അടൂര്‍: കാടു പിടിച്ചു കിടക്കുന്ന സ്ഥലം കഞ്ചാവ് വില്‍പ്പനക്കാരുടെ സുരക്ഷിത താവളം. സ്റ്റഫ് സേഫായി സൂക്ഷിച്ചത് നഗരമധ്യത്തിലെ കാട്ടില്‍. വൃത്തിയാക്കിയപ്പോള്‍ കിട്ടിയത് 450 ഗ്രാം. സെന്‍ട്രല്‍ ടോളിനു സമീപം കെ.പി.റോഡരികില്‍ വര്‍ഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന കെന്‍കോസിന്റെ സ്ഥലം വൃത്തിയാക്കുന്നതിനിടെയാണ് ടിന്നിലച്ച് സൂക്ഷിച്ചിരുന്ന 450 ഗ്രാം കഞ്ചാവും ഇത് പൊതികളാക്കി വിതരണം ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയത്.

സംഭവമറിഞ്ഞ് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘം ഇതേ സ്ഥലത്ത് നിന്ന് 10 ഗ്രാം കഞ്ചാവുമായി ഒരു ഇതര സംസ്ഥാന തൊഴിലാളിയെ പൊക്കി. കാടുപിടിച്ചു കിടന്ന കെന്‍ കോസിന്റെ സ്ഥലം പാമ്പുകളുടെ ശല്യത്തെ തുടര്‍ന്ന് രാവിലെ സമീപത്തെ വീട്ടുകാരുടെ നേതൃത്വത്തില്‍ വൃത്തിയാക്കുമ്പോഴാണ് കഞ്ചാവ് നിറച്ച പ്ലാസ്റ്റിക് പാത്രവും കവറുകളും കണ്ടത്. കാട് നീക്കുന്ന ജോലിക്കാരനാണ് കഞ്ചാവ് ആദ്യം കാണുന്നത്.

കാട് നീക്കുന്ന മെഷിന്‍ പ്ലാസ്റ്റിക് പാത്രത്തില്‍ തട്ടിയിരുന്നു. പാത്രം ദൂരേക്ക് തെറിച്ചു. പാത്രത്തിന്റെ അടപ്പ് തുറന്നപ്പോഴാണ് പേപ്പറില്‍ പൊതിഞ്ഞ ഒരു പൊതി കണ്ടത്. വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് എന്ന് തോന്നിക്കുന്ന സാധനം ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ നഗരസഭ കൗണ്‍സിലര്‍ അഡ്വ.ഷാജഹാനെ വിവരം അറിയിച്ചു. ഷാജഹാനാണ് എക്സൈസിനോട് നാട്ടുകാര്‍ കഞ്ചാവ് കണ്ടെത്തിയ വിവരം ധരിപ്പിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ എക്സൈസ് സി.ഐ ബി.അന്‍ഷാദിന്റെ നേതൃത്വത്തിലെത്തിയ എക്സൈസ് സംഘം നാട്ടുകാര്‍ കണ്ടെത്തിയത് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.

തുടര്‍ന്ന് സമീപത്തെ അഥിതി തൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ 10 ഗ്രാം കഞ്ചാവ് കണ്ടെത്തി. സംഭവത്തില്‍ അസം സ്വദേശി ഇസ്മാഹില്‍ അലി എന്നയാള്‍ക്കെതിരെ കേസ് എടുത്തതായി സി.ഐ ബി.അന്‍ഷാദ് പറഞ്ഞു. കെന്‍കോസിനു സമീപം ഒട്ടേറെ അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. സന്ധ്യ കഴിഞ്ഞാല്‍ കഞ്ചാവ് കണ്ടെത്തിയ പ്രദേശം മുഴവന്‍ ഇവരുടെ താവളമാണെന്നും നാട്ടുകാര്‍ എക്സൈസ് അധികൃതരോട് പറഞ്ഞു. കഞ്ചാവ് കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ച് തുടര്‍ ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.