ആലപ്പുഴ: മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന്‍ അറസ്റ്റില്‍. ആലപ്പുഴയില്‍ നിന്നാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് ഇയാളെ പിടികൂടിയത്. വ്യാഴാഴ്ച രാത്രി ബസില്‍ സഞ്ചരിക്കുമ്പോഴാണ് പിടിയിലായത്. കബനീദളം വിഭാഗത്തിന്റെ നേതാവായ മൊയ്തീന്‍ യുഎപിഎ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയാണ്. രണ്ടു ദിവസം മുമ്പ് മാവോയിസ്റ്റായ സോമനെ പിടികൂടിയിരുന്നു. സോമനില്‍ നിന്ന് ലഭിച്ച നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൊയ്തീനെ പിടികൂടിയത്.

ഇയാള്‍ക്കായി പോലീസ് തിരിച്ചറിയല്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു. 2019ല്‍ ലക്കിടിയില്‍ റിസോര്‍ട്ടിലെ വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി.ജലീലിന്റെ സഹോദരനാണ് പിടിയിലായ മൊയ്തീന്‍. ജൂലൈ 17നാണ് സി പി മൊയ്തീന്‍, മനോജ്, സോമന്‍ അടക്കം നാല് മാവോയിസ്റ്റുകള്‍ കാടിറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചത്. ഇതിന് പിന്നാലെ ഭീകരവിരുദ്ധ സ്‌ക്വാഡ് തിരച്ചില്‍ ശക്തമാക്കി. ജൂലൈ 18ന് എറണാകുളത്തു നിന്നും മനോജും ഷൊര്‍ണൂരില്‍ നിന്നും സോമനും പിടിയിലായി.

ഒരാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നു. സി.പി. മൊയ്തീന്‍ എറണാകുളം ഭാഗത്തെവിടെയോ ഉണ്ടെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. സോമിനില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ നിര്‍ണ്ണായകമായി. മറ്റൊരു സുരക്ഷിത താവളത്തിലേക്ക് നീങ്ങുമ്പോഴായിരുന്നു മൊയ്തീന്റെ അറസ്റ്റ്. കണ്ണൂര്‍ ജില്ലയും കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന വനപ്രദേശമായ വയനാട്ടിലെ കമ്പമല കേന്ദ്രീകരിച്ചായിരുന്നു മൊയ്തീനും സംഘവും പ്രവര്‍ത്തിച്ചിരുന്നത്.

കേരളത്തിലെ മാവോയിസ്റ്റ് സംഘം നാലുപേരിലേക്കു മാത്രമായി ഒതുങ്ങിയെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് മാനന്തവാടി തലപ്പുഴയിലെ കമ്പമലയില്‍ എത്തി വോട്ട് ബഹിഷ്‌കരിക്കണമെന്നു മാവോയിസ്റ്റ് സംഘം ആഹ്വാനം ചെയ്തിരുന്നു. ഇതോടെ വീണ്ടും പൊലീസും ദൗത്യസംഘവും മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഇതോടെയാണ് നാലു പേര്‍ കാടിറങ്ങിയത്.

മുതുമല കേന്ദ്രീകരിച്ചുള്ള ശിരുവാണി ദളം, പാലക്കാട് - മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള നാടുകാണി ദളം, കോഴിക്കോട്-വയനാട് അതിര്‍ത്തിമേഖല കേന്ദ്രീകരിച്ചുള്ള ബാണാസുര ദളം എന്നിവയുടെ പ്രവര്‍ത്തനം നേരത്തേ നിലച്ചു. കേരളത്തിലെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം കണ്ണൂരിലെ ആറളത്തിനും വയനാട്ടിലെ തലപ്പുഴയ്ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന കബനീദളത്തിലൊതുങ്ങി. അതും അടുത്ത കാലത്തായി ദുര്‍ബലപ്പെട്ടു. മലയാളികളല്ലാത്ത മാവോയിസ്റ്റുകള്‍ കര്‍ണാടകയിലെ മംഗളൂരുവിലേക്കും തമിഴ്‌നാട്ടിലെ വനത്തിലേക്കും മാറി.

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടകയിലേക്കു കടന്നതോടെ സി.പി. മൊയ്തീന്റെ നേതൃത്വത്തില്‍ നാലു മാവോയിസ്റ്റുകള്‍ മാത്രമായി കേരളത്തില്‍ ചുരുങ്ങി. കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ണാടക സ്വദേശി സുരേഷ് കീഴടങ്ങിയിരുന്നു. മലയാളികളായ സി.പി. മൊയ്തീന്‍, മനോജ്, സോമന്‍, തമിഴ്‌നാട്ടുകാരനായ സന്തോഷ് എന്നിവരാണു കബനീദളത്തില്‍ അവശേഷിച്ചത്. ഇതില്‍ മൂന്ന് പേരും പോലീസിന്റെ പിടിയിലായി എന്നതാണ് വസ്തുത. ഇതോടെ കേരളത്തിലെ മാവോയിസ്റ്റ് ഭീഷണി ഏറെക്കുറെ ഇല്ലാതായി എന്നാണ് പോലീസ് വിലയിരുത്തല്‍.