കല്‍പ്പറ്റ: ഉരുള്‍പൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിലേക്ക് എത്താന്‍ അതിവേഗ പാലം അനിവാര്യത. ചൂരല്‍മല പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തത്തിന് സൈന്യത്തിന്റെ എന്‍ജിനീയറിങ് ഗ്രൂപ്പ് എത്തുന്നത് ഇതിന് വേണ്ടിയാണ്. മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് ബാഗ്ലൂരില്‍ നിന്നാണ് എത്തുക. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള - കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വി.ടി. മാത്യൂസുമായി സംസാരിച്ചിരുന്നു. പ്രധാനമന്ത്രി മോദിയും എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ചൂരല്‍മലയില്‍ നിന്നും മുണ്ടകൈയിലേക്ക് പാലമുണ്ടായിരുന്നു. ഇതായിരുന്നു ഏക യാത്രാ വഴി. ഈ പാലം തകര്‍ന്നതോടെ മുണ്ടക്കൈ ഒറ്റപ്പെട്ടു. 2019ലെ ദുരന്തത്തില്‍ മുണ്ടക്കൈയെ പുറം ലോകവുമായി ബന്ധച്ചിരുന്ന രണ്ടു പാലങ്ങളും വഴികളും തകര്‍ന്നിരുന്നു. ഇതോടെ ഏകപാലമായി ആശ്രയം. അതും തകര്‍ന്നതോടെ മുണ്ടക്കൈയിലെത്താന്‍ മറ്റ് മാര്‍ഗ്ഗമില്ലാ അവസ്ഥയായി. അതുകൊണ്ട് തന്നെ ഇവിടേക്ക് പോകാന്‍ അതിവേഗ പാലം അനിവാര്യതയാണ്.

ചൂരല്‍ മല കേന്ദ്രീകരിച്ചാണ് പ്രധാനമായി രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ ഫയര്‍ ഫോഴ്സ് ശ്രമിക്കുന്നുണ്ട്. ഫോണ്‍ സിഗനല്‍ കുറവായ വന പ്രദേശമായതുകൊണ്ടു തന്നെ രക്ഷാദൗതത്തിനു പോയവരുടെ കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല. എന്‍.ഡി.ആര്‍. എഫ്, ഫയര്‍ ഫോഴ്‌സ്. പോലീസ് എന്നിവരുടെ സംഘം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 101-ഓളം പേരെ രക്ഷിച്ചു. നൂറുകണക്കിന് പേര്‍ കുടുങ്ങികിടക്കുന്നുണ്ട്.

മുണ്ടക്കൈ മേഖലയിലുണ്ടായത് വന്‍ ഉരുള്‍പൊട്ടലെന്ന് കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖ് പ്രതികരിച്ചു. സൈന്യം എത്താത്തതിനാല്‍ വടംകെട്ടി എന്‍ഡിആര്‍എഫ് സംഘങ്ങള്‍ അക്കരെ കടക്കാനുള്ള ദുര്‍ഘടമായ ശ്രമമാണ് നടത്തുന്നത്. ജീവിച്ചിരിക്കുന്നവരെയും പരുക്കേറ്റവരെയും എത്രയും വേഗം രക്ഷപ്പെടുത്തുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. 5 മണിയോടെ ഇവിടെ ഇരുട്ടാകും. അതിനുമുന്‍പ് സാധ്യമായതെല്ലാം ചെയ്യണം.

വായുസേനയുടെ ഹെലികോപ്ടറിനും ദുരന്ത മേഖലയിലേക്ക് എത്താന്‍ സാധിച്ചില്ല. മോശം കാലാവസ്ഥ കാരണമാണ് ഹെലികോപ്ടറിന് പോലും എത്താന്‍ സാധിക്കാത്തത്. വൈകിട്ട് 5 മണിയോടെ പ്രദേശത്ത് ഇരുട്ട് പരക്കും. ഇതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമാകും.