- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്; എല്ലാം വേഗത്തിലാക്കാന്‍ ഇടപെടല്‍ അനിവാര്യം; ആശുപത്രികളും മോര്‍ച്ചറികളും നിറയുമ്പോള്‍
കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ദുരന്ത മേഖല സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായിരിക്കുന്നത്. മറ്റൊരു പുഴ കൂടി ഉണ്ടായി ഒരു പ്രദേശമാകെ ഉരുളെടുത്ത് പോയിരിക്കുകയാണ്-സതീശന് പറഞ്ഞു.
സ്കൂള്‍ കെട്ടിടത്തില്‍ മരങ്ങളും കല്ലും തടഞ്ഞില്ലായിരുന്നെങ്കില്‍ ടൗണ്‍ പോലും ബാക്കിയുണ്ടാകില്ലായിരുന്നു. നിരവധി പേരെയാണ് കാണാതായിരിക്കുന്നത്. ഒറ്റപ്പെട്ടു പോയവരെയും ഗുരുതരമായി പരിക്കേറ്റവരെയും അസുഖബാധിതരെയും എത്രയും വേഗം ആശുപത്രികളില്‍ എത്തിക്കുകയെന്നതാണ് നമുക്ക് ചെയ്യാന്‍ സാധിക്കുന്നത്. മരണത്തിന്റെ കണക്കെടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഇന്‍ക്വസ്റ്റ് വേഗത്തില്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കാനുള്ള ഉത്തരവിറക്കണമെന്ന് മുഖ്യമന്ത്രിയോടും റവന്യൂ മന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യം സര്‍ക്കാരിന്റെ ആലോചനയിലാണ്. ദുരിതാശ്വാസത്തിനുള്ള എല്ലാ വഴികളും നോക്കുന്നുണ്ട്. എല്ലാ ഏജന്‍സികളുമായി ചേര്‍ന്ന് പരമാവധി കാര്യങ്ങള്‍ ചെയ്യാനുള്ള പ്ലാന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ആരെയും കുറ്റപ്പെടുത്താന്‍ പറ്റുന്ന ദുരന്തമല്ലിത്. ഓര്‍ക്കാന്‍ പോലും പറ്റാത്ത ദുരന്തമാണ് ഉണ്ടായത്. അതിനെ മറികടക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗം നമുക്ക് മുന്നിലില്ലെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. പരിക്കേറ്റവരെ കൊണ്ട് വയനാട്ടിലെ ആശുപത്രികളും നിറയുകയാണ്. അതിവേഗ പോസ്റ്റ്മോര്‍ട്ടം അനിവാര്യമാക്കും വിധമാണ് മോര്‍ച്ചറിയിലേയും തിരക്ക്.
ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് മുണ്ടക്കൈയില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നത്. നിരവധി വീടുകളും മനുഷ്യരുമുണ്ടായിരുന്ന പ്രദേശത്ത് ഇന്ന് അവശേഷിക്കുന്നത് കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന മണ്ണുംചെളിയും പാറക്കൂട്ടവും മാത്രം. കാല്‍മുട്ടിനോളം സ്ഥലത്ത് ചെളി നിറഞ്ഞുകിടക്കുന്ന അവസ്ഥയാണ്. ഇതുതന്നെയാണ് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്കരമാക്കുന്നതും. ചവിട്ടുന്നത് ഒരു ശരീരത്തിലാകുമോ എന്ന ഭയത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍ ദൗത്യവുമായി മുന്നോട്ട് പോകുന്നത്. കാലെടുത്ത് വയ്ക്കാന്‍ ഭയമാകുന്ന തരത്തിലാണ് പ്രദേശത്തെ അവസ്ഥ. തകര്‍ന്നടിഞ്ഞ വീടുകളില്‍ മൃതദേഹങ്ങളുണ്ടെന്നാണ് നിഗമനം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയുമുണ്ട്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് പുറമെ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട മനുഷ്യരാണ് ഇപ്പോള്‍ മുണ്ടക്കൈയിലുള്ളത്. ഇന്നോളം സമ്പാദിച്ചവയെല്ലാം നഷ്ടപ്പെട്ടവര്‍. അവര്‍ ജനിച്ചുവളര്‍ന്ന നാട് ഇന്ന് മറ്റേതോ ലോകം പോലെ തോന്നിക്കുന്ന അവസ്ഥയിലായെന്നാണ് പ്രദേശവാസി പ്രതികരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഡോഗ് സ്ക്വാഡും രംഗത്ത്.
പോലീസിന്റെ കഡാവര്‍, സ്നിഫര്‍ നായകളെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായി എത്തിച്ചിരിക്കുന്നത്. എറണാകുളം സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡില്‍നിന്നാണ് രണ്ട് കഡാവര്‍ നായകളെ തിരച്ചിലിന് എത്തിച്ചിരിക്കുന്നത്.