- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗള്‍ഫില്‍ സ്കൂള്‍ അവധിക്കാലം തുടങ്ങി; ടിക്കറ്റ് നിരക്കുകള്‍ രണ്ടിരട്ടിയിലേറെ ഉയര്‍ത്തി വിമാനക്കമ്പനികള്‍: യാത്രക്കാരുടെ നടുവൊടിയും
കരിപ്പൂര്‍: ഗള്‍ഫില്‍ സ്കൂളുകളുടെ അവധിക്കാലം ആരംഭിച്ചതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി കമ്പനികള്‍. മിക്ക വിമാനക്കമ്പനികളും 200 ശതമാനത്തിലേറെ വര്‍ധനവാണ് ടിക്കറ്റ് നിരക്കില്‍ നടപ്പിലാക്കിയിരിക്കുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കെല്ലാം നിരക്ക് വന്‍തോതില്‍ കൂട്ടി. ഇതോടെ അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാന്‍ ഇരിക്കുന്ന പ്രവാസികളുടെ എല്ലാം നടുവൊടിയുമെന്ന് തീര്‍ച്ച.
നാട്ടിലേക്കുള്ള യാത്രമല്ല അവധി കഴിഞ്ഞ് തിരിച്ചുള്ള യാത്രയും പ്രവാസികള്‍ക്ക് ദുഷ്ക്കരമാകും. അവധിക്കാലം തീര്‍ന്ന് പ്രവാസികള്‍ തിരിച്ചുപോകാനിരിക്കുന്ന സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലും നിരക്ക് ക്രമാതീതമായി ഉയര്‍ത്താറുണ്ട്. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന് ശരാശരി ഒരു ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്കില്‍ അധികമായി കണ്ടെത്തേണ്ടിവരും.
പ്രധാന വിമാനക്കമ്പനികള്‍ എല്ലാം ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് 12,000 രൂപയില്‍ താഴെയായിരുന്നത് 41,864 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ നിരക്കിനടുത്ത് ഉണ്ടായിരുന്ന കൊച്ചിയിലേക്ക് 38,684 രൂപയും തിരുവനന്തപുരത്തേക്ക് 39,847 രൂപയും കണ്ണൂരിലേക്ക് 44,586 രൂപയുമാക്കി. അബുദാബിയില്‍നിന്ന് 10,650 രൂപ ഉണ്ടായിരുന്നത് കോഴിക്കോട്ടേക്ക് 32,535 രൂപ, കൊച്ചിയിലേക്ക് 30,065 രൂപ എന്നിങ്ങനെയും കൂട്ടി. തിരുവനന്തപുരത്തേക്ക് 28,091 രൂപയും കണ്ണൂരിലേക്ക് 34,805 രൂപയും കൊടുക്കണം.
ദുബായില്‍നിന്നുള്ള ടിക്കറ്റ് നിരക്കും ഇതേതോതില്‍ കൂട്ടിയിട്ടുണ്ട്്. 12,000 രൂപയുണ്ടായിരുന്നത് 29,600 മുതല്‍ 30,880 രൂപ വരെയാണ് ഉയര്‍ത്തിയത്. ഷാര്‍ജയില്‍നിന്ന് കേരളത്തിലേക്ക് 8,000 രൂപയുണ്ടായിരുന്നത് 30,000 മുതല്‍ 34,100 വരെയായി ഉയര്‍ന്നു. ഓഗസ്റ്റ് ആദ്യ ആഴ്ചവരെ ഈ ഉയര്‍ന്ന നിരക്കാണ് കാണിക്കുന്നത്. ഗള്‍ഫില്‍ സ്കൂളുകള്‍ അടയ്ക്കുന്ന ജൂലായ് മാസത്തിലാണ് പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നത്. ഈ സാഹചര്യം മുതലെടുത്താണ് വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള.