- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാപ്പ കേസില്‍ പൊലിസ് എതിര്; കഞ്ചാവ് കേസില്‍ എക്സൈസും; മലയാലപ്പുഴ സംഭവത്തില്‍ നാണം കെട്ട് സിപിഎമ്മും ആരോഗ്യ മന്ത്രിയും
പത്തനംതിട്ട: പാര്‍ട്ടയിലേക്ക് മാലയിട്ട് വരവേറ്റതിന് പിന്നാലെ യുവാവ് കഞ്ചാവുമായി പിടിയിലായ സംഭവത്തില്‍ കുറ്റം എക്സൈസ് ഉദ്യോഗസ്ഥരുടെ തലയില്‍ വച്ചു കെട്ടാനുള്ള സി.പി.എം നീക്കം പാളി. യുവമോര്‍ച്ച ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥന്‍ യുവാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന പാര്‍ട്ടി ഏരിയ സെക്രട്ടറി എം.വി. സഞ്ജുവിന്റെ വാദം എക്സൈസ് തന്നെ പൊളിച്ചടുക്കി.
നേരത്തേ കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനെ പാര്‍ട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ച വിവാദത്തിലും പാര്‍ട്ടിക്കും ജില്ലാ സെക്രട്ടറിക്കും തിരിച്ചടിയേറ്റിരുന്നു. ശരണ്‍ കാപ്പ കേസ് പ്രതിയല്ലെന്ന ജില്ലാ സെക്രട്ടറിയുടെ വാദം ജില്ലാ പോലീസ് മേധാവി തന്നെ പൊളിച്ചു കൊടുക്കുകയാണ് അന്നുണ്ടായത്. നിയമസഭ ചേരുന്ന സമയത്തുണ്ടായ തിരിച്ചടി വഴി തിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കഞ്ചാവുമായി പിടിയിലായ യുവാവിനെ നല്ലവനാക്കാനും എക്സൈസ് ഉദ്യോഗസ്ഥരെ മോശമാക്കാനും ഏരിയ സെക്രട്ടറി മുതിര്‍ന്നത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് മലയാലപ്പുഴ സ്വദേശി യദുകൃഷ്ണനെ രണ്ടു ഗ്രാം കഞ്ചാവും വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവുമായി തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. യദുവിന്റെ മൊഴിയും എക്സൈസിന്റെ രേഖകളും ഇതിന് തെളിവായുണ്ട്.
അതിനിടെ യദുവിനെ ഇരയാക്കി സി.പി.എം പ്രചാരണം തുടങ്ങി. തന്നെ എക്സൈസ് കളളക്കേസില്‍ കുടുക്കി എന്നാരോപിച്ച് യദു മലയാലപ്പുഴ പോലീസിലും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. യദു അറസ്റ്റിലായ വിവരം മാധ്യമങ്ങള്‍ പുറത്തു വിടുകയും ഏരിയാ സെക്രട്ടറി എക്സൈസിനെതിരേ രംഗത്തു വരികയും ചെയ്തതിന് പിന്നാലെയാണ് യദുവിന്റെ പരാതി പോലീസിലെത്തിയത് എന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത.
മലയാലപ്പുഴയിലെ കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച സി.പി.എമ്മിലേക്ക് ജില്ലാ സെക്രട്ടറിയും ആരോഗ്യമന്ത്രിയും ചേര്‍ന്ന് മാലയിട്ടാണ് യദുവിനെ സ്വീകരിച്ചത്. മൂന്നു ദിവസത്തിന് ശേഷമാണ് രണ്ടു ഗ്രാം കഞ്ചാവുമായി യദു എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. യദുവിനെ ജാമ്യത്തിലിറക്കിയത് സി.പി.എം ലോക്കല്‍ മിഥുനായിരുന്നു. അന്നൊന്നും പറയാത്ത് എക്സൈസ് പീഡനമാണ് വാര്‍ത്ത വന്നതിന് പിന്നാലെ സി.പി.എമ്മും യദുവും ഉന്നയിക്കുന്നത്.
എന്നാല്‍, യദുവില്‍ നിന്ന് കഞ്ചാവ് പിടികൂടിയെന്ന് ഉന്നത എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. യദുവിനെ കഞ്ചാവുമായി പിടികൂടുന്നതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ സഹിതമാണ് റിപ്പോര്‍ട്ട്. യുവമോര്‍ച്ചക്കാരനായ എക്സൈസ് ഉദ്യോഗസ്ഥന്‍ അസീസാണ് യദുവിനെ കളളക്കേസില്‍ കുടുക്കിയത് എന്നായിരുന്നു ഏരിയ സെക്രട്ടറി എം.വി. സഞ്ജുവിന്റെ ആരോപണം. ഈ വിഷയത്തില്‍ ഇന്നലെ രാവിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ പ്രതികരണവുമായി രംഗത്തു വന്നതോടെയാണ് സി.പി.എം പെട്ടു പോയത്. ഏരിയ സെക്രട്ടറി ആക്ഷേപം ഉന്നയിച്ച അസീസ് മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ഉദ്യോഗസ്ഥനാണ്. 23 വര്‍ഷമായി താന്‍ എക്സൈസില്‍ ജോലി ചെയ്യുകയാണെന്ന് അസീസ് പറഞ്ഞു. ഒരു പാട് ഗുഡ് സര്‍വീസ് എന്‍ട്രി കിട്ടിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രാഷ്ട്രീയം പാടില്ലെന്നാണ് താന്‍ മനസിലാക്കിയിരിക്കുന്നത്. ഇത്തരമൊരു ആക്ഷേപം തനിക്കും കുടുംബത്തിനും അവമതിപ്പുണ്ടാക്കി. നിയമപ്രകാരമുള്ള ജോലിയാണ് ചെയ്യുന്നത്. ഏരിയ സെക്രട്ടറിക്കെതിരേ അസീസ് നിയമനടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്.
തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന നിലപാടിലാണ് പ്രതി യദുകൃഷ്ണന്‍. എന്നാല്‍, സ്വന്തം പാര്‍ട്ടി ഭരിക്കുന്ന വകുപ്പ് തന്നെ കള്ളക്കേസ് എടുത്തുവെന്ന സി.പി.എമ്മിന്റെ വിശദീകരണം പെട്ടുപോയവരുടെ ദയനീയ മുഖമാണ് വെളിച്ചത്തു കൊണ്ടു വരുന്നത്. ആദ്യം ശരണ്‍ ചന്ദ്രന്‍ കാപ്പ കേസ് പ്രതിയല്ലെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറിയുടെ ന്യായീകരണം അമ്പേ പാളിയിരുന്നു. അതു കൊണ്ടാണ് ഇക്കുറി പ്രതികരിക്കാന്‍ ഏരിയ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ന്യായീകരിക്കാനുള്ള ഒന്നും തന്നെ ഇല്ലാത്തതിനാല്‍ പാര്‍ട്ടിയും ഏരിയ സെക്രട്ടറിയും കുഴപ്പത്തില്‍ ചാടുകയും ചെയ്തു.