൈലേന്ദ്ര ബാബുവിനൊപ്പമാണ് കരസേനാ മേധാവി നീലഗിരിയിലെ കൂനൂരിന് സമീപമുള്ള അപകടസ്ഥലം സന്ദർശിച്ചത്.
അപകടകാരണം കണ്ടെത്താനായി വിങ് കമാൻഡൻ ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയും തുടരുകയാണ്. 25 അംഗ പ്രത്യേക വ്യോമസേനാ സംഘം ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ ഉൾപ്പടെ വിശദമായി പരിശോധിച്ചുവരികയാണ്. ഹെലികോപ്റ്ററിന്റെ ഫ്ളൈറ്റ് ഡേറ്റ റെക്കോർഡർ കണ്ടെത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ബിപിൻ റാവത്ത് ഉൾപ്പടെയുള്ള 14 പേർ സഞ്ചരിച്ച ഹെലികോപ്റ്റർ ബുധനാഴ്ച ഉച്ചയ്ക്കാണ് കൂനൂർ കാട്ടേരിയിലെ നഞ്ചപ്പഛത്രത്ത് തകർന്നുവീണത്. അപകടത്തിൽ 13 പേരും മരണപ്പെട്ടിരുന്നു. രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച പാർലമെന്റിൽ പ്രസ്താവന നടത്തും. വിവരമറിഞ്ഞ ഉടൻ പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയിൽ പ്രതിരോധമന്ത്രാലയത്തിൽ ഉന്നതതല യോഗം ചേർന്ന് അപകട വിവരങ്ങൾ വിലയിരുത്തിയിരുന്നു. അന്വേഷണം നടക്കുന്നതിനാൽ അപകട കാരണങ്ങൾ സംബന്ധിച്ച കാര്യങ്ങളിലേക്ക് പ്രതിരോധമന്ത്രി കടക്കാനിടിയില്ല.
നീലഗിരി കുന്നൂരിനടുത്ത കാട്ടേരി വനഭാഗത്തോടു ചേർന്ന തോട്ടത്തിലെ മലഞ്ചരിവിൽ, നഞ്ചപ്പൻചത്തിരം കോളനിക്കു സമീപമാണ് കോപ്ടർ നിലംപതിച്ചത്. തമിഴ്നാട് സർക്കാറിനു കീഴിലുള്ള ഹോർട്ടികൾചർ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തോട്ടമാണിത്. വന്മരങ്ങൾക്കു മുകളിൽ വൻശബ്ദത്തോടെ തകർന്നുവീണയുടൻ കോപ്ടറിന് തീപിടിച്ചു. കോപ്ടറിന്റെ ഭാഗങ്ങൾ ചിന്നിച്ചിതറി.
എസ്റ്റേറ്റ് തൊഴിലാളികളും സമീപവാസികളും ഓടിയെത്തിയെങ്കിലും തീ ആളിക്കത്തിയതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിട്ടു. അഗ്നിശമന വിഭാഗങ്ങളും പൊലീസ്-പട്ടാള യൂനിറ്റുകളുമെത്തുന്നതിനു മുമ്പ് നാട്ടുകാർ തീയണക്കാൻ വിഫലശ്രമം നടത്തി. കോപ്ടർ ടാങ്കറിലെ ഇന്ധനത്തിന് തീപിടിച്ചതായാണ് വിവരം. സംഭവം നടന്ന് ഒന്നര മണിക്കൂറിനുശേഷമാണ് ഫലപ്രദമായി തീയണക്കാനും രക്ഷാപ്രവർത്തനം നടത്താനും കഴിഞ്ഞത്. കാട്ടേരി നഞ്ചപ്പൻചത്തിരം കോളനിയിൽ 50ഓളം തൊഴിലാളി കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നത്.
കോളനിയിൽനിന്ന് 100 മീറ്റർ അകലെയാണ് കോപ്ടർ തകർന്നുവീണത്. സംഭവസ്ഥലത്ത് കണ്ടെടുത്ത അഞ്ചുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ചില മൃതദേഹങ്ങൾ കൈകാലുകൾ വേർപെട്ട നിലയിലും. നാലുപേരെ ജീവനോടെ വെലിങ്ടണിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേർ മരിച്ചു. ഇവർക്ക് 80-90 ശതമാനം പൊള്ളലേറ്റിരുന്നു. ആറു മിനിറ്റിനകം വെലിങ്ടൺ സൈനിക താവളത്തിലിറങ്ങാനിരിക്കെയാണ് ദുരന്തമുണ്ടായത്.
മറുനാടന് ഡെസ്ക്