പത്തനംതിട്ട : പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. അടൂര്‍ ഏഴംകുളം നെടുമണ്‍ പത്മ വിലാസം വീട്ടില്‍ അനന്തകൃഷ്ണനെ (26)യാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനും ബാലനീതി നിയമ പ്രകാരവും പോലീസ് കേസെടുത്തു.

ബുധനാഴ്ച രാത്രി ഏട്ടിന് അനന്തകൃഷ്ണന്റെ ഭാര്യ ശില്പ താമസിക്കുന്ന പറക്കോട് ബ്ലോക്ക് പടിയിലുള്ള വാടക വീട്ടില്‍ വച്ചാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാള്‍, ഭാര്യയുടേയും ഭാര്യാമാതാവിന്റേയും മുന്‍പില്‍ വച്ച്, കട്ടിലില്‍ കിടന്ന 29 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കാലുകളില്‍ പിടിച്ചുയര്‍ത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കി. നിലവിളിച്ചുകൊണ്ട് ശില്പ കുഞ്ഞിനെ ബലമായി അനന്തകൃഷ്ണന്റെ കൈയ്യില്‍ നിന്നും പിടിച്ചു വാങ്ങി. തുടര്‍ന്ന് വീട്ടുകാര്‍ അടൂര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി അനന്തകൃഷ്ണനെ പിടികൂടി.

ഇയാള്‍ പോലീസിനെ അസഭ്യം വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി ജീപ്പില്‍ കയറ്റുകയായിരുന്നു. സ്റ്റേഷനിലേക്ക് വരും വഴി യുവാവ് ജീപ്പിന്റെ പിറകിലെ ചില്ല് തല വച്ചും കൈ വച്ചും ഇടിച്ച് പൊട്ടിച്ചു. ജീപ്പിന്റെ ചില്ല് പൊട്ടിച്ചതിനും, ജോലി തടസപ്പെടുത്തിയതിനും, പോലീസിനെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസുകള്‍ എടുത്തിട്ടുണ്ട്. അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാംമുരളി,എസ് ഐ ബാലസുബ്രഹ്‌മണ്യന്‍, എസ് സി പി ഒ ബി മുജീബ്, സി പി ഓ ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.