കട്ടപ്പന (ഇടുക്കി): കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് സുഹൃത്തായ യുവാവിനെ മര്‍ദിച്ച് സ്‌കൂട്ടര്‍ തട്ടിയെടുത്ത് കടന്ന മൂന്നുപേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. മുളകരമേട് ആലപ്പുരക്കല്‍ ശരത് രാജീവിനാണ് മര്‍ദനമേറ്റത്.

ശരത്തിന്റെ കൈയില്‍നിന്ന് പ്രതികള്‍ കടം വാങ്ങിയ 200 രൂപ തിരികെ ചോദിച്ചതിനാണ് മര്‍ദനം. തുടര്‍ന്ന് ശരത്തിന്റെ സ്‌കൂട്ടര്‍ തട്ടിയെടുത്ത് പ്രതികള്‍ കടന്നു. സംഭവത്തില്‍ നത്തുകല്ല് തെങ്ങും മൂട്ടില്‍ നിബിന്‍ സുബീഷ് (19) വലിയപാറ മുത്തനാട്ട് തറയില്‍ ഗോകുല്‍ രഘു(21) എഴുകുംവയല്‍ കിഴക്കേ ചെരുവില്‍ അക്ഷയ് സനീഷ് (22) എന്നിവരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.

തിരച്ചിലില്‍ ഇരട്ടയാര്‍ അയ്യമലക്കടയ്ക്ക് സമീപം കല്ല് കൂട്ടത്തിനിടയില്‍ സ്‌കൂട്ടര്‍ കണ്ടെത്തി. റിമാന്‍ഡ് ചെയ്തു. കട്ടപ്പന സി.ഐ. ടി.സി. മുരുകന്‍, എസ്.ഐ. എബി ജോര്‍ജ്, മധു, എസ്.സി.പി.ഒ. കെ.എം. ബിജു, ഷിബു, സുമേഷ്, സനീഷ്, ബിബിന്‍, അബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.