മുംബൈ: ബിജെപിയുടെ അടുത്ത അധ്യക്ഷനായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് (54) എത്തുമെന്ന് സൂചന. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുടുംബസമേതം ഫഡ്‌നാവിസ് കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷട്രയില്‍ ബിജെപിയെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കിയത് ഫഡ്‌നാവിസിന്റെ തന്ത്രങ്ങളാണ്. എന്നാല്‍ ആര്‍ എസ് എസിന് ഫഡ്‌നാവിസിനോട് താല്‍പ്പര്യക്കുറവുമുണ്ട്. ഈ സാഹചര്യത്തില്‍ ഫ്ഡനാവിസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നിര്‍ണ്ണായകമാണ്. മഹാരാഷ്ട്രയില്‍ ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്.

മികച്ച സംഘാടകനെന്ന സല്‍പേര്, വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്ന ശൈലി, പ്രസംഗപാടവം, രാഷ്ട്രീയ തന്ത്രങ്ങളിലെ മികവ്, പ്രായക്കുറവ് തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പ്രധാനമന്ത്രിക്കു പ്രത്യേക താല്‍പര്യമുളള ഫഡ്‌നാവിസിന് അനുകൂലമായുണ്ട്. ആര്‍എസ്എസിന്റെ ശക്തമായ പിന്തുണയും നാഗ്പുരില്‍ നിന്നുള്ള ബ്രാഹ്‌മണ സമുദായാംഗമായ അദ്ദേഹത്തിനു കിട്ടുമെന്ന പ്രതീക്ഷയുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകനും നിയമസഭാ കൗണ്‍സില്‍ മുന്‍ അംഗവുമാണ് ഫഡ്‌നാവിസിന്റെ പിതാവ്. ആര്‍ എസ് എസ് വഴങ്ങിയാല്‍ ഫഡ്‌നാവിസ് തന്നെയാകും അധ്യക്ഷന്‍.

മഹാരാഷ്ട്രയില്‍ ബിജെപിയുടെ മുഖമായ ഫഡ്‌നാവിസുമായി ഘടകക്ഷികള്‍ക്ക് ചില അഭിപ്രായ വ്യത്യാസമുണ്ട്. ഈ സാഹചര്യത്തില്‍ ഫഡ്‌നാവിസിനെ കേന്ദ്രത്തിലേക്കു കൊണ്ടുപോകുന്നത് തന്ത്രപരമായ നീക്കമായും വിലയിരുത്തുന്നു. അതിനിടെ ഫഡ്‌നാവിസിനെ തല്‍ക്കാലം ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിലനിര്‍ത്തി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ആക്കി നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അധ്യക്ഷപദവിയിലേക്ക് ഉയര്‍ത്തുക എന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. ഇതിലെല്ലാം ആര്‍ എസ് എസ് തീരുമാനമാകും നിര്‍ണ്ണായകം.

മൂന്നാം മോദി മന്ത്രിസഭയില്‍ ജെ.പി.നഡ്ഡ അംഗമായതോടെയാണ് ചര്‍ച്ച സജീവമായത്. 'ഒരാള്‍ക്ക് ഒരു പദവി' എന്ന നയമുള്ളതിനാല്‍ നഡ്ഡയ്ക്കു പകരക്കാരനായി ബിജെപിക്കു പുതിയ അധ്യക്ഷന്‍ വരുമെന്ന് ഉറപ്പായി. പാര്‍ട്ടി അധ്യക്ഷനായി നഡ്ഡയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ആദ്യ മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്നു നഡ്ഡ. 2019ല്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയായതോടെ പാര്‍ട്ടി അധ്യക്ഷന്റെ ചുമതല നഡ്ഡ ഏറ്റെടുത്തു.

അമിത് ഷായുടെ നേതൃത്വത്തില്‍ 2014, 2019 വര്‍ഷങ്ങളില്‍ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി, മൂന്നാമതും അധികാരത്തിലേക്ക് എത്തിയതു നഡ്ഡയുടെ നേതൃത്വത്തിലാണ്. എന്‍ഡിഎ മുന്നണിയായാണു മത്സരിച്ചതെങ്കിലും 2014 ലും 2019 ലും ബിജെപി ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടി. ഇത്തവണ 441 സീറ്റില്‍ മത്സരിച്ചെങ്കിലും ബിജെപിക്ക് 240 സീറ്റാണു നേടാനായത്. ഇത്തവണ എന്‍ഡിഎ സഖ്യകക്ഷികളുടെ സഹായത്തോടെയാണു മോദിയുടെ ഭരണത്തുടര്‍ച്ച.

മുന്‍ ഹരിയാന മുഖ്യമന്ത്രിയും എംപിയുമായ മനോഹര്‍ ലാല്‍ ഖട്ടറിന്റെ പേരാണു ആദ്യ ഘട്ടത്തില്‍ മുഖ്യമായും കേട്ടിരുന്നത്. എന്നാല്‍ അദ്ദേഹം കേന്ദ്രമന്ത്രിസഭയുടെ ഭാഗമായി. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും എംപിയുമായ ശിവരാജ് സിങ് ചൗഹാനും സാധ്യതയുണ്ടായിരുന്നു. പക്ഷേ ചൗഹാനും കേന്ദ്രമന്ത്രിയായി. പല മുന്‍ മുഖ്യമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിസഭയുടെ ഭാഗമായതോടെ 'സര്‍പ്രൈസ്' ആയി ഒരാള്‍ വരുമെന്നാണു സൂചന. ഇതിനിടെയാണ് ഫഡ്‌നാവിസിന്റെ പേര് ചര്‍ച്ചയാകുന്നത്. സഖ്യകക്ഷികളെ ആശ്രയിച്ചുള്ള ഭരണമായതിനാല്‍ ആര്‍എസ്എസിനു കൂടി താല്‍പര്യമുള്ള നേതാവാകും ബിജെപി അധ്യക്ഷനാവുക.