മുംബൈ: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക പിന്നാലെ വീട്ടില്‍ നേരിട്ടെത്തി തട്ടിപ്പു നടത്തുന്ന സംഘങ്ങളും സജീവമാകുന്നു. ബാങ്കുദ്യോഗസ്ഥയെന്ന വ്യാജേന വ്യവസായിയുടെ വീട്ടിലെത്തിയ യുവതി വ്യവസായിയുടെ ക്രെഡിറ്റ് കാര്‍ഡുമായി മുങ്ങി. ഒരു ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും നഷ്ടമായതോടെയാണ് വ്യവസായി തട്ടിപ്പ് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ മാസം നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാങ്ക് ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയാണ്, ജല്‍ന സ്വദേശിയായ വ്യവസായിയെ യുവതി ഫോണ്‍ ചെയ്തത്. ക്രെഡിറ്റ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ വിവിധ സ്‌കീമുകളുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ വ്യവസായിയെ വിളിക്കുന്നതും തട്ടിപ്പിന് തുടക്കം കുറിക്കുന്നതും. ക്രെഡിറ്റ് കാര്‍ഡ് പരിധി ഇരട്ടിയാക്കാം, വാര്‍ഷിക ഫീസ് ഒഴിവാക്കാം എന്നൊക്കെ വിശദീകരിച്ച് പലതവണ വിളിച്ചു.

കഴിഞ്ഞ 17ന് യുവതി വീണ്ടും വിളിക്കുകയും രേഖകള്‍ പൂരിപ്പിക്കാനും മറ്റുമായി ബാങ്കില്‍ നിന്നൊരാളെ വീട്ടിലേക്ക് അയയ്ക്കുന്നുണ്ടെന്ന് പറയുകയും ചെയ്തു. സ്‌കീമില്‍ ചേരുന്നതോടെ പഴയ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നും പുതിയത് നല്‍കുമെന്നും സൂചിപ്പിച്ചു.

അല്‍പസമയം കഴിഞ്ഞപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞ് ഒരു യുവതി വീട്ടില്‍ വരികയും അപേക്ഷകളില്‍ വ്യവസായിയുടെ ആധാര്‍, പാന്‍കാര്‍ഡ് വിവരങ്ങള്‍ പൂരിപ്പിക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ക്കു ശേഷം പുതിയ ക്രെഡിറ്റ് കാര്‍ഡ് 5 ദിവസത്തിനുള്ളില്‍ ലഭിക്കുമെന്ന് അറിയിച്ച അവര്‍ പഴയ കാര്‍ഡ് വാങ്ങിയാണ് മടങ്ങിയത്.

പിറ്റേദിവസം ഒരുലക്ഷം രൂപ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടെന്ന് വ്യവസായി തിരിച്ചറിയുന്നത്. ഉടനെ ബാങ്കിലേക്ക് വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട അദ്ദേഹം പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.