കൊച്ചി: കോവിഡ് ബാധിച്ചതായി കണ്ടെത്തുകയും 72 മണിക്കൂറില്‍ കൂടുതല്‍ ആശുപത്രിയില്‍ കിടക്കുകയും ചെയ്തിട്ടും ഇന്‍ഷുറന്‍സ് തുക നല്‍കാത്ത ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി രണ്ടരലക്ഷം രൂപ ഇന്‍ഷുറന്‍സ് ക്ലെയിമും 35,000 രൂപ നഷ്ടപരിഹാരവും പരാതിക്കാരന് നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

എറണാകുളം അങ്കമാലി സ്വദേശി ജോജോ ജി എം, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരനും കുടുംബവും 10 വര്‍ഷമായി ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തവരാണ്. കൂടാതെ, 2020ല്‍ കൊറോണ രക്ഷക്ക് പോളിസിയിലും ചേര്‍ന്നു.

കോവിഡ് പോസിറ്റീവ് ആകുകയും 72 മണിക്കൂര്‍ ആശുപത്രിയില്‍ കിടക്കുകയും ചെയ്താല്‍ രണ്ടര ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ലഭിക്കും എന്നതായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ വാഗ്ദാനം. 2021 ഏപ്രില്‍ മാസത്തില്‍ പരാതിക്കാരന്‍ കോവിഡ് പോസിറ്റീവായ, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളിസി തുകയ്ക്കായി നല്‍കിയ അപേക്ഷ ചില സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്‍ഷുറന്‍സ് കമ്പനി നിരാകരിച്ചു.

തുടര്‍ന്നാണ് പരാതിക്കാരനും ഭാര്യയും ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന് പരാതി നല്‍കിയത്. ഭാര്യയുടെ ഇന്‍ഷുറന്‍സ് ക്ലെയിം രണ്ടര ലക്ഷം രൂപ ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍ അനുവദിച്ചുവെങ്കിലും പരാതിക്കാരന്റെ തുക അനുവദിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് എറണാകുളം ജില്ല ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

ഇന്‍ഷുറന്‍സ് കമ്പനിയുടെ നിബന്ധന അനുസരിച്ച് 72 മണിക്കൂറെങ്കിലും ആശുപത്രിയില്‍ കിടക്കണം എന്നാണ് പരാതിക്കാരന്‍ ഏഴ് ദിവസം ആശുപത്രിയില്‍ കിടന്നു.കര്‍ക്കശമായ നിബന്ധനകള്‍ നിലവിലുള്ളതിനാല്‍ പിന്നീട് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തുകയായിരുന്നു.

ഇന്‍ഷുറന്‍സ് കമ്പനിയുടെ നിബന്ധനകള്‍ എല്ലാം പാലിച്ച പരാതിക്കാരന് കമ്പനി വാഗ്ദാനം ചെയ്ത പോലെ ഇന്‍ഷുറന്‍സ് ലഭിക്കാന്‍ അവകാശമുണ്ടെന്ന് ഡി.ബി. ബിനു പ്രസിഡന്റ് ,വി രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി കണ്ടെത്തി.

45 ദിവസത്തിനകം ഇന്‍ഷുറന്‍സ് തുകയായ 2.5 ലക്ഷം രൂപയും 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവു ഇന്‍ഷുറന്‍സ് കമ്പനി പരാതിക്കാരന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.പരാതിക്കാരന് വേണ്ടി അഡ്വ. പി.യു സിയാദ് ഹാജരായി.