തിരുവനന്തപുരം: കൂടെയുള്ളവരെ പഠിപ്പിച്ച് നന്നാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിലും വിവിധ സ്ഥാപനങ്ങളുടെ തലപ്പത്തും രാഷ്ട്രീയ നിയമനം നേടിയവര്‍ക്ക് സിപിഎം വക 'മാനേജ്‌മെന്റ്' ക്ലാസ്. കേരളത്തിലെ പാര്‍ട്ടി നേതൃത്വവുമായി ബന്ധമുള്ള ഓസ്‌ട്രേലിയന്‍ പരിശീലകനൊപ്പം പിആര്‍ഡി ഡയറക്ടര്‍ ടി.വി.സുഭാഷ് അടക്കമുള്ളവരും ക്ലാസെടുത്തു. പി ആര്‍ ഡി ഡയറക്ടറുടെ ക്ലാസെടുക്കലും വിവാദമായി മാറാന്‍ ഇടയുണ്ട്.

കഴിഞ്ഞ ദിവസം ജഗതിയിലെ സഹകരണ ഭവനിലായിരുന്നു വിദേശ പരിശീലകനെ ഉള്‍പ്പെടെ പങ്കെടുപ്പിച്ചുള്ള പരിശീലനം. മന്ത്രിമാരുടെ ഓഫിസിന്റെയും വിവിധ സ്ഥാപനമേധാവികളുടെയും പ്രവര്‍ത്തനം ജനങ്ങളെ അകറ്റുന്നതാണെന്നും അത് തിരഞ്ഞെടുപ്പിലടക്കം തിരിച്ചടിയായെന്നും പാര്‍ട്ടി യോഗങ്ങളില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ക്കൂടിയാണ് പാര്‍ട്ടി ക്ലാസ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു തുടങ്ങിയ നേതാക്കളും ക്ലാസിന്റെ മേല്‍നോട്ടക്കാരായി.

സര്‍ക്കാരിനെ കൂടുതല്‍ ജനങ്ങളുമായി അടുപ്പിക്കുകായായിരുന്നു ക്ലാസിന്റെ ലക്ഷ്യം. വിവിധ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും മോശമാകാത്ത വിധത്തില്‍ എങ്ങനെ കൈകാര്യം ചെയ്യണം, മാധ്യമങ്ങളെ എങ്ങനെ നേരിടണം, പൊതുജന സമ്പര്‍ക്കം, വിമര്‍ശനങ്ങളും ചോദ്യങ്ങളുമുയര്‍ന്നാല്‍ എങ്ങനെ പ്രതികരിക്കണം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ക്ലാസ്. ചോദ്യോത്തര ശൈലിയിലായിരുന്നു ക്ലാസ്. ജീവനക്കാരുടെ പ്രൊഫഷണിലസം ഉയര്‍ത്താനാണ് ഇതെന്നാണ് സിപിഎം പറഞ്ഞു വയ്ക്കുന്നത്.

ഔദ്യോഗിക വാഹനം ഒഴിവാക്കി വരണമെന്നായിരുന്നു ക്ലാസിനെത്തിയവര്‍ക്കുള്ള നിര്‍ദേശം. രേഖാമൂലമുള്ള അറിയിപ്പോ പരിപാടി നോട്ടിസോ ഉണ്ടായിരുന്നില്ല. മന്ത്രിയുടെ ഓഫിസിലെ പ്രൈവറ്റ് സെക്രട്ടറിയും അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയും അടക്കമുള്ളവര്‍ പങ്കെടുത്തു. പൊളിട്ടിക്കല്‍ സെക്രട്ടറി പി ശശി എത്തിയില്ലെന്നാണ് സൂചന.

മുമ്പ് സാംസ്‌കാരിക സ്ഥാപന മേധാവികള്‍ക്ക് തിരഞ്ഞെടുപ്പിനു മുന്‍പ് സിപിഎം പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് പുതിയ പരിശീലനം. ഭരണത്തെ നേരെയാക്കാന്‍ ഇനിയും ഇത്തരം ഇടപെടലുകള്‍ സിപിഎം നടത്തുമെന്നാണ് സൂചന.