തിരുവനന്തപുരം: വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ചു ദിവസത്തെ ശമ്പളം നല്‍കാമെന്നു സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തവണകളായി നല്‍കാനുള്ള സൗകര്യം വേണമെന്നും നിര്‍ബന്ധിതമാക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സര്‍ക്കാരിന്റെ പരിശോധനയിലാണ്.

സംഘടനാനേതാക്കളെ ക്ഷണിച്ചുവരുത്തിയാണു മുഖ്യമന്ത്രി അഭ്യര്‍ഥന വച്ചത്. 'സാലറി ചാലഞ്ച്' എന്ന പ്രയോഗമുണ്ടായില്ല. മാസം ഒരു ദിവസത്തെ ശമ്പളമെന്ന നിലയ്ക്ക് 5 തവണകളായി നല്‍കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഒറ്റത്തവണയായി നല്‍കാനോ അഞ്ചിലേറെ ദിവസത്തെ ശമ്പളം നല്‍കാനോ ആഗ്രഹിക്കുന്നവര്‍ക്ക് അതുമാകാമെന്നും പറഞ്ഞു.