- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
147 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; ഒത്തു തീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടത് അഞ്ചുലക്ഷം രൂപ: മുംബൈ പോലീസിന്റെ പേരില്‍ വ്യാജ ഫോണ്‍സന്ദേശം
കോട്ടയം: മുംബൈ പോലിസിന്റെ പേരില്‍ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് കോട്ടയം സ്വദേശിക്ക് വ്യാജ സന്ദേശം. 147 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയെന്നും അത് ഒത്തു തീര്‍പ്പാക്കാന്‍ അഞ്ചുലക്ഷം രൂപ അക്കൗണ്ടിലേക്ക് കൈമാറണമെന്നുമാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്. പണം നല്കാന് കഴിയില്ലെന്നും കോട്ടയം എസ്.പി.യുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ നടപടിയെടുത്തോളാന്‍ പറഞ്ഞതോടെ തട്ടിപ്പുകാര്‍ കോള്‍ കട്ട് ചെയ്യുകയും മെസേജുകള്‍ എല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ലയണ്‍സ് ക്ലബ്ബ് കോട്ടയം ജില്ലാ പി.ആര്.ഒ.യും റാഫിള്‍ ചെയര്‍മാനുമായ എം.പി.രമേഷ് കുമാറിനാണ് ബുധനാഴ്ച ഉച്ചയ്ക്ക് വ്യാജ ഫോണ്‍ സന്ദേശം വന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ തുടര്‍ച്ചയായാണ് വിളിച്ചത്. സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ഇ.ഡി. ചോദ്യംചെയ്ത ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ 247 അക്കൗണ്ടുകളില്‍ ഒന്ന് രമേഷ് കുമാറിന്റെ പേരിലാണെന്നാണ് മുംബൈ അന്ധേരി പോലീസ് എസ്.ഐ. വിനായക് ബാബര്‍ എന്ന് പരിചയപ്പെടുത്തിയയാള്‍ പറഞ്ഞത്. രമേഷ് കുമാറിന്റെ പേരില്‍ 147 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയെന്നും പറഞ്ഞു.
തുടര്‍ന്ന് വിശ്വസിപ്പിക്കാനായി വിനായക് ബാബര്‍ എന്ന പേരുള്ള പോലീസിന്റെ ഐ.ഡി. കാര്‍ഡ് വാട്സാപ്പില്‍ അയച്ചുകൊടുത്തു. തുടര്‍ന്ന് സീനിയര്‍ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് മൂന്നുപേര്‍ വീഡിയോ കോളില്‍ സംസാരിച്ചു. രമേഷ് കുമാറിന്റെ പേരില്‍ കേസ് എടുത്തതിന്റെ വ്യാജ എഫ്. ഐ.ആറിന്റെ കോപ്പിയും കാനറാ ബാങ്കില്‍ രമേഷിന്റെ പേരിലുള്ള വ്യാജ എ.ടി.എം. കാര്‍ഡും പണമിടപാട് വിവരങ്ങളും അയച്ചുകൊടുത്തു. കാനറാ ബാങ്കില്‍ രമേഷിന് അക്കൗണ്ട് ഇല്ല. പണമിടപാട് വിവരങ്ങള്‍ വ്യാജമായിരുന്നു. ഓപ്പണിങ് ബാലന്‍സ് രണ്ടരക്കോടിയും ക്ലോസിങ് ബാലന്‍സ് 20 കോടിയുമാണ് കാണിച്ചിരുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ അഞ്ചുലക്ഷം രൂപ അക്കൗണ്ടില്‍ ഇട്ടു കൊടുക്കണമെന്നുമായിരുന്നു ആവശ്യം.
എന്നാല്‍ പണം നല്കാന് തയ്യാറല്ലെന്ന് രമേഷ് ഉറപ്പിച്ചു പറഞ്ഞു. ഇത്തരം കാര്യങ്ങളുമായി ഒരു ബന്ധവുമില്ലെന്നും പണം തരാന്‍ കഴിയില്ലെന്നും രമേഷ് കുമാര്‍ അറിയിച്ചു. കോട്ടയം എസ്.പി.യുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ നടപടിയെടുത്തോളാന്‍ പറഞ്ഞതോടെ വിളിച്ചയാള്‍ ഫോണ്‍ കട്ട് ചെയ്തു. അയച്ചുകൊടുത്ത രേഖകള്‍ ഡിലീറ്റ് ചെയ്തു. രണ്ടരമണിക്കൂര്‍ സംസാരത്തിനിടെ വാട്സാപ്പില്‍ കിട്ടിയ വ്യാജരേഖകള്‍ മറ്റൊരു ഫോണിലേക്ക് മാറ്റി സൂക്ഷിച്ചിരുന്നു. ഈ രേഖകള്‍ വെച്ച് കോട്ടയം ജില്ലാ സൂപ്രണ്ടിന് രമേഷ് കുമാര്‍ പരാതി നല്കി. റാഫിളിന്റെ(റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഇന്‍ ലയണ്‍സ്) ചെയര്‍മാനെന്ന നിലയ്ക്ക് തട്ടിപ്പുകള്‍ നേരിടേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്‍ കരുതലിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ക്ലാസെടുക്കുന്നയാളാണ് രമേഷ് കുമാര്‍.