- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗംഭീറീനെ കോച്ചാക്കുന്നത് കോലിയോട് പറഞ്ഞില്ല; രോഹിതും ഹാര്‍ദിക്കുമായി ചര്‍ച്ച നടത്തി; ഭാവി താരങ്ങളുടെ സാധ്യതകളാണ് പരിഗണിച്ചതെന്ന് ബിസിസിഐ
മുംബൈ: ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗൗതം ഗംഭീറിന്റെ പേര് പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിസിസിഐ നേതൃത്വം ടീമിലെ സീനിയര്‍ താരമായ വിരാട് കോലിയോട് അഭിപ്രായം തേടിയിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഭാവി ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയോട് ഗംഭീറിനെ കോച്ചാക്കുന്നതില്‍ അഭിപ്രായം ആരാഞ്ഞിരുന്നുവെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്ക് കീഴിലാണ് ഗംഭീര്‍ അവസാന ടെസ്റ്റ് കളിച്ചത്. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. 2023ലെ ഐപിഎല്ലില്‍ ആര്‍സിബി താരമായ കോലിയും ലഖ്നൗ മെന്‍രറായ ഗംഭീറും പരസ്യമായി കൊമ്പു കോര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഐപിഎല്ലില്‍ കോലിയും ഗംഭീറും സൗഹൃദം പുതുക്കിയതോടെ ഇരുവര്‍ക്കുമിടയില്‍ മഞ്ഞുരുകിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഏകദിനത്തിലും ടെസ്റ്റിലും താന്‍ ക്യാപ്റ്റനായി തുടരുന്നതുവരെയെങ്കിലും ദ്രാവിഡ് പരിശീലക സ്ഥാനത്ത് തുടരണമെന്നായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ആഗ്രഹം. ദ്രാവിഡുമായുള്ള അടുത്ത ബന്ധം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ രോഹിത്തും ഭാര്യ റിതകയും പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുടുംബത്തിനൊപ്പം സമയം ചെലവിടണമെന്ന് ചൂണ്ടിക്കാട്ടി ദ്രാവിഡ് തുടരാന്‍ വിസമ്മതിച്ചതോടെ പുതിയ പരിശീലകനായി ഗൗതം ഗഭീറിനെ രോഹിത്തും അംഗീകരിച്ചു.
ക്രിക്കറ്റ് ഉപദേശക സമിതി ഏകകണ്ഠമായാണ് ഗംഭീറിനെ നിര്‍ദേശിച്ചത്. ഡബ്ല്യു.വി.രാമനായിരുന്നു സമിതിക്ക് മുന്നില്‍ അഭിമുഖത്തിനെത്തിയ മറ്റൊരു പരിശീലകന്. ചൊവ്വാഴ്ചയാണ് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗംഭീറിനെ ബിസിസിഐ പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന ഭാവി താരങ്ങളുടെ സാധ്യതകളാണ് ബിസിസിഐ പരിഗണിച്ചത്. അതിനാലാണ് ഇക്കാര്യം കോലിയുമായി ചര്‍ച്ച ചെയ്യാത്തതെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. വിരാട് കോലി ട്വന്റി20 ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഹാര്‍ദിക്കിനെ അറിയിക്കാന്‍ വ്യക്തമായ കാരണവുമുണ്ട്.
ഗംഭീറിന്റെ പരിശീലകനാകുന്ന വിവരം ചര്‍ച്ച ചെയ്ത ചുരുക്കം ചില താരങ്ങളിലൊരാളാണ് ഹര്‍ദിക് പാണ്ഡ്യ. ലോകകപ്പ് വിജയത്തോടെ രോഹിത് ശര്‍മ വിരമിച്ചതോടെ ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റനാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഹാര്‍ദിക്കിനാണ്. 2022 മുല് 2023 അവസാനം വരെ ടി20 ടീമിനെ നയിച്ചത് ഹര്‍ദിക്കായിരുന്നു. ലോകകപ്പിന് മുന്നോടിയായാണ് രോഹിത് നായകസ്ഥാനത്തേയ്ക്ക് മടങ്ങിയെത്തുന്നത്. രോഹിത്തിനു കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്നു ഹര്‍ദിക്.
രോഹിത്തും ഗംഭീറും തമ്മിലുള്ള ബന്ധം ദ്രാവിഡുമായുള്ള ബന്ധം പോലെ ഊഷ്മളമായിരിക്കുമോ എന്നറിയാന്‍ ആരാധകര്‍ക്കും ആകാംക്ഷയുണ്ട്. തന്റെ സഹ പരിശീലകനായി ഗംഭീര്‍ കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകനായ അഭിഷേക് നായരുടെ സേവനം തേടിയിട്ടുണ്ട്. അഭിഷേകും രോഹിത്തും അടുത്ത സുഹൃത്തുക്കളാണ്.
അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും രോഹിത് തന്നെ ഇന്ത്യയെ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ടി20 ക്രിക്കറ്റില്‍ നിന്ന് രോഹിത്തും കോലിയും വിരമിച്ചതിനാല്‍ ഹാര്‍ദ്ദിക് ആയിരിക്കും ഇനി ഇന്ത്യയെ നയിക്കുക. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഗംഭീറിന്റെ നിയമനത്തിന് മുമ്പ് ബിസിസിഐ ഹാര്‍ദ്ദിക്കിന്റെ അഭിപ്രായം തേടിയത്.
42 വയസ്സുകാരനായ ഗംഭീര്‍ ഇന്ത്യയുടെ പ്രായം കുറഞ്ഞ പരിശീലകനാണ്. നിലവിലെ ടീമിലെ പല താരങ്ങള്‍ക്കൊപ്പവും കളിച്ച പരിചയവും ഗംഭീറിനുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് വിരമിക്കല്‍ പ്രഖ്യാപിച്ച ഗംഭീര്‍, 2016ല്‍ അവസാന ടെസ്റ്റ് കളിച്ചത് കോലിക്ക് കീഴിലാണ്. ഈ മാസം 27ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനമാണ് ഗംഭീറിന്റെ ആദ്യ ചുമതല. മുഖ്യപരിശീലകനായി ഗംഭീര്‍ എത്തുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ രോഹിത്തും കോലിയും കളിക്കാനുള്ള സാധ്യതയും കുറവാണ്. താരങ്ങള്‍ സെലക്ടര്‍മാരോട് വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ട്.