കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ നാലു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബോധം കെട്ട് വീണ സംഭവത്തിന് പിന്നില്‍ ഹിപ്‌നോട്ടിസമെല്ലെന്ന് കണ്ടെത്തി. കുട്ടികള്‍ അപകട നിലയിലെത്തിയതിന് പിന്നില്‍ അപകടകരമായ 'ചോക്കിങ് ഗെയിം' എന്നു സൂചന. യൂട്യൂബില്‍ കാഴ്ചക്കാര്‍ ഏറെയുള്ള ഈ ഗെയിം മനുഷ്യരുടെ ജീവന് തന്നെ ആപത്താണ്. ഹിപ്‌നോട്ടിസം എന്ന പേരിലാണ് യൂട്യൂബിലൂടെ ഈ ഗെയിം പ്രചരിക്കപ്പെടുന്നത്. കഴുത്തിന്റെ പിന്‍ഭാഗത്തോ തൊണ്ടയിലൊ ഞരമ്പില്‍ സമ്മര്‍ദം ചെലുത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം തടയുന്ന രീതിയാണിത്.

ഞൊടിയിടയില്‍ ആളുകള്‍ ബോധരഹിതരാകാന്‍ ഇതിടയാക്കും. യൂട്യൂബിലൂടെ ഹിപ്‌നോട്ടിസം എന്ന പേരില്‍ പലരും പ്രചരിപ്പിക്കുന്ന ഈ പ്രവൃത്തിക്കു സ്‌പേസ് മങ്കി ഗെയിം, പാസ്ഔട്ട് ഗെയിം തുടങ്ങിയ പേരുകളുമുണ്ട്. ഏറെ അപകടകരമായ ഈ വിനോദത്തിനു ഹിപ്‌നോട്ടിസവുമായി ബന്ധമില്ലെന്നു കുട്ടികള്‍ അറിയുന്നുമില്ല. കൊടുങ്ങല്ലൂരിലെ ഒരു സ്‌കൂളിലെ നാലു കുട്ടികളാണ് ഈ ഗെയിം കളിച്ച് ബോധരഹിതരായത്. ഉച്ച സമയത്ത് ഇന്റര്‍വെല്ലിനായിരുന്നു കുട്ടികള്‍ ഗെയിം കളിച്ച് ബോധരഹിതരായത്. ഒരു ആണ്‍കുട്ടിയും മൂന്നു പെണ്‍കുട്ടികളുമാണു കഴിഞ്ഞ ദിവസം അബോധാവസ്ഥയിലായത്.

കഴുത്തിനു പിറകിലെ ഞരമ്പില്‍ അമര്‍ത്തിപ്പിടിച്ചപ്പോള്‍ കുട്ടികള്‍ ബോധരഹിതരായെന്നാണു സൂചന. ചോക്കിങ് ഗെയിം എന്ന വിനോദം പലപ്പോഴും മരണത്തിനു വരെ കാരണമാകാമെന്നു വിദഗ്ധര്‍ പറയുന്നു. ബോധക്ഷയം, മസ്തിഷ്‌ക ക്ഷതം എന്നിങ്ങനെ ആരോഗ്യ പ്രശ്‌നങ്ങള്‍ പലതും സംഭവിക്കാം. പല രാജ്യങ്ങളിലും ചോക്കിങ് ഗെയിം സംബന്ധിച്ച വിഡിയോകള്‍ക്കു കര്‍ശന വിലക്കുണ്ട്. ബോധരഹിതരായ വിദ്യാര്‍ഥികള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ച വിഡിയോ കണ്ടാണു ചോക്കിങ് ഗെയിം പരീക്ഷിച്ചത്.

ചോക്കിം ഗെയിമിന് കാഴ്ചക്കാരേറെ
മിനിറ്റുകള്‍ക്കുള്ളില്‍ ഹിപ്‌നോട്ടിസം ചെയ്യാമെന്ന മട്ടില്‍ യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതു നൂറുകണക്കിനു വിഡിയോകളാണ്. കഴുത്തിനു പിന്നില്‍ തട്ടിയും തൊണ്ടയില്‍ ഞെക്കിയുമൊക്കെ ആളുകളെ ബോധംകെടുത്തുന്ന വിഡിയോകള്‍ക്കു കാഴ്ചക്കാരേറെ. എന്നാല്‍, പ്രഫഷനല്‍ ആയ ഹിപ്‌നോതെറപ്പിസ്റ്റുകള്‍ ശരീരത്തില്‍ അമര്‍ത്തിയോ ഞരമ്പില്‍ പിടിച്ചോ അല്ല ഹിപ്‌നോട്ടിസം ചെയ്യുന്നതെന്നു പ്രശസ്ത ഹിപ്‌നോതെറപ്പിസ്റ്റ് ഡോ. പി. ഉമാദേവി പറയുന്നു.

സംസാരത്തിലൂടെയാണു ഹിപ്‌നോട്ടൈസ് ചെയ്യുക. വിധേയരാകുന്നവരുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരു പെന്‍ഡുലം ചിലപ്പോള്‍ ഉപയോഗിച്ചേക്കാം. ഏറിപ്പോയാല്‍ നെറ്റിയില്‍ ഒന്നു തൊടാം. ഇതിനപ്പുറം ശരീരം കൊണ്ടുള്ള ഒരു വിദ്യയും ഹിപ്‌നോ തെറപ്പിയിലില്ല. യൂട്യൂബ് വിഡിയോകള്‍ അനുകരിക്കാന്‍ ശ്രമിച്ചാല്‍ ഞരമ്പുകള്‍ക്കു ക്ഷതം ഏല്‍ക്കുന്നതടക്കം പല ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും നേരിടാനിടയുണ്ട്.

ഇംഗ്ലണ്ട് പോലെ പല രാജ്യങ്ങളിലും 18 വയസ്സിനു താഴെയുള്ളവര്‍ ഹിപ്‌നോട്ടിസം പരീക്ഷിക്കുന്നതു നിയമപരമായി വിലക്കിയിട്ടുണ്ട്. പ്രഫഷനല്‍ യോഗ്യതയുള്ളവര്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായാണു ഹിപ്‌നോട്ടിസം ഉപയോഗിക്കുകയെന്നും ഡോ. ഉമാദേവി പറഞ്ഞു. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ലഹരി ഉപയോഗം പോലെ ഇത്തരം വിനോദങ്ങള്‍ ഗുരുതരമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നു സൈക്കോളജിസ്റ്റ് ഷാലിമ ഹനീഫ് പറഞ്ഞു.