കൊച്ചി: നടീനടന്മാരുടെ സംഘടനയായ 'അമ്മ' എക്‌സിക്യൂട്ടിവിലെ വനിതാ അംഗമായി നടി ജോമോളെ തിരഞ്ഞെടുത്തു. ഐകകണ്‌ഠ്യേനയാണ് ജോമോളെ തിരഞ്ഞെടുത്തതെന്ന് ജനറല്‍ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു. ഭാരവാഹി തിരഞ്ഞെടുപ്പിനു ശേഷം ചേര്‍ന്ന അമ്മയുടെ ആദ്യ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം. രമേശ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു. വിഷയം പരിഹരിക്കുന്നതിനു ഭരണഘടന ഭേദഗതി അടക്കം ആലോചിക്കാനും യോഗം തീരുമാനിച്ചു.

നടന്‍ സത്യന്റെ മകനെ അമ്മയിലേക്ക് പുതിയ കമ്മറ്റി സ്വാഗതം ചെയ്തു. സതീഷ് സത്യന്റെ അപേക്ഷ കിട്ടിയിട്ടില്ല. അദ്ദേഹത്തെ നേരിട്ട് ഫോണില്‍ ബന്ധപ്പെടും. മെമ്പര്‍ഷിപ്പ് നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുവാനും യോഗത്തില്‍ ധാരണയായി. അര്‍ഹത ഉണ്ടായിട്ടും അമ്മയില്‍ അംഗത്വം നല്‍കിയില്ലെന്ന് സതീഷ് സത്യന്‍ ആരോപണം ഉന്നയിച്ചിരുന്നു.

ഹേമാ കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചതാണെന്നും ആ റിപ്പോര്‍ട്ട് പുറത്തുവിടണോ വേണ്ടയോ എന്നത് സര്‍ക്കാര്‍ കാര്യമാണെന്നും സിദ്ദിഖ് പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ ഇടപെടലൊന്നുമില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.

ഇടക്കാലത്ത് നിന്നുപോയ കൈനീട്ടം പദ്ധതി വീണ്ടും തുടങ്ങാന്‍ യോഗത്തില്‍ തീരുമാനിച്ചു. പുറത്തുനിന്നുള്ളവരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് മൂന്നോ നാലോ ദിവസം നീണ്ടുനില്‍ക്കുന്ന ശില്പശാലകള്‍ സംഘടിപ്പിക്കും. അതിന്റെ നടപടികള്‍ ഉടനേതന്നെ ആരംഭിക്കും. സോഷ്യല്‍ മീഡിയ കൂടുതല്‍ സജീവമാക്കും. വിനു മോഹന്‍, സരയു, അനന്യ, അന്‍സിബ എന്നിവര്‍ക്കാണ് അതിന്റെ ചുമതല.

പുതിയ ഭരണസമിതി വന്നതിനുശേഷമുള്ള ആദ്യ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് കൊച്ചിയില്‍ നടന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെയും ഫെഫ്കയുടേയും ഭാരവാഹികളുമായി ചര്‍ച്ചയും നടന്നു.

വനിതാ അംഗങ്ങളെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭാരവാഹി തിരഞ്ഞെടുപ്പില്‍ തര്‍ക്കം നടന്നിരുന്നു. അമ്മയുടെ ഭരണഘടന പ്രകാരം എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ നാലു വനിതകള്‍ വേണം. എന്നാല്‍ തിരഞ്ഞെടുത്തവരുടെ ലിസ്റ്റ് വായിച്ചപ്പോള്‍ അതില്‍ മൂന്നു വനിതകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

അനന്യയ്ക്ക് പുറമേ അന്‍സിബയും സരയുവും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വോട്ടു നേടിയിരുന്നു. എന്നാല്‍ അവരുടെ വോട്ട് തീരെക്കുറവാണെന്നും അവരെ എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമാണ് വരണാധികാരിയുടെ നിലപാട്. ഈ നിലപാട് പരസ്യപ്പെടുത്തിയതോടെയാണ് അംഗങ്ങളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അന്‍സിബയേയും സരയുവിനേയും എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഒരുകൂട്ടം അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഇവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ബാക്കി വന്ന ഒരാളുടെ ഒഴിവിലാണ് ജോമോളെ നിയമിച്ചിരിക്കുന്നത്.