ലണ്ടന്‍: എട്ട് വര്‍ഷം മുന്‍പ് കേരളത്തില്‍ ബിനാലെയുമായി ബന്ധപ്പെട്ടു സന്ദര്‍ശനം നടത്തിയ ഓര്‍മ്മയില്‍ തിരികെ യുകെയില്‍ എത്തിയപ്പോള്‍ വിശദമായ ലേഖനം എഴുതി എന്തുകൊണ്ട് കേരളവും ഇന്ത്യയും ഇഷ്ടപ്പെടണം എന്ന് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ പച്ചപ്പ് കണ്ടു മയങ്ങിയ ഡേവിഡ് സാധ്യമായാല്‍ ഒരിക്കല്‍ കൂടി ഈ മനോഹര നാട് കാണാന്‍ മടങ്ങി വരണം എന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പുതിയ ബ്രിട്ടീഷ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഇന്ത്യയുമായി ഉള്ള ബന്ധം എങ്ങനെയാകും എന്ന ചോദ്യത്തില്‍ ഏവരും ഉറ്റുനോക്കിയത് ആരായിരിക്കും വിദേശകാര്യ സെക്രട്ടറി എന്ന കാര്യത്തിലാണ്.

ഷാഡോ സെക്രട്ടറി ആയിരുന്ന ഡേവിഡ് ലാമി തന്നെ മന്ത്രിയാകും എന്ന് ഉറപ്പായിരുന്നെങ്കിലും ഒന്നിലേറെ ലേബര്‍ നേതാക്കള്‍ ഈ പ്രസ്റ്റീജ് മന്ത്രിക്കസേരയ്ക്ക് വേണ്ടി ചരട് വലികള്‍ നടത്തിയിരുന്നു. എന്നാല്‍ ഒടുവില്‍ ഡേവിഡ് ലാമിക്ക് തന്നെ നറുക്ക് വീഴുമ്പോള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കറെ സുഹൃത്ത് എന്ന് മനസ് തുറന്നു വിശേഷിപ്പിക്കുന്ന ആളാണ് എന്നത് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സൗഹൃദപാലം കെട്ടാന്‍ വലിയ നിലയില്‍ സഹായകമാകും എന്ന് വിലയിരുത്തപ്പെടുകയാണ്. ജയശങ്കറെ മാത്രമല്ല പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേയും അടുത്ത് പരിചയമുള്ള ബ്രിട്ടീഷ് നേതാവാണ് ഡേവിഡ് ലാമി എന്നത് നയപരമായ വിഷയങ്ങളില്‍ പൊതു ധാരണ സൃഷ്ടിക്കാനുള്ള സാധ്യതയും തുറന്നിടുകയാണ്.

2016ലാണ് ഡേവിഡ് ലാമി കൊച്ചി ബിനാലെയില്‍ പങ്കെടുക്കുവാന്‍ കേരളത്തിലെത്തിയത്. അന്ന് നേതാവ് തനിച്ചായിരുന്നില്ല. സാന്‍ഡ് ആര്‍ട്ടിസ്റ്റായ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമായിരുന്നു സന്ദര്‍ശനം. ബിനാലെ സന്ദര്‍ശനത്തിനു പിന്നാലെ മാന്നാനത്തും എത്തിയ ഡേവിഡ് ലാമിയ്ക്കൊപ്പം ചെലവഴിച്ച മണിക്കൂറുകള്‍ ഇന്നലത്തേതു പോലെയാണ് മാന്നാനം കെഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജെയിംസ് മുല്ലശേരി സിഎംഐയുടെ മനസിലുള്ളത്. ഏറെ വിനയത്തോടെയുള്ള പെരുമാറ്റമാണ് ഫാ.ജയിംസ് മുല്ലശേരിയെ ഏറ്റവും അധികം ആകര്‍ഷിച്ചത്. അന്ന് ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ വിദ്യാഭ്യാസമന്ത്രിയായിരുന്നു ഡേവിഡ് ലാമി. അതുകൊണ്ടുതന്നെ മാന്നാനം സ്‌കൂളിലെ കുട്ടികളുമായി ബ്രിട്ടനിലെ വിദ്യാഭ്യാസ രീതി ഉള്‍പ്പെടെ ഏറെ നേരം സംവദിച്ചു.

രാവിലെ എത്തുമ്പോള്‍ സ്‌കൂളിന്റെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ നിലത്തിരിക്കുന്ന ഡേവിഡ് ലാമിയെയാണ് ഫാ.ജയിംസ് മുല്ലശേരി കണ്ടത്. തുടര്‍ന്ന് ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം കേരളീയ ഭക്ഷണം ഉള്‍പ്പെടെ ആസ്വദിച്ച ശേഷമായിരുന്നു മടക്കം. ചാവറയച്ചന്റെ കബറിടവും പള്ളിയും സന്ദര്‍ശിച്ചു. ഒരു ദിവസം മുഴുവന്‍ ചെലവിട്ട് ഏറെ സന്തോഷത്തോടെയാണ് അദ്ദേഹം മടങ്ങിയത്. തുടര്‍ന്ന് ഫാ.ജയിംസ് മുല്ലശേരി യുകെയില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ പാര്‍ലമെന്റിലേക്കു ക്ഷണിക്കുകയും പിന്നെ ഒന്നിച്ചു കാപ്പിയൊക്കെ കുടിച്ച ശേഷവുമാണ് പിരിഞ്ഞത്. വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ വിവരമറിഞ്ഞ് ആശംസകള്‍ അറിയിക്കുവാനും ഫാദര്‍ മറന്നില്ല. അന്ന് ബ്രിട്ടിഷ് സൗത്ത് ഇന്ത്യ കൗണ്‍സില്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പയസ് കുന്നശേരിയുടെ ക്ഷണപ്രകാരമാണ് ബിനാലെയ്ക്ക് ഡേവിഡ് ലാമി എത്തിയത്. യുകെ മലയാളിയായ ഷൈമോന്‍ തോട്ടുങ്കല്‍ വഴി ചാവറ അച്ചന്റെ സ്‌കൂളും മറ്റും സന്ദര്‍ശിക്കാനായി മാന്നാനത്തേക്കും വരികയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ബ്രിട്ടന്റെ പേരില്‍ തമ്മിലടി തുടങ്ങി

അതേസമയം ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ പേരില്‍ പതിവ് പോലെ കേരളത്തിലും വിദേശത്തുമുള്ള മലയാളികള്‍ തമ്മിലടി തുടങ്ങി. ഹിന്ദു വംശജനായ ഋഷി സുനക് പുറത്തായത് പരിവാര്‍ രാഷ്ട്രീയത്തിനും ക്ഷീണം ആണെന്നാണ് പലസ്തീന്‍ അനുകൂലികളുടെ വാദം. തന്റെ നാല് മിനിറ്റ് മാത്രം നീണ്ട തെറ്റുകളില്‍ ഖേദം പ്രകടിപ്പിപ്പിച്ച സ്ഥാനമൊഴിഞ്ഞ ഋഷി സുനക് ആദ്യ ഹൈന്ദവ ബ്രിട്ടീഷ് പ്രധാനമന്ത്രി ആകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്ന് പറഞ്ഞതും മലയാളികളായ പലസ്തീന്‍ അനുകൂലികളെ ചൊടിപ്പിച്ച കാര്യമാണ്. എന്നാല്‍ ഇതിനു ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെയും നിയുക്ത വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുടെയും വാക്കുകള്‍ കടം എടുത്താണ് പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ മറുപടി നല്‍കുന്നത്. ബ്രിട്ടന്‍ ഇന്നലെ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ ആയിരിക്കും നാളെയും എന്നാണ് ഈ വിഭാഗം പറഞ്ഞു വയ്ക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കീര്‍ സ്റ്റാര്‍മര്‍ ഹിന്ദു വിരുദ്ധ രാഷ്ട്രീയം അവതരിപ്പിക്കാന്‍ ബ്രിട്ടനില്‍ അവസരം നല്‍കില്ലെന്നും പറഞ്ഞതും അദ്ദേഹം ക്ഷേത്രത്തില്‍ പോയപ്പോള്‍ പുറത്തു വന്ന ഫോട്ടോയും ഒക്കെ വച്ചാണ് പരിവാര്‍ വിഭാഗം തിരിച്ചടിക്കുന്നത്. ഒപ്പം ഡേവിഡ് ലാമി ഇന്ത്യ എന്നും നല്ല സുഹൃത്താണ് എന്ന് പറഞ്ഞ വാക്കുകളും ഇവര്‍ കടമെടുക്കുന്നു. മറുപക്ഷമാകട്ടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഗണപതി വിഗ്രഹം ഉണ്ടാകില്ലെന്നും ദീപാവലിക്ക് നമ്പര്‍ പത്തില്‍ ചെരാത് വിളക്കുകള്‍ കത്തിലെന്നും ഉള്ള ആശ്വാസത്തിലാണ് എരിതീയില്‍ എണ്ണ ഒഴിക്കാനുള്ള ശ്രമം നടത്തുന്നത്. യുകെയില്‍ ജീവിക്കുന്നവരല്ല സോഷ്യല്‍ മീഡിയയില്‍ യുകെയുടെ രാഷ്ട്രീയം പറഞ്ഞു കൊമ്പു കോര്‍ക്കുന്നതു എന്നതാണ് മറ്റൊരു വസ്തുത.