- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിസെപ്പ് പ്രീമിയം തുക കൂട്ടാനൊരുങ്ങി സര്‍ക്കാര്‍; ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സംഘടനകളുമായി ചര്‍ച്ച നടത്താന്‍ നീക്കം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ പ്രീമിയം തുക കൂട്ടാന്‍ ഒരുങ്ങി സര്‍ക്കാര്‍. പ്രതിമാസ പ്രീമിയമായി 500 രൂപയാണ് ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും നിലവില്‍ ഈടാക്കുന്നത്. ഈ തുക വര്ര്ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. വര്‍ഷം പ്രതീക്ഷിച്ചതിലും വലിയ തുക ഇന്‍ഷുറന്‍സ് ക്ലെയിം വന്നതോടെയാണ് പ്രീമിയം തുക വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിലവിലെ പ്രീമിയം തുക ഇരട്ടിയാക്കിയേക്കുമെന്നാണ് സൂചന.
പ്രീമിയം തുക വര്‍ധിപ്പിക്കാതെ പദ്ധതിയുടെ രണ്ടാം ഘട്ടവുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍. നിലവില്‍ ദി ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് ആരോഗ്യ പരിരക്ഷ നല്‍കുന്നത്. 2025 ജൂണ്‍ 30നാണ് ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള മൂന്ന് വര്‍ഷത്തെ കരാര്‍ അവസാനിക്കുന്നത്. എന്നാല്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കണമെങ്കില്‍ പ്രീമിയം തുക കൂട്ടാതെ നിവര്‍ത്തിയില്ല. വര്‍ഷം 450 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിം ഉണ്ടാകുമെന്നായിരുന്നു പദ്ധതി ആരംഭിച്ചപ്പോള്‍ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, 600 കോടി രൂപ കവിയുന്ന അവസ്ഥയാണു കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കണ്ടത്.
പ്രീമിയം തുക കൂട്ടണമെന്നു പദ്ധതി നടപ്പാക്കുന്ന ദി ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി രണ്ടു വട്ടം ധനവകുപ്പിനു കത്തെഴുതിയിരുന്നെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. എന്നാല്‍ മെഡിസിപ്പ് പദ്ധതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും അതൃപ്തരാണ്. ഇന്‍ഷുറന്‍സ് ലഭിക്കുന്നതിലെ പോരായ്മകളാണ് പലരേയും അസ്വസ്ഥരാക്കുന്നത്. ആശുപത്രികളില്‍ ചിലവാകുന്ന തുക മുഴുവനും പലര്‍ക്കും മടക്കി കിട്ടാത്ത അവസ്ഥയാണ്.
നിലവില്‍ 2 മുഖ്യ പ്രശ്നങ്ങളാണു പദ്ധതി നേരിടുന്നത്. ഒന്ന്, ചികിത്സയ്ക്കു ചെലവാകുന്ന പണം മുഴുവന്‍ ഇന്‍ഷുറന്‍സ് കമ്പനി ആശുപത്രികള്‍ക്കു നല്കാന് തയാറാകുന്നില്ല. രോഗി സ്വന്തം പോക്കറ്റില്‍ നിന്നു ബാക്കി പണം നല്‍കേണ്ടി വരുന്നു. രണ്ട്, ഓരോ ചികിത്സയ്ക്കും ഇന്‍ഷുറന്‍സ് കമ്പനി നിശ്ചയിച്ചിരിക്കുന്ന നിരക്ക് കുറവായതിനാല്‍ പദ്ധതിയില്‍ ചേരാന്‍ ആശുപത്രികളും മടിക്കുന്നു. രണ്ടു പ്രശ്നങ്ങളും പരിഹരിക്കാന്‍ പ്രീമിയം തുക കൂട്ടുകയാണു മാര്‍ഗമെന്നാണു ധനവകുപ്പിന്റെ വിലയിരുത്തല്‍.
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കാരണം നടന്നില്ല. 11ന് നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം ചര്‍ച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രീമിയം തുക കൂട്ടുകയല്ലാതെ മാര്‍ഗമില്ലെന്ന് സര്‍ക്കാര്‍ അറിയിക്കും. ഇതിനോടുള്ള പ്രതികരണം അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍. വ്യവസ്ഥകളും നിരക്കുകളും പരിഷ്കരിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് അടുത്ത നടപടി. മിക്ക കമ്പനികളും പ്രായംചെന്നവര്‍ക്കുള്ള ഇന്‍ഷുറന്‍സിനു പ്രീമിയമായി വര്‍ഷം 25,000 രൂപയ്ക്കു മേല്‍ ഈടാക്കുന്നുണ്ട്. മെഡിസെപ്പില്‍ വര്‍ഷം 6,000 രൂപയാണു പ്രീമിയം.