പത്തനംതിട്ട: സോളാര്‍ തെരുവു വിളക്കുകളുടെ ബാറ്ററി പകല്‍ വെളിച്ചത്തില്‍ മോഷ്ടിച്ചു വിറ്റ് കിട്ടിയ പണം കൊണ്ട് മദ്യപിച്ച് വരുന്ന വഴി യുവാക്കളെ പോലീസ് കൈയോടെ പൊക്കി. വെച്ചൂച്ചിറ കുമ്പിത്തോട് പൊരുവത്തില്‍ ലിബിന്‍ കെ. ചാക്കോ(30), വെച്ചൂച്ചിറ കൂത്താട്ടുകുളം കാവുംമുഖത്ത് ആശിഷ് എന്ന് വിളിക്കുന്ന ജോര്‍ജ് മാത്യു(35) എന്നിവരെയാണ് വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ എം.ആര്‍. സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച സൗരോര്‍ജവിളക്ക് പ്രവര്‍ത്തിപ്പിക്കുന്ന ബാറ്ററികളാണ് പട്ടാപ്പകല്‍ മോഷ്ടിച്ചത്. കുമ്പിത്തോട് കോളനിയില്‍ പഞ്ചായത്ത് റോഡില്‍ സ്ഥാപിച്ചിരുന്ന സൗരോര്‍ജ വിളക്കിന്റെ ബാറ്ററി ഞായര്‍ പകല്‍ ഒരു മണിയോടെയാണ് മോഷ്ടിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ് കെ. പണിക്കരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മോഷ്ടാക്കള്‍ കുടുങ്ങിയത്.

ബാറ്ററി വച്ചിരുന്ന ബോക്സ്പോസ്റ്റിന്റെ ചുവട്ടില്‍ നശിപ്പിച്ച നിലയില്‍ ഉപേക്ഷിച്ചിരുന്നു. ആകെ 10,500 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബാറ്ററി മോഷ്ടിച്ച ശേഷം ലിബിന്റെ മോട്ടോര്‍ സൈക്കിളിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഞായര്‍ ഉച്ചയ്ക്ക് 12 മണിയോടെ ആശിഷിനേയും പിന്നിലിരുത്തി ലിബിന്‍ കൂത്താട്ടുകുളം ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോകുന്നത് കണ്ടതായി ദൃക്സാക്ഷി പോലീസിനോട് പറഞ്ഞു. ആശിഷിന്റെ മടിയില്‍ ബാറ്ററി ദൃക്സാക്ഷി കണ്ടിരുന്നു. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായതും പ്രതികളെ അതിവേഗം കണ്ടെത്താന്‍ പോലീസിനെ സഹായിച്ചതും.

ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെ മോഷ്ടാക്കള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയ പോലീസ് ഇടമണ്‍ ഭാഗത്ത് വച്ച് പ്രതികളെ കണ്ടെത്തി. വാഹന പരിശോധനയില്‍ ഏര്‍പ്പെട്ട പോലീസിന് മുന്നില്‍ മോഷ്ടാക്കള്‍ കുടുങ്ങുകയായിരുന്നു. സുഹൃത്തായ ലിബിന്റെ വീട്ടില്‍ രാവിലെ പതിനൊന്നരയോടെ ആശിഷ് എത്തി. മോഷണം പ്ലാന്‍ ചെയ്ത ശേഷം, ഇരുവരും ബൈക്കില്‍ കയറി കുമ്പിത്തോട് പഞ്ചായത്ത് റോഡില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ലൈറ്റിന്റെ പോസ്റ്റിലെ ബോക്സ് പൊളിച്ച് ബാറ്ററി മോഷ്ടിക്കുകയായിരുന്നു. ബൈക്കില്‍ രക്ഷപ്പെട്ട മോഷ്ടാക്കള്‍ റാന്നി ചെത്തോങ്കരയിലെ തമിഴ്നാട് സ്വദേശിയുടെ ആക്രി കടയില്‍ ബാറ്ററി വിറ്റു കിട്ടിയ 2200 രൂപയുമായി റാന്നിയില്‍ എത്തി മദ്യപിച്ച ശേഷം ബാക്കി വന്ന തുക ഇരുവരും വീതിച്ചെടുത്തു. പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തെളിവെടുപ്പില്‍ ബാറ്ററി കണ്ടെടുത്തു. തുടര്‍നടപടികള്‍ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ എം.ആര്‍.സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐ.സായിസേനന്‍, എ.എസ്.ഐ അന്‍സാരി, എസ്.സി.പി.ഓമാരായ ശ്യാം മോഹന്‍, പി.കെ.ലാല്‍, സി.പി.ഓ അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു.