- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ചരക്കു കപ്പല്‍ ഇന്ന് തീരംതൊടും; വിഴിഞ്ഞത്തിന്റെ സ്വപ്നങ്ങള്‍ പേറി എത്തിയ സാന്‍ ഫെര്‍ണാണ്ടോ ഏതാനും സമയത്തിനകം തുറമുഖത്ത് നങ്കൂരമിടും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നു. ശ്രീലങ്കയില്‍ നിന്നും യാത്ര തിരിച്ച ആദ്യ ചരക്ക് കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ ഇന്ന് രാവിലെ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടും. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്കിന്റെ സാന്‍ ഫെര്‍ണാണ്‍ഡോയെന്ന കപ്പലാണ് വിഴിഞ്ഞത്തേക്ക് കണ്ടെയ്നറുകളുമായെത്തുന്നത്. ദീര്‍ഘനാളുകളായുള്ള കേരളത്തിന്റെ സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നത്.
കപ്പലിനെ സ്വീകരിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ശ്രീലങ്കന്‍ തീരം വിട്ട കപ്പല്‍ രാത്രി വൈകി വിഴിഞ്ഞം പുറം കടലില്‍ നങ്കൂരമിടും. കപ്പല്‍ ഇന്നു രാവിലെ ഏഴേമുക്കാലോടെ തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയില്‍ എത്തും. തുറമുഖ പൈലറ്റ് കപ്പലില്‍ എത്തി തുറമുഖത്തേക്ക് കപ്പലിനെ കൊണ്ടുവരും. 9.15ന് കപ്പല്‍ ബെര്‍ത്ത് ചെയ്യും. വാട്ടര്‍ സല്യൂട്ട് നല്‍കിയാവും സാന്‍ ഫെര്‍ണാണ്ടോയെ സ്വീകരിക്കുക. തുറമുഖമന്ത്രി വി.എന്‍.വാസവന് വിഴിഞ്ഞത്തെത്തി അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.
വെള്ളിയാഴ്ച രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നല്‍കും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുക്കും. 12ലെ സ്വീകരണ ചടങ്ങിനു പിന്നാലെ സാന്‍ ഫെര്‍ണാഡോ കൊളംബോക്കു പുറപ്പെടുമെന്നാണ് വിവരം. പുറം കടലില്‍ നിന്നു ആദ്യ ചരക്കു കപ്പലിനെ ബെര്‍ത്തിലേക്ക് വാട്ടര്‍ സല്യൂട്ടോടെ വരവേല്‍ക്കും. വലിയ ടഗായ ഓഷ്യന്‍ പ്രസ്റ്റീജ് നേതൃത്വത്തില്‍ ഡോള്‍ഫിന്‍ സീരിസിലെ 27,28,35 എന്നീ ചെറു ടഗുകളാണ് വാട്ടര്‍ സല്യൂട്ട് നല്‍കിയുള്ള സ്വീകരണമൊരുക്കുക.
പൂര്‍ണതോതില്‍ ചരക്കുനീക്കം നടക്കുന്നതരത്തിലുള്ള ട്രയല്‍റണ്ണാണ് വ്യാഴാഴ്ച തുടങ്ങുന്നത്. ചൈനയില്‍ നിന്നെത്തിക്കുന്ന കണ്ടെയ്നറുകള്‍ അടുത്ത ദിവസങ്ങളില്‍ തുറമുഖത്തെത്തുന്ന കപ്പലുകളില്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. ട്രയല്‍ റണ്ണിന്റെ ഭാഗമായി സെപ്റ്റംബര്‍വരെ തുടര്‍ച്ചയായി ചരക്കുകപ്പലുകള്‍ എത്തും. മൂന്നുമാസത്തിനുള്ളില്‍ തുറമുഖത്തിന്റെ വാണിജ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും.
12ന് മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിമാരും ചേര്‍ന്നുള്ള സ്വീകരണ ചടങ്ങ് നടത്തും. ബെര്‍ത്തിങ് നടത്തുന്നതിനു പിന്നാലെ ചരക്കിറക്കല്‍ ജോലി തുടങ്ങും. 1500 മുതല്‍ 2000 വരെ കണ്ടെയ്നറുകള്‍ ആവും കപ്പലില്‍ ഉണ്ടാവുക എന്നാണ് പ്രാഥമിക വിവരം. ഇവ ഇറക്കുന്നതിനു ഒരു ദിവസം മതിയാകും എന്നു ബന്ധപ്പെട്ടവര്‍ പറയുന്നു. ഓട്ടമേറ്റഡ് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന എസ്ടിഎസ്, യാര്‍ഡ് ക്രെയിനുകളാണ് ചരക്കിറക്കല്‍ ദൗത്യം നടത്തുന്നത്. വലിയ കപ്പലില്‍ നിന്നു ചെറു കപ്പലിലേക്കുള്ള ചരക്കു കയറ്റല്‍(ട്രാന്‍ഷിപ്മെന്റ്) നടത്തുന്നതിനായി മാറിന് അജൂര്, സീസ്പാന്‍ സാന്റോസ് എന്നീ രണ്ട് ചെറു കപ്പലുകള്‍ എത്തുമെന്നാണ് സൂചന.
ട്രയല്‍ റണ്ണിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും മുന്‍ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിനെയും ക്ഷണിക്കാത്തത് വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് ട്രയല്‍ റണ്‍ ആണ്. അതു വിജയിക്കുമ്പോഴാണ് കമ്മിഷനിങ് വരുന്നത്. ആ ഘട്ടത്തില്‍ എല്ലാവരെയും ക്ഷണിച്ചായിരിക്കും പരിപാടിയെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാര്‍ഥ്യമാകുന്നത്. പി.പി.പി. മാതൃകയില്‍ 7700 കോടിയുടെ പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയാണിത്.