കണ്ണൂര്‍: പാര്‍ട്ടി ഗ്രാമമായ പയ്യന്നൂരിലെ കുഞ്ഞിമംഗലത്ത് കൃത്യനിര്‍വഹണത്തിനിടെ എസ്.ഐ മര്‍ദ്ദിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തു. സംഘര്‍ഷാവസ്ഥയറിഞ്ഞെത്തിയ സി.പി.എമ്മുകാര്‍ സംഘം ചേര്‍ന്ന് പൊലിസിനെ ആക്രമിച്ചുവെന്നാണ് പരാതി. എസ്.ഐ ഉള്‍പ്പെടെ രണ്ട് പൊലിസുകാര്‍ക്കാണ് പരിക്കേറ്റത്.

പയ്യന്നൂര്‍ എസ്.ഐ.സി.സനിത്ത്(30), റൂറല്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സി.പി.ഒ കെ.ലിവിന്‍(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.

തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിലെ തീയ്യക്ഷേമസഭയുടെ ഓഫീസിന് മുന്‍വശം മല്ലിയോട്ട ്തീയക്ഷേമസഭയുടെയും ക്ഷേത്രസംരക്ഷണസമിതിയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധയോഗം ചേരുന്നറിഞ്ഞാണ് പൊലിസ് സംഭവ സ്ഥലത്തെത്തിയത്.

പ്രതിഷേധയോഗം കഴിഞ്ഞ് തീയ്യക്ഷേമ പ്രവര്‍ത്തകര്‍ മടങ്ങവെ 6.20 ന് പ്രവര്‍ത്തകനായ ഒരാളെ സി.പി.എമ്മുകാര്‍ ആക്രമിച്ചുവെന്നാണ് പരാതി. ഇത് തടയാനെത്തിയ പൊലിസിന് നേരെയും പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്നാണ് പരാതി.

എസ്.ഐ സനിത്തിനെ അടിച്ചുവീഴ്ത്തുകയും താഴെ വീണപ്പോള്‍ തള്ളവിരല്‍ പിടിച്ചുവലിച്ച് പരിക്കേല്‍പ്പിക്കുകയും യൂണിഫോമില്‍ പിടിച്ച് വലിക്കുകയും ചെയ്തുവെന്നാണ് കേസ്.