കാസര്‍കോട്: കേടായ മീറ്റര്‍ മാറ്റിവക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കെഎസ്ഇബി ജീവനക്കാരെ യുവാവ് ജീപ്പിടിപ്പിച്ച് പരുക്കേല്‍പ്പിച്ചെന്ന് പരാതി. കെഎസ്ഇബി ജീവനക്കാരന് അരുണ്‍ കുമാറിന് പരുക്കേറ്റു. ചിറ്റാരിക്കല്‍ നല്ലോംപുഴയിലാണ് സംഭവം.

നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റര്‍ മാറ്റിസ്ഥാപിക്കാനെത്തിയതാണ് ജീവനക്കാര്‍. എന്നാല്‍ മീറ്റര്‍ മാറ്റരുതെന്നായിരുന്നു വീട്ടുടമ പറഞ്ഞത്. ഇതുകേള്‍ക്കാതെ മീറ്റര്‍ മാറ്റിവച്ച ശേഷം ജീവനക്കാര്‍ ബൈക്കില്‍ തിരിച്ചുപോകുംവഴി ജോസഫിന്റെ മകന്‍ സന്തോഷ് ജീപ്പിലെത്തി ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

ബൈക്കില്‍നിന്ന് വീണപ്പോള്‍ വാഹനത്തിലെ ജാക്കിലിവര്‍ ഉപയോഗിച്ച് മര്‍ദിച്ചെന്നും ജീവനക്കാര്‍ പറയുന്നു. സംഭവത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.