ന്യൂഡൽഹി: സംഗീതം കഴിഞ്ഞാൽ ലതാ മങ്കേഷ്‌കറിന് എന്തിനോടായിരുന്നു ഏറെ ഇഷ്ടം? ഉത്തരം ക്രിക്കറ്റ് എന്നാണ്. താൻ വലിയൊരു ക്രിക്കറ്റ് ഫാനാണെന്ന് ലത പല വേദികളിലും പറഞ്ഞിട്ടുണ്ട്. വെറുതെ പറയുക മാത്രമായിരുന്നില്ല. ലഭ്യമായ അവസരങ്ങളിൽ ക്രിക്കറ്റിനോടും കളിക്കാരോടുമുള്ള ആരാധനയും സ്നേഹവും സംഗീതത്തിലൂടെ പ്രകടിപ്പിച്ചിട്ടുമുണ്ട്.

ലത മങ്കേഷ്‌കറിന്റെ ക്രിക്കറ്റ് ആരാധനയെക്കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് നടി ശർമിള ടാഗോർ. ആജ് തക് ടെലിവിഷന് നല്കിയ അഭിമുഖത്തിലാണ് ലതയുടെ ക്രിക്കറ്റ് ഓർമ്മകളെ കുറിച്ച് ശർമിള സംസാരിച്ചത്.

1983ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ ഓരോരുത്തർക്കും നൽകിയത് ഓരോ ലക്ഷം രൂപയായിരുന്നു. അതിനു സഹായിച്ചതാകട്ടെ ലത മങ്കേഷ്‌കറും. ലോകകപ്പ് മത്സരത്തിന് ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ കപിൽ ദേവിന്റെ ടീമിനെ ഭേദപ്പെട്ട രീതിയിൽ ആദരിക്കാൻ ബി.സി.സിഐയുടെ കയ്യിൽ പണമുണ്ടായിരുന്നില്ല. അന്നത്തെ ബി.സി.സിഐ പ്രസിഡന്റും ഇന്ദിരാ ഗാന്ധി മന്ത്രിസഭയിൽ അംഗവുമായിരുന്ന എൻ.കെ.പി. സാൽവെ വിവരം മുംബൈ ക്രിക്കറ്റിലെ അതികായനായിരുന്ന രാജ്‌സിങ് ദുംഗാർപുരിനെ അറിയിച്ചു.

ദുംഗാർപുർ അതിനു സഹായം തേടിയത് സുഹൃത്ത് കൂടിയായ ലത മങ്കേഷ്‌കറോടാണ്. ധനസമാഹരണാർഥം ഒരു സംഗീതവിരുന്ന് നടത്താമോ എന്നായിരുന്നു ദുംഗാർപുരിന്റെ അഭ്യർത്ഥന. ഡൽഹിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ കച്ചേരി വൻവിജയമായി.

ലത സുരേഷ് വഡേക്കറിനും നിതിൻ മുകേഷിനുമൊപ്പമാണ് സംഗീത വിരുന്ന് നടത്തിയത്. സഹോദരനായ ഹൃദയനാഥ് ഈണമിട്ട, ഭാരത് വിശ്വ വിജേതാ... എന്ന ഗാനമായിരുന്നു സംഗീത പരിപാടിയിൽ ഏറെ ശ്രദ്ധേയമായത്. ലതയ്ക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ചേർന്നാണ് ആ പാട്ട് അവതരിപ്പിച്ചത്. അന്ന് 20 ലക്ഷം രൂപയാണ് ലതയുടെ സംഗീത പരിപാടിയിലൂടെ ലഭിച്ചത്. എല്ലാ കളിക്കാർക്കും ഒരു ലക്ഷം രൂപ പാരിതോഷികം നൽകുന്നതിനുമപ്പുറം ആ ഫണ്ട് പര്യാപ്തമായിരുന്നു. ലതയാകട്ടെ, പരിപാടിക്കായി ഒരു രൂപപോലും വാങ്ങിയതുമില്ല. രാജീവ് ഗാന്ധി ഉൾപ്പെടെ അന്ന് പരിപാടിയിൽ പങ്കെടുത്തിരുന്നു.

ലതയോടുള്ള ആ കടം ബി.സി.സിഐ വീട്ടിയത് രസകരമായിട്ടാണ്. കടുത്ത ക്രിക്കറ്റ് ആരാധികയായ ലതക്ക് വേണ്ടി ഇന്ത്യയിൽ പിന്നീട് നടന്ന എല്ലാ രാജ്യാന്തര മത്സരങ്ങളിലും രണ്ട് ടിക്കറ്റുകൾ വീതം മാറ്റിവച്ചു. 2011 ലോകകപ്പിലെ ഇന്ത്യ - പാക്കിസ്ഥാൻ സെമിഫൈനൽ മത്സരം താൻ കണ്ടത് വ്രതമെടുത്താണെന്ന് ലത പങ്കുവെച്ചിരുന്നതായി ശർമിള പറയുന്നു.

നിരവധി ഇഷ്ടതാരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ലതയ്ക്ക് ഏറെയിഷ്ടം സച്ചിൻ തെണ്ടുൽക്കറിനെയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ആഴമേറിയതായിരുന്നു. പ്രശസ്തിയുടെ കൊടുമുടിയേറുമ്പോഴും പരസ്പരം എങ്ങനെ ബഹുമാനിക്കണമെന്ന് ഇരുവരും പലപ്പോഴും കാണിച്ചുതരികയും ചെയ്തു.

ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത കപിൽ ദേവും സുനിൽ ഗവാസ്‌ക്കറും തുടങ്ങി രാഹുൽ ദ്രാവിഡുമൊക്കെ ഇഷ്ടതാരങ്ങളായി ലതയുടെ മനസിൽ ഇടം നേടിയിട്ടുണ്ടെങ്കിലും എല്ലാവർക്കും മേലെയായിരുന്നു സച്ചിന്റെ സ്ഥാനം. എല്ലാവരേക്കാൾ പ്രിയപ്പെട്ട സച്ചിൻ എന്നായിരുന്നു ലത അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്. എല്ലാവരും സച്ചിനെ ആരാധിക്കുമ്പോൾ ഞാൻ മാത്രമെന്തിന് മാറിനിൽക്കണമെന്നാണ് ലത ചോദിച്ചിരുന്നത്.

സംഗീതപ്രേമിയായ സച്ചിനും ലതയോട് ഏറെ സ്നേഹവും ആദരവും പുലർത്തിയിരുന്നു. ആയി (അമ്മ) എന്നായിരുന്നു സച്ചിൻ വിളിച്ചിരുന്നത്. സച്ചിൻ കാൽതൊട്ട് വന്ദിക്കുമ്പോൾ, ഒരു മകനെയെന്നോണമാണ് ലത അനുഗ്രഹിച്ചിരുന്നത്. സച്ചിൻ ആയിയെന്ന് ആദ്യമായി വിളിച്ചത് ലതയ്ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു. താനൊരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല. തികച്ചും ആശ്ചര്യമായിരുന്നു അത്. അവനെപ്പോലൊരു മകനെ കിട്ടിയതിൽ ഭാഗ്യവതിയാണെന്നും മഹാഗായിക പറഞ്ഞിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറികളിൽ സെഞ്ച്വറി തികച്ച സച്ചിനെ ആദരിക്കാൻ മുകേഷ് അംബാനി മുംബൈയിൽ ഒരു പാർട്ടി നടത്തി. കളിക്കാർക്കൊപ്പം സച്ചിൻ ആരാധകരായ സെലിബ്രിറ്റികളെല്ലാം വിരുന്നിൽ പങ്കെടുക്കാനുണ്ടായിരുന്നു. അവിടെവച്ചാണ് ലതയോട് തനിക്കേറെ ഇഷ്ടപ്പെട്ട ഗാനം പാടാൻ സച്ചിൻ അഭ്യർത്ഥിക്കുന്നത്. 1964ൽ രാജ് ഖോസ്ലയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മേരാ സായാ എന്ന ചിത്രത്തിൽ, മദന്മോഹന്റെ ഈണത്തിൽ ലത പാടിയ 'തൂ ജഹാം ജഹാം ചലേഗാ മേരാ സായാ സാഥ് ഹോഗാ...' (നീ എവിടെപ്പോയാലും എന്റെ നിഴൽ നിന്നോടൊപ്പം ഉണ്ടാകും) എന്ന അനശ്വര പ്രണയഗീതമാണ് സച്ചിൻ പാടാൻ അഭ്യർത്ഥിച്ചത്. മുൻകൂട്ടിയുള്ള തയ്യാറെടുപ്പില്ലാതെ പൊതുവേദിയിൽ പാടാൻ താൽപര്യപ്പെടാത്ത ലത ആദ്യമൊന്ന് അമ്പരന്നെങ്കിലും, മകനുവേണ്ടി പാട്ടിന്റെ ഏതാനും വരികൾ പാടി.

2013ൽ സച്ചിൻ വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ, ഏറെ ദുഃഖിച്ചവരിൽ ഒരാളായിരുന്നു ലത. വിരമിക്കാൻ തീരുമാനിച്ചെന്ന് സച്ചിൻ ആദ്യമായി പറയുമ്പോൾ, പറഞ്ഞറിയിക്കാനാകാത്ത ദുഃഖമാണ് തനിക്കുണ്ടായതെന്ന് ലത വെളിപ്പെടുത്തിയിരുന്നു. 'വല്ലാത്തൊരു വികാരമായിരുന്നു. എന്നാൽ കാലക്രമേണ ഞാൻ അതിനോട് പൊരുത്തപ്പെട്ടു. ആർക്കും എന്നെന്നേക്കുമായി തുടരാനാവില്ലല്ലോ. സച്ചിനെപ്പോലുള്ള ഒരു മഹാനുപോലും അത് കഴിയില്ല. പക്ഷേ, അയാൾക്ക് കുറച്ചുകൂടി കളിക്കാമായിരുന്നുവെന്ന് ഞാൻ കരുതി. എന്നാൽ ഇത് പൂർണമായും അദ്ദേഹത്തിന്റെ തീരുമാനമാണ്. ഇതാണ് ഏറ്റവും നല്ല സമയമെന്ന് അയാൾക്ക് തോന്നുന്നുവെങ്കിൽ, ഞാൻ അവന്റെ തീരുമാനത്തെ മാനിച്ച് അവനൊപ്പം നിൽക്കും. പക്ഷേ, സച്ചിൻ ഇനി ക്രിക്കറ്റ് കളിക്കില്ലെന്ന് ചിന്തിക്കുന്നത് എനിക്കേറെ സങ്കടകരമായി വരുന്നു' -എന്നായിരുന്നു സച്ചിന്റെ വിരമിക്കലിനെക്കുറിച്ച് ലത പറഞ്ഞത്. പാട്ടിനൊപ്പം ക്രിക്കറ്റിനെയും അതിലുപരി സച്ചിനെയും ലത അത്രമേൽ സ്നേഹിച്ചിരുന്നു, ആരാധിച്ചിരുന്നു.

ഇന്ത്യക്കായി ലോകകപ്പ് നേടിക്കൊണ്ട് 1983ൽ കപിൽദേവും സംഘവും ലോഡ്സിൽ പുതിയ ചരിത്രമെഴുതിയപ്പോൾ ലത അതിന് സാക്ഷിയായിരുന്നു. 'ലോഡ്സിൽ ഞാൻ ഫൈനൽ കണ്ടു. രണ്ട് തവണ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻസീഡിനെ പരാജയപ്പെടുത്തി ഇന്ത്യ ചരിത്രനേട്ടം കരസ്ഥമാക്കിയെന്ന് ആദ്യം വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. ഇന്ത്യക്കാരിയെന്ന നിലയിൽ ഏറെ അഭിമാനകരമായ നേട്ടം' -എന്നായിരുന്നു ലത അതിനെക്കുറിച്ച് പിന്നീട് പ്രതികരിച്ചത്.