- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ലതയുടെ സംഗീതത്തിന് പകരം രാജ്യം കൈമാറാമെന്ന് പാക് പ്രധാനമന്ത്രി! ചൈനീസ് യുദ്ധത്തിന്റെ മുറിവ് മറന്ന് നെഹ്റു വിതുമ്പിയ ആലാപനം; റെക്കോർഡിങ്ങ് സമയത്ത് ചെരുപ്പ് ഉപയോഗിക്കാത്ത സംഗീത ഉപാസക; വേദിയിലെ പരിപാടികളിൽ മഴ പതിവ്; ശബ്ദ മാധുര്യത്തിന് കാരണം കോലാപൂരി മുളകെന്ന് വിശ്വാസം; അവിവാഹിതയും ക്രിക്കറ്റ് പ്രേമിയും; ലതാ മങ്കേഷ്ക്കറിന്റെ ഇതിഹാസ ജീവിതം
വിശേഷണങ്ങളുടെ രാജകുമാരി. അന്തരിച്ച ഗായിക ലതാ മങ്കേഷ്ക്കർ, എഴുത്തുകാരൻ രാമചന്ദ്രഗുഹ ചൂണ്ടിക്കാട്ടിയപോലെ, ശരിക്കും 'സൂപ്പർലേറ്റീവ്സുകളുടെ പ്രിൻസസ്' തന്നെ ആയിരുന്നു. ജീവിച്ചിരിക്കേ അവർക്ക് കിട്ടാത്ത വിശേഷണങ്ങൾ ഒന്നുമില്ല. അവാർഡുകളുമില്ല. കേവലം വാനമ്പാടിക്കും, ഗാനകോകിലത്തിനും, ഗന്ധർവനുമെല്ലാം അപ്പുറം, ഇന്ത്യയുടെ എല്ലാമെല്ലാമായിരുന്നു അവർ. പാട്ടിന്റെ താജ്മഹൽ, ഇന്ത്യയുടെ സ്വരമഹാദ്ഭുതം! രാജ്യം രണ്ടുദിവസം ഔദ്യോഗിക ദുഃഖാചരണം ആചരിച്ചുകൊണ്ടാണ്, 91ാം വയസ്സിലെ ഈ കലാകാരിയുടെ വിയോഗത്തിനുമുന്നിൽ തലകുനിക്കുന്നത്.
പാമ്പാട്ടികളുടെയും, അപരിഷ്കൃതരുടെയും നാടാണ് ഇന്ത്യ എന്ന് വിചാരിക്കുന്നവരുടെ മുന്നിൽ നമുക്ക് തല ഉയർത്തി സമർപ്പിക്കാനുള്ള ഒരു ആഗോള ബ്രാൻഡ് ആയിരുന്നു ലതാമങ്കേഷ്ക്കർ. കരീബിയൻ ദ്വീപുകളിലും ആഫ്രിക്കയിലും അമേരിക്കയിലും, ഗൾഫ് നാടുകളിലും എന്തിന് റഷ്യയിലും ചൈനയിലുംപോലും ആരാധകർ ഉള്ള ഗായിക. 70കളുടെ അവസാനം ലതാമങ്കേഷ്ക്കർ നടത്തിയ വിദേശ പര്യടനത്തിൽ, അവർ വരുന്ന ദിവസം യൂറോപ്യൻ രാജ്യങ്ങൾപോലും പ്രാദേശിക അവധി കൊടുക്കേണ്ടി വന്നു. പതിനായിരങ്ങളാണ് അമേരിക്കയിലും കാനഡയിലുമൊക്കെ തടിച്ചു കൂടിയത്.
ദേശത്തിനും ഭാഷക്കും അപ്പുറത്തായിരുന്നു ലതാജിയുടെ സംഗീതം. പ്രമുഖരായ പല രാഷ്ട്ര നേതാക്കളും അവരുടെ ആരാധകർ ആയിരുന്നു. ഇതിൽ പ്രധാനിയായിരുന്നു മുൻ പാക്് പ്രധാനമന്ത്രി സൂൾഫിക്കർ അലി ഭൂട്ടോ. ഒരിക്കൽ ലതയുടെ സംഗീതത്തെക്കുറിച്ച് പറയവേ, അതിന് പകരം പാക്കിസ്ഥാൻ കൈമാറമെന്ന് പറഞ്ഞ ഉപമ ഭൂട്ടോക്ക് വലിയ വിനയായി. പാക്കിസ്ഥാനിലെ മതമൗലിക വാദികൾ ഒന്നടങ്കം തിരിഞ്ഞതോടെ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ്, ഭൂട്ടോക്ക് തടിയെടുക്കേണ്ടി വന്നു. എതാനും വർഷങ്ങൾക്ക്ശേഷം ഭൂട്ടോക്ക് സ്വന്തം രാജ്യം വിധിച്ചത് കഴുമരമാണെന്നതും ചരിത്രത്തിന്റെ കാവ്യ നീതി.
ചൈന യുദ്ധത്തിന്റെ തോൽവിയിൽ മുറിവേറ്റ നെഹ്റു, ലതയുടെ പാട്ടുകേട്ട് വിതുമ്പിയത് അടക്കമുള്ള ഒട്ടേറെ സംഭവങ്ങൾ അവരുടെ പേരിൽ ആരാധകർക്ക് പറയാനുണ്ട്. പക്ഷേ അവരുടെ ബാല്യവും കൗമാരവും പലരും കരുതുന്നതുപോലെ അത്ര സന്തോഷകരമായിരുന്നില്ല. ദാരിദ്രത്തോട് പടപൊരുതിക്കൊണ്ട് തന്നെയാണ് അവർ ഇന്ന് ഈ നിലയിൽ ഉയർന്നുവന്നത്.
പിതാവിന്റെ മൃതദേഹത്തിനുമുന്നിൽ പകച്ച്
മറാത്ത നാടകവേദിയിലെ ഗായകൻ, നടൻ, സംവിധായകൻ എന്നീ നിലകളിൽ നിറഞ്ഞു നിന്ന ദീനനാഥ് മങ്കേഷ്കറുടെ അഞ്ചുമക്കളിൽ മൂത്തയാളായി 1929ൽ ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലാണ് ലത ജനിച്ചത്. അമ്മ ശുദ്ധമാതി. ലത മങ്കേഷ്കറിന്റെ ആദ്യനാമം ഹേമ എന്നായിരുന്നു. പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി, പേരു ലത എന്നാക്കിമാറ്റുകയാണുണ്ടായത്. ഹൃദ്യനാഥ് മങ്കേഷ്കർ, ആശാ ഭോസ്ലേ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ് സഹോദരങ്ങൾ.
പിതാവിൽനിന്നാണ് ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ഒരുകാലത്ത് നല്ല നിലയിൽ ജീവിച്ചുരുന്ന ദീനനാഥിന്റെ തകർച്ചയും പെട്ടന്നായിരുന്നു. നാടകക്കമ്പനി പൊളിഞ്ഞു. നാട്ടിൽ രണ്ടാംലോക മഹായുദ്ധത്തിന്റെ ക്ഷാമവും ഭീതിയും. ലതക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. അന്ന് പകച്ചു നിന്ന കഥ അവർ പിന്നീട് പറഞ്ഞിട്ടുണ്ട്.
പൂണെയിലെ സസൂൻ ആശുപത്രിയുടെ ജനറൽ വാർഡിൽ പിതാവിന്റെ മൃതദേഹം വിറങ്ങലിച്ച് കിടക്കയാണ്. നേരമിരുട്ടും മുൻപ് ആ ശരീരം നാഴികകൾക്കപ്പുറത്തുള്ള വീട്ടിൽ എത്തിക്കണം. പണവുമില്ല, വണ്ടിയുമില്ല. വേവലാതിയുമായി ആ അമ്മയും അഞ്ചു മക്കളും കാത്തിരിക്കയാണ്. ണ്ടാം ലോകമഹായുദ്ധ കാലമായതിനാൽ കർശനമായ കർഫ്യൂ ആയിരുന്നു. അടഞ്ഞു കിടക്കുന്ന കടകൾ. ആളൊഴിഞ്ഞ വീഥികൾ. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വിജനമായ തെരുവിലൂടെ പൊടിപടലങ്ങൾ ഉയർത്തി വന്നെത്തിയ ടാക്സിയുടെ ഡ്രൈവറോട് ദിനനാഥിന്റെ ഭാര്യ മായി മങ്കേഷ്കർ താണുകേണപേക്ഷിച്ചു. അയാൾക്ക് ദീനാനാഥിനെ അറിയാമായിരുന്നു. അങ്ങനെയാണ് മൃതദേഹം വീട്ടിലെത്തിയത്.
ദീനാനാഥിന് എന്താണ് പറ്റിയത് എന്ന ഡ്രൈവറുടെ ചോദ്യത്തിന് മായിക്കും മക്കൾക്കും മറുപടിയുണ്ടായിരുന്നില്ല. വെള്ളക്കുതിരകളെ പൂട്ടിയ വണ്ടിയിൽ രാജകുമാരനെ പോലെ ഇരുന്ന് ആരാധകരുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി താൻ വർഷങ്ങളോളം സഞ്ചരിച്ച വഴിയിലൂടെ ദിനനാഥ് ഒരു വിറങ്ങലിച്ച മൃതശരീരമായി തിരിച്ചുപോകുന്നത് കാണാൻ വഴിയോരത്ത് ഒരു ജീവി പോലും ഉണ്ടായിരുന്നില്ല.
പ്രശസ്തിയുടെ താരാപഥങ്ങളിൽ നിന്നുള്ള ദീനനാഥിന്റെ പതനം അവിശ്വസനീയമായിരുന്നു. കലാജീവിതത്തിൽ നേരിട്ട പ്രതിസന്ധികളും തുടർന്നുണ്ടായ കടുത്ത ദാരിദ്ര്യവും അദ്ദേഹത്തെ മദ്യത്തിന്റെ അടിമയാക്കി. എന്നും ആരാധനയോടെ മാത്രം അച്ഛനെ കണ്ട മക്കൾക്ക് ആ ചെറുപ്രായത്തിലും താങ്ങാനാവില്ലായിരുന്നു ആ ഭാവപ്പകർച്ച. 1942 ഏപ്രിൽ 24 ന് 41ാം വയസ്സിൽ കഥാവശേഷനായ ദീനനാഥ് മങ്കേഷ്കർക്ക് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയ ഏഴു പേരിൽ, പരേതന്റെ അടുത്ത ബന്ധുക്കളോ ആരാധകരോ സമൂഹത്തിലെ ഉന്നതരോ ഉണ്ടായിരുന്നില്ല. ഭാര്യ, അഞ്ചു മക്കൾ, പിന്നെ നാടകക്കമ്പനിയിലെ ഒരു സഹായിയും. പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കർ എന്ന മഹാകലാകാരന്റെ മരണം പിറ്റേന്നത്തെ പത്രങ്ങൾക്കു ഒരു വാർത്ത പോലുമായില്ല.
പാടാനറിയില്ലെന്ന് പറഞ്ഞ് മടക്കിയ ദുരനുഭവം
അങ്ങനെ എല്ലാം തകർന്നു നിൽക്കുന്ന ഒരു അവസ്ഥയിലാണ് ലത പതിമൂന്നാം വയസ്സിൽ നാടകാഭിനയത്തിലേക്കും പിന്നണി സംഗീതത്തിലേക്കും കടക്കുന്നത്. ആ വരവ് ചരിത്രമായി. 1942ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ 'നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി' എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്, എന്നാൽ ഈ ഗാനം സിനിമയിൽ നിന്ന് നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ ലത, പാഹിലി മംഗള-ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും 'നടാലി ചൈത്രാചി നവാലായി' എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943ൽ ഗജാബാഹു എന്ന ചിത്രത്തിലെ 'മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ' എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം.
1948ൽ ഷഹീദ് എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേർത്തതാണെന്ന് പറഞ്ഞ് നിർമ്മാതാവ് എസ്. മുഖർജി മടക്കി അയക്കുകയാണുണ്ടായത്. 1948ൽ ബോംബെ ടാക്കീസിനുവേണ്ടി നസീർ അജ്മീറി സംവിധാനം ചെയ്ത മജ്ബൂർ എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത 'മേരാ ദിൽ തോഡാ' എന്ന ഗാനമാണ് ലതാമങ്കേഷ്കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്. പിന്നെ അവർ തിരിഞ്ഞുനോക്കിയിട്ടില്ല.
15 ഭാഷകളിലായി നാൽപ്പതിനായിരത്തോളം സിനിമാഗാനങ്ങൾ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുമുണ്ട്. ഹിന്ദി സിനിമാഗാന രംഗം, ലതയും സഹോദരി ആഷഭോസ്ലെയും ഏതാണ്ട് പൂർണമായും കീഴടക്കി. ദിൽ തോ പാഗൽ ഹൈൽ, ദിൽ സേ, ഹം ആപ് കെ ഹൈൻ കോൻ എന്നീ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും ലതയെ തലമുറകളുടെ പ്രിയങ്കരിയാക്കുന്നു. ഏറ്റവും കൂടുതൽ പാടി ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ച ലതയുടെ സ്വരമാണ്, ലോകത്തിലെ ഏറ്റവും പക്വമായ ശബ്ദമെന്ന് കമ്പ്യൂട്ടറൈസ്ഡ് ഗ്രാഫ് പ്രകാരം ലണ്ടനിലെ റോയൽ ആൽബർട്ട് ഹാൾ എന്ന സംഘടന സമർത്ഥിക്കുന്നു.
ഇന്ന് സംഗീതത്തിന് വേണ്ടി ജീവിതം സമർപ്പിച്ച പിതാവിനു വേണ്ടി മക്കൾ പടുത്തുയർത്തിയ ഒരു സ്മാരകമുണ്ട് പൂണെയിൽ. ആറ് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ദീനനാഥ് മങ്കേഷ്ക്കർ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ.
നെഹ്റുവിനെ കരയിപ്പിച്ച ഗാനം
ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കണ്ണുകളെപ്പോലും ഈറനണിയിച്ച ഗായകയാണ് ലതാജി. 'ഏയ് മേരേ വതൻ കേ ലോഗോം' എന്ന അമര ഗാനത്തിന്റെ ഫീൽ ഒന്നു വേറെയാണ്. ഡൽഹിയിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ജനസാഗരത്തെ സാക്ഷി നിർത്തി 1963 ജനുവരി 27നാണ് ലത ഈ പാട്ട് ആദ്യം പാടുന്നത്. ചൈനയുമായുണ്ടായ യുദ്ധത്തിന്റെ തോൽവിയുടെ ചിതയിൽനിന്ന് രാജ്യം അപമാനിതമായ ഒരു കാലമായിരുന്നു അത്. ഒരു പക്ഷെ, ലതയും കൺമുന്നിൽ കടൽപോലെ വലിയൊരു ജനസഞ്ചയത്തെ അതിനു മുമ്പു കണ്ടിട്ടുണ്ടായിരുന്നില്ല.
സംഗീതസംവിധായകനും ഗായകനുമായ രാമചന്ദ്രയുടെ കുടെയാണ് ലതയുടെ പാട്ട്. രണ്ട് പാട്ട് വീതമാണ് വേദിയിൽ അവതരിപ്പിക്കേണ്ടത്. അങ്ങനെ രാമചന്ദ്രയുടെ ഊഴമെത്തി. ലത മങ്കേഷ്കർ വേദിയിൽ. തൊട്ടരികിൽ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു. അല്ലാഹ് തേരോ നാം എന്ന സുപ്രസിദ്ധ ഭജനാണ് ലത ആദ്യം പാടിയത്. ലതയുടെ ഗാനമാധുരിയിൽ ഒരുപക്ഷെ, എല്ലാവരും ഇതിനകംതന്നെ ഹൃദിസ്ഥമാക്കിയ ഭജൻ നിറഞ്ഞൈാഴുകി. ചെറിയ ഇടവേളയ്ക്കു ശേഷം രാമചന്ദ്രയുടെ രണ്ടാം ഗാനം. പിന്നാലെ അതുവരെ ആരും കേൾക്കാത്തൊരു ഗാനത്തിനു തുടക്കമായി. രണ്ട് മാസം മുമ്പ് അവസാനിച്ച യുദ്ധത്തിന്റെ ബാക്കിപത്രം പോലെ ലത പാടിത്തുടങ്ങി. പൊടുന്നനെ അന്തരീക്ഷം മാറിമറിഞ്ഞു. വേദിയിലും സദസ്സിലും എല്ലാവരും നിശബ്ദരായി. ഈരടികൾ മനസ്സിൽ കുത്തിക്കയറി. ഒടുവിൽ ഭേദിക്കാനാവാത്ത ആരവമായി. സദസ് നിർനിമേഷരായി ആ ഗാനധാരയിൽ അലിഞ്ഞു. മറ്റെല്ലാ ഗാനങ്ങളും ഉപകരണ സംഗീതത്തിന്റെ അതിശക്തമായ അകമ്പടിയോടെ ഉണർത്തുപാട്ടായപ്പോൾ രാമചന്ദ്രയുടെ മനസ്സിലെ ദേശഭക്തി അടിത്തറയിട്ടത് അതിർത്തിയിൽ പിടഞ്ഞു മരിച്ചവരുടെ വേദനയായിരുന്നു.
ചരണത്തിലെ ആദ്യ വരികൾ ആവർത്തിച്ചു പാടിയ ലത 'ജബ് അന്ത് സമയ് ആയാ ഥാ' (അന്ത്യനിമിഷം വന്നടുക്കുമ്പോൾ) എന്ന വരി മൂന്നു തവണയാണ് പാടുന്നത്. ഓരോരിക്കലും ആയിരങ്ങളെ അത് കരയിപ്പിച്ചു. വിങ്ങുന്ന വേദനയിൽ ഹൃദയം നുറുങ്ങി ലതയുടെ മാസ്മരികശബ്ദം മന്ത്രണംപോലെ മൃദുവായി. ഈ വരികൾ ആവർത്തിക്കുമ്പോൾ സ്വന്തം ജീവൻ പൊലിയുന്നതു പോലെ അവരത് ഏറ്റുവാങ്ങി. മൂന്നാം തവണ ആ വരി പാടുമ്പോൾ വേദനയിൽനിന്ന് അതിജീവനത്തിന്റെ വഴിയിലൂടെ ലതയുടെ ശബ്ദം ഉച്ചസ്ഥായിലായി. അണ പൊട്ടിയ വൈകാരികതയിൽനിന്ന്, തോറ്റുപോയ ഒരു ജനതയെ ഉയിർത്തെഴുന്നേൽപ്പിച്ച് ജയ്ഹിന്ദ് പാടി ഗാനം അവസാനിക്കുമ്പോൾ അതുവരെ അണകെട്ടി നിർത്തിയ ആരവം മറ്റെല്ലാറ്റിനും മുകളിൽ മുഴങ്ങി.പാടിക്കഴിഞ്ഞയുടൻ നെഹ്റു ലതയെ അരികിലേക്കു വിളിപ്പിച്ചു. പാടിയതിലെന്തെങ്കിലും തെറ്റു പറ്റിയോ എന്ന ഭയത്തോടെ അരികിലെത്തിയ ലതയോടു നിറഞ്ഞ കണ്ണുകളുമായി നെഹ്റു പറഞ്ഞു: ലതാ... നീയെന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ.
അന്ന് രാത്രി നെഹ്റുവിന്റെ വീട്ടിൽ എല്ലാവർക്കും സൽക്കാരമുണ്ടായിരുന്നു. എല്ലാറ്റിൽനിന്നും ഒഴിഞ്ഞു മാറി അകലെ നിന്ന ലതയെ നെഹ്റു അരികിലേക്കു വിളിച്ചു ചോദിച്ചു. മുംബൈയിൽ പോയാൽ ഈ പാട്ട് വീണ്ടും പാടില്ലേ? ഇല്ല, ഈയൊരൊറ്റ പരിപാടിക്കു വേണ്ടി പഠിച്ചതെന്നായിരുന്നു ലതയുടെ മറുപടി. പാട്ട് തനിക്കേറെ ഇഷ്ടമായെന്ന് നെഹ്റു പറഞ്ഞപ്പോൾ ഇക്കുറി കണ്ണീരണിഞ്ഞത് ലതയാണ്.
അതിനിടയിൽ ഇന്ദിര രണ്ടു കുഞ്ഞുങ്ങളുമായി ലതയ്ക്കരികിലെത്തി. ലതയുടെ കരം കവർന്ന് ഇന്ദിര കുട്ടികളെ പരിചയപ്പെടുത്തി. ഇവർ താങ്കളുടെ കുട്ടി ഫാൻസാണ്. നമസ്തെ പറഞ്ഞ് സഞ്ജയും രാഹുലും ഓടിപ്പോയത് വർഷങ്ങൾക്കു ശേഷവും ലത ഓർമിക്കുന്നു.ഒമ്പതു വർഷത്തിനു ശേഷം ലത മങ്കേഷ്കർ ഡൽഹിയിലെ റാംലീല മൈതാനിയിൽ വലിയൊരു സദസിനു മുന്നിൽ ഈ ഗാനം വീണ്ടും പാടി. അപ്പോഴേക്കും ഇന്ത്യ ഏറെ മാറിയിരുന്നു. പാക്കിസ്ഥാനെ യുദ്ധത്തിൽ മുട്ടുകുത്തിച്ച്, ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിനു ജീവൻ കൊടുക്കാൻ മാത്രം അജയ്യരായി കഴിഞ്ഞിരുന്നു ഇന്ത്യ. തോൽവി ഏറ്റു വാങ്ങിയ രാജ്യത്തിന്റെ ഹൃദയവേനയ്ക്കു മുന്നിൽ ആദ്യമായി പാടിയ ആ ഗാനം വിജയാഹ്ലാദത്തിൽ മുങ്ങിയ രാജ്യത്തിന്റെ പെരുമ്പറയ്ക്കു മുന്നിൽ ലത വീണ്ടും പാടി... 'ഏയ് മേരേ വതൻ കേ ലോഗോം... തും ഖൂബ് ലഗാ ലോ നാരാ...'
സഹോദരി ആശാഭോസ്ലെയുമായി ശത്രുതയോ?
പാട്ടുകാരി എന്നതിനപ്പുറം തന്റേതായ ഒരു സ്വകാര്യ ലോകം ലതയ്ക്കുണ്ടായിരുന്നു. അവിവാഹിതയായ അവർ ആ സ്വകാര്യതയിൽ അഭിരമിക്കുകയും ചെയ്തിരുന്നു. കോടീശ്വരന്മാർവരെ ക്യൂ നിന്നിട്ടും അവർ വിവാഹത്തിന് കൂട്ടാക്കിയില്ല. അക്കാര്യം സംസാരിക്കുന്നത് അവർക്ക് ഇഷ്ടമല്ലായിരുന്നു. ചെറുപ്പത്തിലെ പ്രണയ പരാജയമാണോ വിവാഹത്തിൽനിന്ന് വിട്ടുനിൽക്കാൻ കാരണം എന്ന് ചോദിച്ചത് അവർ ഒരു അഭിമുഖം റദ്ദാക്കിയിരുന്നു.
വിചിത്രമായ ചില ശീലങ്ങളുടെ ഉടമ കൂടിയായിരുന്നു അവർ. ഇന്നും സംഗീതത്തെ ഭയഭക്തി ബഹുമാനത്തോടെ സമീപിക്കുന്ന ലത റെക്കോഡിങ് സമയത്ത് ഒരിക്കലും ചെരുപ്പ് ഉപയോഗിക്കാറില്ല. കോലാപൂരി മുളകാണു തന്റെ സ്വരസൗന്ദര്യത്തിന്റെ രഹസ്യമെന്നു അവർ വിശ്വസിച്ചു. ഇതിനു ശാസ്ത്രീയമായ വലിയ വിശദീകരണങ്ങളോ തെളിവുകളോ ഒന്നുമില്ലായിരുന്നെങ്കിൽ കൂടി. തന്റെ സ്വരം പോലെ സൗന്ദര്യത്തിലും അവർ ശ്രദ്ധാലുവായിരുന്നു. പ്രായം 90 പിന്നിട്ടപ്പോഴും സൗന്ദര്യവും ശാലീനതയും അവരെ കൈവിട്ടുപോയിരുന്നില്ല. ചിട്ടയായ ജീവിതവും ആഹാരശീലങ്ങളുമാണ് അവരെ ഇതിനു സഹായിച്ചിരുന്നത്.
സംഗീതം കഴിഞ്ഞാൽ പ്രിയം ഫൊട്ടോഗ്രഫിയായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണു താത്പര്യം. യാത്രയിലുടനീളം അവർ ക്യാമറ കയ്യിൽ കരുതുകയും ധാരാളം ചിത്രങ്ങൾ എടുക്കുകയും ചെയ്തിരുന്നു. ഫൊട്ടോഗ്രഫിയുടെ സാങ്കേതികതയെക്കാൾ സൗന്ദര്യാത്മകതയ്ക്കാണു പ്രാധാന്യം നൽകിയത്. സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ ഒപ്പിയെടുക്കാനായിരുന്നു ഏറ്റവും താത്പര്യം. എന്നാൽ ഡിജിറ്റൽ ക്യാമറകൾ ലതാജിക്കു വഴങ്ങിയിരുന്നില്ല.
പാചകവും വായനയും വളരെ പ്രിയമായിരുന്നു. വായനയിൽ മുഴുകുമ്പോൾ മറ്റൊരു ലോകത്തു സഞ്ചരിക്കുന്നതായി അനുഭവപ്പെടുമെന്ന് അനര് ഒരിക്കൽ പറഞ്ഞു. ക്രിക്കറ്റും ഫുട്ബോളും ടെന്നിസും ഇഷ്ടമായിരുന്നു. എങ്കിലും ഏറ്റവും പ്രിയം ക്രിക്കറ്റിനോട് തന്നെ. ലോഡ്സ് സ്റ്റേഡിയത്തിൽ ലതയുടെ പേരിൽ ഒരു ഗാലറിപോലുമുണ്ട്. ക്രിക്കറ്റിനോടുള്ള കമ്പമാണ് മുൻ ബിസിസിഐ പ്രസിഡന്റ് രാജ് സിങ് ദുർഗാപൂരുമായുള്ള പ്രണയത്തിൽ കലാശിച്ചതെന്നും പറയുന്നുണ്ട്. പക്ഷേ ഇത് വെറും ഗോസിപ്പാണെന്നും പറയുന്നവർ ഉണ്ട്.
കുടുംബ ബന്ധങ്ങൾ വലിയ ദൗർബല്യമായിരുന്നു. സഹോദരിയും ഗായികയുമായ ആശയുമായി ശത്രുതയാണെന്നു വാർത്തകൾ വന്നപ്പോഴും സഹോദരങ്ങളെല്ലാം ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ ഒന്നിച്ചു താമസിച്ചു. പ്രൊഫഷണൽ പ്രശ്നങ്ങൾ അല്ലാതെ മാധ്യമങ്ങൾ ആരോപിക്കുന്ന രീതിയിലുള്ള പ്രശ്നങ്ങൾ അവർക്കിടയിൽ ഉണ്ടായിരുന്നില്ല. ഒരിക്കൽ ആശാ ഭോസലേ സംഗീതസംവിധായകൻ എസ് ഡി ബർമനെ കണ്ട് തനിക്ക് കൂടുതൽ അവസരങ്ങൾ നല്കണമെന്ന് അഭ്യർത്ഥിച്ചു. 'ലതയുള്ളപ്പോഴോ..!' അത്രമാത്രമാണ് ബർമൻ തിരിച്ചുചോദിച്ചത്. അതുപോലെ ഇക്കാലത്ത് ആശാ ഭോസ്ലേ കത്തിനിന്നപ്പോൾ ലതാജിക്കും ഈഗോ അടിച്ചു കാണുമെന്ന് മാത്രമാണ് കുടുംബ സുഹൃത്തുക്കൾ പറയുന്നത്.
വൈകുന്നേരങ്ങളിൽ ലതയുടെ അടുക്കളകളിൽനിന്നു വിഭവങ്ങൾ മറ്റു വീടുകളിലേക്കു സഞ്ചരിച്ചു. എല്ലാവർക്കും ഏതെങ്കിലും വിഭവം ദിവസവും കൊടുത്തയയ്ക്കണം എന്നു നിർബന്ധമായിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തിൽ നമ്മുടെ യേശുദാസിനെപ്പോലെ കണിശക്കാരിയായിരുന്നു ലത. ബാല്യത്തിലെ ദാരിദ്രം അവർ ഒരിക്കലും മറന്നിട്ടില്ലായിരുന്നു. കുതിരവണ്ടിയിൽ കയറാൻപോലും പണമില്ലാതെ മുംബൈയുടെ തെരുവിലൂടെ ആദ്യകാലത്തു മൈലുകൾ നടന്നുപോയ ഓർമ ലതയ്ക്കുണ്ട്. അതുകൊണ്ടാവണം പണം സൂക്ഷിച്ചുപയോഗിക്കാൻ അവർ തീരുമാനിച്ചതും.
ലോകത്തെവിടെയായിരുന്നാലും ലതാമങ്കേഷ്ക്കറുടെ മിക്ക സംഗീത പരിപാടികളുടെയും ഒരു പ്രത്യേകത മഴയുടെ സാന്നിധ്യമാണ്. മഴക്കാലമല്ലെങ്കിൽപോലും വരദാനംപോലെ മഴമേഘങ്ങൾ കനിയുന്നു. വെസ്റ്റിൻഡീസിലെ സാൻഫെർനാൻഡോയിലായാലും, ദക്ഷിണാഫ്രിക്കയിലെ സ്വാസിലാൻഡിലായാലും ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള സിലിഗുരിയിലായാലും, മേഘമൽഹാർ പാടിയിട്ടെന്നതുപോലെ ഇരുണ്ടുകൂടുന്ന കാർമുകിലുകൾ ബംഗാളിലെ സിലിഗുരിയിൽ ലതയുടെയും കിഷോർകുമാറിന്റെയും സ്റ്റേജ് ഡ്യുയറ്റുകൾ കേൾക്കാൻ കുടയും ചൂടിയെത്തുകയായിരുന്നു ശ്രോതാക്കൾ. ദക്ഷിണാഫ്രിക്കയിലെ സ്വാസിലാൻഡിൽ നടത്തിയ ഗാനമേളയും ചരിത്രമായിരുന്നു. ഗാനമേളയിൽ മഴ കനത്തിട്ടും തിരിച്ചുപോകാതെ, ജനം നനഞ്ഞ് നൃത്തം ചെയ്തുകൊണ്ടിരുന്നു. അപ്പോൾ ഒരു മഴഗാനം കൂടി പാടി, ലതാജി. 'സാവൻ കി മഹീനാ പാവൻ കരേ സോർ'...ആളുകൾ ആർത്തുവിളിച്ചു. അതാണ് ലതാജി.
ഒ.പി നയ്യാരുടെ സിനിമകൾ പാടിയില്ല
ബ്രിട്ടീഷ് ഇന്ത്യയിലെ സംഗീത സംവിധായകർ തൊട്ട് എ ആർ റഹ്മാൻവരെയുള്ള പ്രഗൽഭർക്കുവേണ്ടി പാടാൻ കഴിഞ്ഞ ഭാഗ്യവും ലതാജിക്ക് ഒപ്പമുണ്ട്. 1970 കളിലാണ് ലതാജിയുടെ സ്വരഭംഗി അതിന്റെ പൂർണ്ണതയിലെത്തിയത്. കഭീ കഭീയിൽ മുകേഷിന്റെ ശബ്ദം ലതാജിയുടെ നിഴലിലാകുന്നു. ഹരേ രാമ ഹരേ കൃഷ്ണയിലെ കാഞ്ചി രേ കാഞ്ചി രേ സോംഗിൽ അനുപല്ലവിയുടെ അവസാനഭാഗത്ത് മാത്രം കടന്നുവരുന്ന മങ്കേഷ്കർ മാധുര്യം കിഷോർകുമാറിനെ പിന്നിലേക്ക് തള്ളുന്നു. ഡ്യൂയറ്റുകളിൽ മഹാഗായകരെ വരെ ലതാജി നിഷ്പ്രഭമാക്കിക്കളയും. ലതാജിയുടെ സ്വരയിതളുകൾ പൂർണമായും വിരിയുന്നതിന് മുമ്പുള്ള കാലത്ത് കൂടെ പാടിയതിനാൽ മുഹമ്മദ് റാഫി പരിക്കേല്ക്കാതെ രക്ഷപെട്ടവെന്നാണ് നിരൂപകർ പറയുന്നത്. ജോ വാദാ കിയാ പില്ക്കാലത്ത് ലതാജി സ്റ്റേജിൽ പാടുന്നത് കേട്ടാൽ ആരും കോരിത്തരിച്ചു പോകും. 'അബ് യഹാംസേ കഹാം ജായേ ഹം ,തരി ബാഹോം മേം മർ ജായേംഗേ, തുഝെ ദേഖാ തോ യെ ജാനേ സനം'.. ഇത് ഒരു തലമുറയടെ ദേശീയപ്രണയഗാനമാക്കിയത് ലതാജിയായിരുന്നു. പിന്നീട് ലക്ഷ്മി കാന്ത് പ്യാരേലാൽ അടക്കമുള്ളവരിലുടെ എത്രയോ ഹിറ്റുകൾ.
ഇയളരാജയുടെ ബ്രില്യന്റ മ്യൂസിക് പീസായ വളയോസൈ കലകല.. എന്ന അതിസങ്കീർണ്ണ അതിമനോഹര ഗാനം ചുമ്മാ വന്ന് പാടി ലതാജി മഹോത്തരമാക്കിക്കളഞ്ഞു. എന്നും എപ്പോഴും പുതുവോയ്സ് തേടുന്ന എ ആർ റഹ്മാൻ ജിയാ ജലേ ജാൻ ജലേ പാടാൻ ലതാജിയിൽ തന്നെ അഭയം തേടിയതിന്റെ കാരണം ആ പാട്ട് കേട്ടാലറിയാം.
ലതാമങ്കേഷ്ക്കർക്ക് സഹോദരി ആശാ ഭോസ്ലേയെപ്പോലെ ഒ.പി നയ്യാരുമായിട്ടും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 70ൽപ്പരം പടങ്ങളിൽ 500ലേറെ ഗാനങ്ങളുടെ മായാലോകം തീർത്ത സംഗീതജ്ഞനാണ് ഒ.പി. നയ്യാർ.പക്ഷേ അദ്ദേഹം ലതാജിയും ഒരിക്കലും യോജിച്ച്പോയില്ല. പിൽക്കാലത്ത് ഈ ചോദ്യം ഉയരുമ്പോഴെല്ലാം രണ്ടുപേരും സ്ഥിരം പല്ലവി ആവർത്തിച്ച് തെന്നിമാറും. നയ്യാർ പറയും: ''നല്ല പാട്ടുകാരിയാണ്, പക്ഷേ, അവരുടെ നേർത്ത സ്വരം എന്റെ ഗാനങ്ങൾക്ക് അനുയോജ്യമായിരുന്നില്ല! '' ലത പറയും: ''നല്ല സംഗീതസംവിധായകനാണ്, എന്നാൽ എനിക്ക് പാടാൻ വിളിയൊന്നും വന്നില്ല!''
ഇവരുടെ ശത്രുതക്ക് പിന്നിലും ഒരു കഥയുണ്ട്. തന്റെ ആദ്യകാല ചിത്രത്തിൽ ലത പാടാൻ വരാത്തതിനെ തുടർന്ന് താൻ ഈ ഗായികയെ ഇനി പാടിക്കില്ലെന്ന നിലപാട് ആണ് ഒ.പി നയ്യാർ എടുത്ത്. പിൽക്കാലത്ത് സുഹൃത്തുക്കൾ ഇത് ചർച്ചചെയ്ത് പരിഹരിച്ചുവെങ്കിലും ഇരുവരും വീണ്ടും തെറ്റി. അങ്ങനെ ലത മ്യൂസിക്ക് അസോസിയേഷനിൽ ഒ.പി നയ്യാർക്ക് എതിരെ പരാതി കൊടുത്തതും, നയ്യാരുടെ സിനിമയിൽ ഗായകർ പാടാൻ തയ്യാറാല്ലാത്തതും ഒരു കാലത്ത് ഹിന്ദി സിനിമയിൽ സജീവ ചർച്ചയായിരുന്നു. അത് ഇരുവരുടെയും മരണംവരെയും തുടർന്ന്.
1990ൽ മധ്യപ്രദേശ് സർക്കാരിന്റെ ലതാമങ്കേഷ്കർ പുരസ്കാരത്തിന് നറുക്കുവീണത് നയ്യാർക്കാണ്. സമ്മാനത്തുക ഒരു ലക്ഷം. നയ്യാരാണെങ്കിൽ അന്ന് സാമ്പത്തികമായി വളരെ ശോഷിച്ചനിലയിലും. പുതിയ സിനിമകളൊന്നുമില്ല, വരവ് പഴയ പാട്ടുകളിൽനിന്നുള്ള റോയൽറ്റിമാത്രം. പക്ഷേ, നയ്യാർ അപ്പോഴും ഒട്ടും മാറിയില്ല. ഉടൻ, അദ്ദേഹം സർക്കാരിലേക്ക് കത്തെഴുതി-''ഇങ്ങനെയുള്ള പുരസ്കാരങ്ങൾ മൃതിയടഞ്ഞവരുടെ നാമത്തിലാണ് കൊടുക്കേണ്ടത്, അല്ലാതെ ജീവിച്ചിരിക്കുന്നവരുടെ പേരിലല്ല. അതുപോലെ സംഗീതസംവിധായകർക്കുള്ള പുരസ്കാരങ്ങൾ വേറൊരു സംഗീതസംവിധായകന്റെ പേരിലാകുന്നതാണ് ഭംഗിയും ഔചിത്യപൂർവവും; പാട്ടുകാരുടെ അല്ല.'' - അതാണ് നയ്യാർ. പക്ഷേ ഇരുവരും ഒന്നിച്ചിരുന്നെങ്കിൽ എത്ര മനോഹരമായ ഗാനങ്ങളായിരുന്നു പിറക്കുക.
മലയാളം കഠിനം; ഒറ്റപ്പാട്ടിൽ ഒതുക്കി
'കദളീ കൺകദളി ചെങ്കദളീ പൂവേണോം, കവിളിൽ പൂമദമുള്ളൊരു പെൺപൂ വേണോ പൂക്കാരാ' എന്ന ഒറ്റപ്പാട്ടുകൊണ്ട് മലയാളികളുടെ മനം ലതാജി കവർന്നു. അതിനു പിന്നിലും ഒരു കഥയുണ്ട്. മലയാളത്തിൽ അതുവരെ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമായിരിക്കണം 'ചെമ്മീൻ' എന്നു നിർമ്മാതാവായ കൺമണി ബാബുവിനു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിൽ സഹകരിക്കേണ്ടത് ഏറ്റവും മിടുക്കരായിരിക്കണമെന്ന് അദ്ദേഹം നിർദ്ദേശം വച്ചു. ആ നിർബന്ധത്തിന്റെ ഭാഗമായാണ് സലിൽ ചൗധരി ആദ്യമായി മലയാളത്തിൽ എത്തിയത്. പണം പ്രശ്നമല്ല, ഏറ്റവും നല്ല പാട്ടുകളായിരിക്കണം എന്നായിരുന്നു നിർമ്മാതാവിന്റെ വ്യവസ്ഥ. എങ്കിൽ ഒട്ടും കുറയ്ക്കേണ്ട മന്നാഡേയും ലതാ മങ്കേഷ്കറും പാടട്ടെ എന്നായി സലിൽ ചൗധരി. ചിത്രത്തിലെ ഏറ്റവും നിർണായക സന്ദർഭത്തിലെ ഗാനമായ 'മാനസ മൈനേ വരൂ... ' മന്നാഡേക്കു നൽകി. അദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് ആ ഗാനം പഠിച്ചത്.
'കടലിനക്കരെ പോണോരേ...' ലതാ മങ്കേഷ്കറെക്കൊണ്ടു പാടിക്കണമെന്നാണു വിചാരിക്കുന്നത്. അവർ സലിൽദായ്ക്കു സമ്മതം നൽകിക്കഴിഞ്ഞു. ഇക്കാര്യത്തിൽ യേശുദാസിന്റെ സഹായം വേണം. ലതാജിയെ മലയാളം ഉച്ചാരണം പഠിപ്പിക്കണം ഇതായിരുന്നു സലിൽ ദാ യേശുദാസിനോട് ആവശ്യപ്പെട്ടത്. യേശുദാസ് അന്തിച്ചിരുന്നുപോയി. താൻ ബാല്യം മുതൽ ആരാധിച്ചിരുന്ന ഗായികയെ പാട്ടു പഠിപ്പിക്കുകയോ? യേശുദാസിന് ഇതു സ്വപ്നസദൃശമായ അനുഭവമായിരുന്നു. അവരെല്ലാം ഒന്നിച്ചു ബോംബെയിൽ പോയി.
പക്ഷേ, യേശുദാസ് എത്ര ശ്രമിച്ചിട്ടും മലയാള ഉച്ചാരണം പഠിക്കാൻ ലതയ്ക്കു കഴിഞ്ഞില്ല. തനിക്കു വഴങ്ങാത്ത ഭാഷയിൽ പാടാൻ അവർ സമ്മതിച്ചില്ല. അങ്ങനെയാണു 'കടലിനക്കരെ പോണോരേ...' യേശുദാസ് പാടുന്നത്. രപക്ഷേ, ലതയെ മലയാളത്തിൽ പാടിക്കണം എന്ന ആഗ്രഹം സലിൽദായ്ക്ക് ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഒടുവിൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന ചിത്രത്തിൽ സലിലിന്റെ കടുത്ത നിർബന്ധത്തിനു വഴങ്ങി അവർ ഒരു പാട്ടു പാടി. ' കദളീ തെങ്കദളി ...' അങ്ങനെ അനശ്വരമായി.
ചിത്രത്തിൽ ജയഭാരതി വേഷമിടുന്ന ആദിവാസിപ്പെണ്ണ് പാടുന്ന ഗാനം. തേൻപോലൊരു പാട്ട്. ആയിരംതവണ കേട്ടാലും മടുക്കാത്ത സൗന്ദര്യവും ആലാപന മാധുര്യവും. ഒരു പെണ്ണിന്റെ ഒതുക്കിവച്ച പ്രണയവിചാരങ്ങളുടെ ആവിഷ്ക്കാരമെങ്കിലും ഒരേസമയം പ്രണയമായും വാത്സല്യമായും അനുഭവിക്കാവുന്ന ഗാനം. ആലാപനം ആതീവ ഹൃദ്യമെങ്കിലും ഉച്ചാരണവൈകല്യത്തിൽനിന്ന് പാട്ട് വിമുക്തമായില്ല. അതിന്റെ പേരിൽ വിമർശനം ഉയർന്നു. ഇതു മനസ്സിലാക്കിയാവണം പിന്നീടൊരിക്കലും ഒരു മലയാളം പാട്ടു പാടാൻ ലതാ മങ്കേഷ്കർ തയാറാവാതിരുന്നത്.
അതുപോലെ മലയാളത്തിന്റെ പ്രിയഗായിക കെ.എസ് ചിത്രയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതിലും നാം ലതാമങ്കേഷക്കറോട് കടപ്പെട്ടിരിക്കയാണ്. കാത്തിരുന്ന ലഭിച്ച മകൾ അപകടത്തിൽ മരിച്ചതോടെ എല്ലാം നഷ്ടമായി എന്ന് കരുതി ചിത്ര വീട്ടിലേക്ക് ഒതുങ്ങി. അപ്പോഴേക്കും വീണ്ടും വാനമ്പാടിയുടെ വിളിയെത്തി. താനുമായി ബന്ധപ്പെട്ട അവാർഡ് ചടങ്ങിൽ എത്തണമെന്ന നിർദ്ദേശവുമായി.തന്റെ വേദനയും ദുഃഖവും ചിത്ര പങ്കുവച്ചു. പക്ഷേ വീട്ടിൽ ഒതുങ്ങരുതെന്നും സംഗീതമാകണം ജീവിതമെന്നും ലത ഉപദേശിച്ചു. അങ്ങനെ മലയാളത്തിന്റെ വാനമ്പാടി വീണ്ടും പുറത്തേക്ക് വന്നു. പിന്നേയും അത്ഭുതങ്ങൾ ചിത്രയുടെ സ്വരമാധുരി ഗാന ലോകത്തിന് നൽകി. അങ്ങനെ എല്ലായിടത്തും പ്രകാശം പരത്തിയ ഒരു വ്യകതിയാണ് ഇപ്പോൾ കടന്നുപോവുന്നത്.
വാൽക്കഷ്ണം: ലോകം മൂഴുവൻ ആദരിക്കുന്നവരെ അവരുടെ രാഷ്ട്രീയ നിലപാടുകളിലെ വിദൂര സാമ്യം നോക്കി സംഘിയാക്കി അപമാനിക്കുന്ന, കേരളത്തിലെ നടപ്പു രീതി, ലതാ മങ്കേഷ്ക്കറിന്റെ കാര്യത്തിലും ആവർത്തിച്ചു. വാജ്പേയി സർക്കാറിന്റെ കാലത്ത് അവർ സർക്കാറുമായി ബന്ധപ്പെട്ട ചില പരിപാടികൾ പങ്കെടുത്തതും, രാജ്യസഭയിലേക്ക് പരിഗണിക്കപ്പെട്ടതുമാണ് കേരളത്തിലെ സ്വത്വ ഷുഡുക്കളെ പ്രകോപിപ്പിച്ചത്. ലത എന്ന പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങൾ തിരിച്ചിട്ടാൻ അത് അടൽ എന്നാകും എന്നാണ് ഇടതുബുദ്ധിജീവി കെഇഎൻ കുഞ്ഞുമുഹമ്മദ് എഴുതിയത്! കേരളം വേറിട്ടതാണ് എന്ന് പറയുന്നത് എത്ര ശരിയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ